'ഞാന്‍ മേനോനല്ല, മനുഷ്യനാണ്, എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയിട്ടില്ല'- സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ അധിക്ഷേപത്തിന് ബിനീഷ് ബാസ്റ്റിന്റെ മറുപടി
പാലക്കാട്: മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്നു പറഞ്ഞ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന് ശക്തമായ മറുപടി നല്‍കി നടന്‍ ബിനീഷ് ബാസ്റ്റിന്‍. അതേ വേദിയില്‍ തന്നെ ആശംസകള്‍ അറിയിക്കുന്നതിനിടെയാണ് തനിക്ക് നേരിട്ട അപമാനത്തിന് ബിനീഷ് മറുപടി നല്‍കിയത്. ബിനീഷിന്റെ പ്രസംഗം നിറഞ്ഞ കയ്യടിയോടെയാണ് സദസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഏറ്റെടുത്തത്. ബിനീഷിന്റെ വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് ബിനീഷ് ബാസ്റ്റിനെ ചീഫ് ഗസ്റ്റായി വിളിച്ചിരുന്നു.എന്നാല്‍ പരിപാടി തുടങ്ങുന്നതിന് 1 മണിക്കൂര്‍ മുന്‍പ് കോളേജിലെ പ്രിന്‍സിപ്പാളും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തി പരിപാടിക്ക് ഒരുമണിക്കൂര്‍ കഴിഞ്ഞ് എത്തിയാല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു.
മാഗസിന്‍ റിലീസിങ്ങിന് വരാമെന്ന് എറ്റ അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്നും ഒരു മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാന്‍ എനിക്ക് കഴിയില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതായും ബിനീഷിനോട് സംഘാടകര്‍ അറിയിച്ചു.
തുടര്‍ന്ന് അനിലിന്റെ പ്രസംഗം നടക്കുന്നതിനിടെ ബിനീഷ് ബാസ്റ്റിന്‍ വേദിയില്‍ എത്തുകയും സ്റ്റേജില്‍ കുത്തിയിരുന്ന പ്രതിഷേധിക്കുകയുമായിരുന്നു.
ബിനീഷ് ബാസ്റ്റിന്റെ പ്രസംഗം
'എന്നെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളാണ് ഇവിടെയുള്ളതെന്ന് എനിക്കറിയാം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഇന്‍സള്‍ട്ട് നടന്നൊരു ദിവസമാണിത്. ഗസ്റ്റായിട്ട് വിളിച്ചിട്ട് ഞാന്‍ എന്റെ സ്വന്തം കാശുകൊണ്ടു വന്നതാ.
ഒരുമണിക്കൂര്‍ മുന്‍പ് നിങ്ങളുടെ ചെയര്‍മാന്‍ എന്റെ റൂമില്‍ വന്നിട്ടുപറഞ്ഞു, അനിലേട്ടനാണ് ഗസ്റ്റായിട്ടുള്ളതെന്ന്. അനിലേട്ടന് ഈ സാധാരണക്കാരനായിട്ടുള്ള എന്നെ ഗസ്റ്റായിട്ട് വിളിച്ചതുകൊണ്ട് ഈ സ്റ്റേജിലോട്ട് കയറില്ല. അവനോട് ഇവിടെ വരരുത്, അവനെന്റെ പടത്തില്‍ ചാന്‍സ് ചോദിച്ചയാളാണെന്ന്.
ഞാന്‍ മേനോനല്ല. ഞാന്‍ നാഷണല്‍ അവാര്‍ഡ് മേടിക്കാത്ത ഒരാളാണ്. ശരിക്കും എനിക്കു ഭയങ്കര സങ്കടമുണ്ട്. എന്റെ ലൈഫില്‍ത്തന്നെ ഏറ്റവും സങ്കടമുള്ള ദിവസമാണിത്. ഇങ്ങനെയൊക്കെ ഒരു വ്യക്തിയോടും കാണിക്കാന്‍ പാടില്ല.
ശരിക്കും ഞാന്‍ ടൈല്‍സിന്റെ പണിയെടുത്തു ജീവിച്ച് 10-12 വര്‍ഷക്കാലം എല്ലാ നടന്മാരുടെയും ഇടിയും കൊണ്ട് എണ്‍പതോളം പടങ്ങള്‍ ചെയ്ത് വിജയ് സാറിന്റെ തെരി എന്ന സിനിമയിലൂടെ ചെറിയൊരു സ്ഥാനക്കയറ്റം കിട്ടിയ ആളാണ്.
ഞാന്‍ ആദ്യമായിട്ടല്ല കോളേജില്‍ പോകുന്നത്. 120ഓളം കോളേജുകളില്‍ ഗസ്റ്റായിട്ടു പോയിട്ടുണ്ട്. എന്റെ ലൈഫില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഇന്‍സിഡെന്റ് ഞാന്‍ കാണുന്നത്. എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്തൊരു ഇന്‍സള്‍ട്ടിങ്ങാണ്.
ഞാനൊരു കാര്യം എഴുതിക്കൊണ്ടു വന്നിട്ടുണ്ട്. എനിക്കു വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ് എഴുതിക്കൊണ്ടുവന്നിരിക്കുന്നത്. മതമല്ല, മതമല്ല പ്രശ്‌നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏത് മതക്കാരനെന്നല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണു പ്രശ്‌നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്. ഞാനും ഒരു മനുഷ്യനാണ്.'
ഞാന്‍ പോകുകയാണ് കേട്ടോ. ക്ഷമിക്കണം നിങ്ങള്‍. ഞാന്‍ വിദ്യാഭ്യാസം ഇല്ലാത്തയാളാണ്. എന്റെ ലൈഫില്‍ ഏറ്റവും ഇന്‍സള്‍ട്ട് നടന്ന ദിവസമാണിന്ന്. എന്താ പറയേണ്ടത് എന്നെനിക്കറിയില്ല. താങ്ക്യൂ. നന്നായിട്ടു വരട്ടെ. നിങ്ങളുടെ പരിപാടി അടിപൊളിയായിട്ടു വരട്ടെ. എല്ലാവിധ ആശംസകളും ഞാന്‍ നേരുന്നു. താങ്ക്യൂ.'. വിതുമ്പിക്കൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകള്‍ മുഴുമിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."