പാലാരിവട്ടം പാലം: പ്രതികളുടെ ജാമ്യാപേക്ഷകള്‍ വിധി പറയാന്‍ മാറ്റി
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതികള്‍ രണ്ടാമതും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ വിധി പറയാന്‍ ഹൈക്കോടതി മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായി. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സുരജ്, കരാര്‍ കമ്പനി എം.ഡി സുമിത് ഗോയല്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ എം.ടി തങ്കച്ചന്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകളാണ് കോടതി വിധി പറയാന്‍ മാറ്റിയത്. പാലം അഴിമതിയില്‍ ഗുഢാലോചന നടന്നിട്ടുണ്ടന്ന് വിജിലന്‍സ് ആവര്‍ത്തിച്ചു.
ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ കരാര്‍ കമ്പനി എം.ഡി സുമിത് ഗോയലാണ്. പിടിച്ചെടുത്ത സുമിത് ഗോയലിന്റെ ലാപ് ടോപ് സിഡാക്കില്‍ പരിശോധനക്ക് നല്‍കിയിരിക്കുകയാണ്. ലാപ് ടോപ്പ് തുറക്കാന്‍ കഴിയുന്നില്ലെന്നും തുറന്നാല്‍ ഡാറ്റ നഷ്ടപ്പെടുമെന്നും വിജിലന്‍സ് അറിയിച്ചു. പാസ് വേഡ് ജീവനക്കാര്‍ നല്‍കുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
പാലം കരാറില്‍ ചുരുക്കപ്പട്ടികയില്‍ എത്തിയത് ആര്‍.ഡി.എസ്, ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് എന്നിവരെ കൂടാതെ കൊല്‍ക്കത്തയില്‍ നിന്നുള്ള കമ്പനിയുമാണ്. ഇവരില്‍ ബിഡ്ഡിന് ബാങ്ക് ഗാരന്റിയായി കെട്ടിവെച്ച പണം ആര്‍.ഡി.എസിനും കൊല്‍ക്കത്ത കമ്പനിക്കും വേണ്ടി തിരികെ വാങ്ങിയത് ഒരാള്‍ തന്നെയാണെന്ന് കണ്ടെത്തിയെന്നും ഗൂഢാലോചനയുടെ പ്രധാന തെളിവാണിതെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി. കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുണ്ടെന്നു വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു. കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയാകുമെന്നും തെളിവു നശിപ്പിക്കാനിടയാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."