വേണം, നമുക്കൊരു ശുചിത്വനയം
ഇന്ത്യയാകെ വെളിയിട വിസര്‍ജന മുക്തമായെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിജയന്തി ദിനത്തില്‍ പ്രഖ്യാപിച്ചത് കേട്ട് പലരും അന്ന് കൈയടിച്ചു. എന്നാല്‍ ആ ദിവസം തന്നെയാണ് ഇങ്ങിവിടെ കേരളത്തില്‍ കോഴിക്കോട് കുണ്ടൂരങ്ങാലിങ്ങല്‍ വീട്ടുപരിസരത്തേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നുവെന്ന് പരാതിപ്പെട്ട്, ഒരു കൂലിവേലക്കാരനും ഭാര്യയും രണ്ടു മക്കളും കുടിയൊഴിഞ്ഞുപോയ വാര്‍ത്തയും വന്നത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങളിലൊന്ന് നിറവേറ്റിയതിന്റെ 'ചാരിതാര്‍ഥ്യ'ത്തില്‍ അദ്ദേഹത്തിന്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ട ഗുജറാത്തിലെ സബര്‍മതി നദീതീരത്തു വച്ചായിരുന്നു പ്രധാനമന്ത്രി ആ പ്രഖ്യാപനം നടത്തിയത്. സ്വച്ഛ് ഭാരത് എന്ന ഇന്ത്യയുടെ ലക്ഷ്യപ്രയാണം, മഹാത്മജിയുടെ 150-ാം ജന്മദിനത്തില്‍ പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇരുപതിനായിരത്തിലേറെ ഗ്രാമങ്ങള്‍ എട്ടു മാസങ്ങള്‍ക്കുള്ളില്‍ ഈ യജ്ഞത്തില്‍ അണിചേര്‍ന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ സ്വച്ഛ് ഭാരത് മിഷന്‍ കഴിഞ്ഞവര്‍ഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ 2,741 നഗരങ്ങളില്‍ മാത്രമേ ഈ സമ്പൂര്‍ണത കൈവരിച്ചിട്ടുള്ളൂ എന്നാണു പറയുന്നത്. പരിപൂര്‍ണ മുക്തമെന്ന സ്വച്ഛ് ഭാരത് മിഷന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത നഗരങ്ങളില്‍ ഡല്‍ഹിപോലും ഉള്‍പ്പെടുന്നുവെന്നതാണ് ആശ്ചര്യം.
കോഴിക്കോട്ടേക്കു തന്നെ തിരിച്ചുവരാം. നേരത്തെ മാളിക്കടവില്‍ കക്കൂസ് മാലിന്യം തള്ളിയവരെ നാട്ടുകാര്‍ തടയുകയും അവര്‍ വാഹനമോടിച്ച് കടന്നുകളയുകയും ചെയ്തിരുന്നു. ഒരാളെ മൂന്നാം തവണയും പിടികൂടിയപ്പോള്‍ ഒന്നര ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. ഒരു വര്‍ഷം വരെ തടവിനു ശിക്ഷിക്കാന്‍ വകുപ്പുള്ളപ്പോഴാണ് ഇതൊക്കെ എന്നോര്‍ക്കുക. ഇതിനിടയില്‍ ആലപ്പുഴയില്‍നിന്ന് വന്ന മറ്റൊരു വാര്‍ത്ത; എം.കോം വിദ്യാര്‍ഥിനി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കളമശ്ശേരിയിലെ യുവാവിനെ പ്രണയിച്ച് ഒളിച്ചോടുന്നു. എന്നാല്‍ യുവാവിന്റെ അടുത്തെത്തിയപ്പോഴാണ് അറിഞ്ഞത്, അവിടെ ഒരു ശൗചാലയം പോലുമില്ലെന്ന്. യുവതി പ്രണയവും വിവാഹവും അവസാനിപ്പിച്ച് സ്വന്തം വീട്ടിലേക്ക് ഉടന്‍ തന്നെ മടങ്ങി എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത.
സര്‍വ മാലിന്യങ്ങളും തള്ളിയ ആള്‍നൂഴിയില്‍ അവ നീക്കം ചെയ്യാനിറങ്ങിയ രണ്ടുപേരും അവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ നൗഷാദും കോഴിക്കോട് നഗരമധ്യത്തില്‍ മരണപ്പെട്ടത് നാലു വര്‍ഷം മുന്‍പായിരുന്നല്ലോ. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്നുപേരും അവരെ രക്ഷിക്കാനിറങ്ങിയ മറ്റു മൂന്നുപേരുമടക്കം ആറുപേര്‍ക്ക് സംഭവിച്ചതും ദാരുണാന്ത്യം തന്നെയായിരുന്നു.
സെപ്റ്റിക് ടാങ്കും അഴുക്കുചാലും വൃത്തിയാക്കാനിറങ്ങുന്നവരില്‍ ഒരാള്‍ വീതം അഞ്ചു ദിവസത്തിലൊരിക്കല്‍ മരിക്കുന്നതായി കഴിഞ്ഞവര്‍ഷം നാഷനല്‍ കമ്മിഷന്‍ ഫോര്‍ സഫായി കരംചാരിസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തമിഴ്‌നാട്ടില്‍ 194 പേരും ഗുജറാത്തില്‍ 122 പേരും കര്‍ണാടകയില്‍ 68 പേരും ഉത്തര്‍പ്രദേശില്‍ 51 പേരും ഇങ്ങനെ മരണപ്പെട്ടുവെന്നാണ് കണക്കുകള്‍ ബോധ്യപ്പെടുത്തുന്നത്.
2013ല്‍ തോട്ടിപ്പണി നിര്‍ത്തലാക്കിക്കൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് നിയമം പാസാക്കിയിരുന്നു. മുന്‍കരുതലുകള്‍ ഇല്ലാതെ ടാങ്കുകള്‍ വൃത്തിയാക്കാനിറങ്ങുന്നതിനെതിരേ കേന്ദ്ര ഭവനിര്‍മാണ വകുപ്പ് സെക്രട്ടറി ദുര്‍ഗാശങ്കര്‍ മിശ്ര ജൂലൈ 12ന് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും എഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഇങ്ങനെ സെപ്റ്റിക് ടാങ്കുകളില്‍ കുടുങ്ങി 620 പേരെങ്കിലും 1993നു ശേഷം മരണപ്പെട്ടതായാണു സാമൂഹിക നീതിവകുപ്പ് മന്ത്രി രാംദാസ് അത്‌വാലെ ലോക്‌സഭയില്‍ പറഞ്ഞത്. ഇതില്‍ കേരളത്തിലെ പന്ത്രണ്ട് മരണങ്ങളും ഉള്‍പ്പെടും.
ആള്‍നൂഴിയില്‍ ഇറങ്ങി മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആള്‍നാശം സംഭവിച്ചാല്‍ പത്തുലക്ഷം രൂപ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്ന് 2014ല്‍ സുപ്രിംകോടതി വിധി വരെ ഉണ്ടായതാണ്. എന്നാല്‍ അവയൊക്കെയും കടലാസില്‍ മാത്രമായി ചുരുങ്ങിയൊതുങ്ങി. ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് വെളിയിട മലമൂത്ര വിസര്‍ജന നിരോധം സമ്പൂര്‍ണമായി വിജയിക്കണമെങ്കില്‍ മൂന്നു വര്‍ഷമെങ്കിലും എടുക്കുമെന്ന് വിഷയത്തെക്കുറിച്ച് ഗഹനമായി പഠിച്ച വിദേശ വിദഗ്ധനായ കാസ് സണ്‍ഡറ്റില്‍ പറയുന്നുണ്ട്. വെളിയിട വിസര്‍ജനത്തിന്റെ കാര്യത്തില്‍ ഛത്തിസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏറെ പിന്നിലാണെന്നു സ്വച്ഛ് ഭാരത് മിഷനു നേതൃത്വം നല്‍കുന്ന പരമേശ്വര അയ്യരും പറയുന്നു. എന്നാല്‍ താരതമ്യേന കേരളത്തിലെ നില മെച്ചപ്പെട്ടതാണ്.
'കക്കൂസ് ' എന്ന പേരില്‍ രണ്ടു വര്‍ഷം മുന്‍പ് ദിവ്യാഭാരതി തമിഴില്‍ ഒരു ഡോക്യുമെന്ററി തയാറാക്കിയിരുന്നു. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ 'തോട്ടി' എന്നും 'തോട്ടിയുടെ മകന്‍' എന്നുമുള്ള പേരുകളില്‍ നോവലെഴുതി അവബോധം സൃഷ്ടിക്കാന്‍ ശ്രമിച്ച പ്രദേശമാണ് നമ്മുടെ മലയാളനാട്. കേരളത്തില്‍ നേരത്തെ വീട്ടിലിരുന്നു ഭക്ഷണം കഴിച്ച് പുറത്തുപോയി കാര്യം സാധിച്ചവര്‍, വീട്ടിനകത്തുതന്നെ ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ട് പല പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ സെപ്റ്റിക് ടാങ്കുകള്‍ കിണറുകളില്‍നിന്നു മതിയായ അകലം പാലിക്കുന്നുണ്ടോ എന്നതു ശ്രദ്ധിക്കാന്‍ പലപ്പോഴും മറന്നുപോകുന്നു. ടാങ്കുകള്‍ പണിതിറക്കുമ്പോള്‍ തന്നെയും നിര്‍ദിഷ്ട രീതിയിലുള്ള ഇരട്ട പിറ്റോട് കൂടിയാണോ നിര്‍മാണം എന്നും ശ്രദ്ധിക്കാറില്ല. ഫലം ഇടക്കിടെ കുഴിതുറന്നു മലം നീക്കേണ്ടിവരികയും ചെയ്യുന്നു. സംസ്ഥാനങ്ങള്‍ സ്വീവേജ് പ്ലാന്റുകള്‍ എല്ലാ നഗര-ഗ്രാമങ്ങളിലും സ്ഥാപിച്ചെങ്കില്‍ മാത്രമെ ഈ സംസ്‌കരണം ഫലപ്രദമായി നടപ്പാക്കാനാകൂ എന്നര്‍ഥം.
സര്‍വ മാലിന്യങ്ങളും ഇരുട്ടുപുതക്കുന്ന വഴിയരികിലും ആളൊഴിഞ്ഞ പുറമ്പോക്കുകളിലും തള്ളി കൈകഴുകുന്നവരാണ് പൊതുവെ പരിഷ്‌കൃതരെന്നു പറയപ്പെടുന്ന കേരളീയര്‍. കക്കൂസ് മാലിന്യത്തിന്റെ കാര്യത്തിലെങ്കിലും എവിടെ നിക്ഷേപിക്കണമെന്നും എവിടെ സംസ്‌കരിക്കണമെന്നും നാം അറിയണം. അല്ലെങ്കില്‍ കോഴിക്കോട്ട് ഇപ്പോള്‍ സംഭവിച്ചതു പോലെ നാളെ ഇത് ആവര്‍ത്തിക്കുക തന്നെ ചെയ്യും. അതില്ലാതിരിക്കാന്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ഒരു ശുചിത്വനയം നടപ്പാക്കേണ്ടത് അനിവാര്യം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."