ഷാനവാസിന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹം
കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഏറ്റവും ഊര്‍ജസ്വലനായ സംഘാടകനെയും സഹപ്രവര്‍ത്തകനെയുമാണ് എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് എം.കെ രാഘവന്‍ എം.പി. പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും കെ.പി.സി.സി ഭാരവാഹി എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ ഏതു പ്രതിസന്ധിയെയും അതീജിവിച്ച ഷാനവാസ് തന്റെ രോഗത്തെ മനക്കരുത്തുകൊണ്ട് എതിരിട്ട് വിസ്മയം തീര്‍ത്തിരുന്നു. രാഷ്ട്രീയ ജീവിതത്തിലുടനീളം അദ്ദേഹം പ്രകടിപ്പിച്ച ഈ നിശ്ചയദാര്‍ഢ്യമാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നതെന്ന് എം.കെ രാഘവന്‍ അനുശോചനക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. വയനാടിന്റെ വികസനത്തിനുവേണ്ടിയും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാമൂഹ്യ ഉന്നമനത്തിനു വേണ്ടിയും മതേതര മൂല്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയും പോരാടിയ നേതാവായിരുന്നു എം.ഐ ഷാനവാസ്. എല്ലാ വിഭാഗങ്ങളുമായും ആത്മബന്ധം കാത്തുസൂക്ഷിക്കാന്‍ സാധിച്ച അദ്ദേഹത്തിന്റെ വിയോഗം ജനാധിപത്യചേരിക്ക് തീരാ നഷ്ടമാണെന്നും എം.കെ രാഘവന്‍ പറഞ്ഞു.
വയനാട് എം.പിയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായ എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, സെക്രട്ടറി രാജേഷ് കുഞ്ഞപ്പന്‍, ടി.പി അഹമ്മദ് കോയ, എം. മുസമ്മില്‍, വൈസ് പ്രസിഡന്റുമാരായ ഡോ. എ.എം ഷെരീഫ്, പി.എ ആസിഫ്, ജോ. സെക്രട്ടറി ടി.പി വാസു, ട്രഷറര്‍ എം.കെ നാസര്‍, സിറാജുദ്ദീന്‍ ഇല്ലത്തൊടി, മുനീര്‍ കുറുമ്പടി, എ.പി അബ്ദുല്ലക്കുട്ടി, എസ്.എ അബൂബക്കര്‍ സംസാരിച്ചു.
എം.പിയുടെ വേര്‍പാടില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. പിറന്ന സമുദായത്തിന് നേരെ ഉണ്ടാകുന്ന ചില ഗൂഢാലോചനകള്‍ക്കെതിരേ നിലപാടെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസിനുള്ളിലും പുറത്തും അനഭിമതനാകേണ്ടി വന്നപ്പോഴും പാര്‍ട്ടിയില്‍ ഉറച്ചുനിന്ന് പൊരുതിയ വ്യക്തിയാണ് എം.ഐ. ഷാനവാസ് എന്നും അദ്ദേഹം പറഞ്ഞു.
കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് അബ്ദുല്ലക്കോയ മദനി ദുഃഖം രേഖപ്പെടുത്തി. രാജ്യത്തെ ഫാസിസം വിഴുങ്ങുന്ന ഈ കാലഘട്ടത്തില്‍ അദ്ദേഹത്തെ പോലുള്ളവരുടെ അഭാവം മുസ്‌ലിം ന്യൂനപക്ഷത്തിനു നഷ്ടമാണെന്ന് അദ്ദേഹം സന്ദേശത്തില്‍ അറിയിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരവും നിര്യാണത്തില്‍ അനുശോചിച്ചു. എം.ഐ ഷാനവാസിന്റെ വിയോഗം മതേതര രാഷ്ട്രീയ ചേരിക്ക് കനത്ത നഷ്ടമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."