തളിപ്പറമ്പിന്റെ വിരുന്നുകാരനായി വേഴാമ്പലെത്തി...
തളിപ്പറമ്പ്: തളിപ്പറമ്പില്‍ ജനവാസകേന്ദ്രത്തിലെത്തിയ വേഴാമ്പലിനെ കാണാന്‍ സന്ദര്‍ശക പ്രവാഹം. തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ ജീവന്‍പ്രകാശ് ഓഡിറ്റോറിയത്തിനോട് ചേര്‍ന്ന അരയാല്‍ മരത്തിലാണ് വേഴാമ്പലിലെ അപൂര്‍വ ഇനമായ മലമുഴക്കി വേഴാമ്പലിനെ കണ്ടത്. കഴിഞ്ഞമാസം കരിമ്പം ഫാമിന്റെ അധീനതയിലുള്ള സ്ഥലത്തും വേഴാമ്പലിനെ കണ്ടെത്തിയിരുന്നു. അപ്രതീക്ഷിതമായി മലമുഴക്കി വേഴാമ്പലിനെ കണ്ടതിന്റെ കൗതുകത്തിലാണ് പ്രദേശവാസികള്‍. കരിമ്പം ഫാമില്‍ വേഴാമ്പലെത്തിയപ്പോള്‍ കാണാന്‍ സാധിക്കാത്തതിന്റെ വിഷമം തീര്‍ന്നതിന്റ സന്തോഷത്തിലാണ് പലരും.
സാധാരണയായി മഴക്കാടുകള്‍ നിത്യഹരിത വനങ്ങളുടെ മേലാപ്പ് എന്നിവിടങ്ങളില്‍ മാത്രം കണ്ടുവരുന്ന മലമുഴക്കി വേഴാമ്പല്‍ സംരക്ഷണപട്ടികയില്‍ ഉള്‍പ്പെടുന്നതാണ്. കരിമ്പം ഫാമില്‍ വേഴാമ്പലിലെ കണ്ടെത്തിയപ്പോള്‍ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. ദേശാടനത്തിന്റെ ഭാഗമായി കര്‍ണാടക വനങ്ങളില്‍ നിന്നായിരിക്കും വേഴാമ്പല്‍ ഇവിടെയെത്തിയതെന്ന് ഫോറസ്റ്റ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
നാട്ടുകാരും പുറമെനിന്നും ക്ഷേത്രത്തിലേക്ക് വരുന്നവരും കൗതുകത്തോടെ വേഴാമ്പലിനെ കാണാനും ഫോട്ടോയെടുക്കാനും കൂടി നില്‍ക്കുകയാണ്. സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇതിനെ പിടികൂടുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് ഫോറസ്റ്റ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാത്രി വൈകിയും വേഴാമ്പല്‍ അരയാല്‍ മരത്തില്‍ തന്നെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."