ഇന്ധനടാങ്കര്‍ പൊട്ടിത്തെറിച്ച് 150 മരണം; നൂറിലേറെ പേര്‍ക്ക് പരുക്ക്
ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഇന്ധനടാങ്കര്‍ പൊട്ടിത്തെറിച്ച് 150 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
ബഹവല്‍പൂരിലെ അഹമ്മദ്പൂര്‍ ഷര്‍ക്കിയയില്‍ ദേശീയ പാതയില്‍ ഇന്നലെ രാവിലെയാണ് വന്‍ അപകടമുണ്ടായത്. പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ നിന്ന് ലാഹോറിലേക്ക് 40,000 ലിറ്റര്‍ ഇന്ധനം നിറച്ചുപോയ ടാങ്കര്‍ നിയന്ത്രണംവിട്ട് സമീപത്തെ പാടത്തേക്ക് തലകീഴായി മറിഞ്ഞ ശേഷം തീപിടിക്കുകയായിരുന്നു. നഗരത്തിലെ തിരക്കേറിയ മേഖലയിലാണ് അപകടം നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടാങ്കര്‍ മറിഞ്ഞയുടന്‍ ഇന്ധനം ചോര്‍ന്ന് തീപിടിക്കുകയും ടാങ്കര്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
ടാങ്കര്‍ മറിഞ്ഞ വിവരം കേട്ട് സമീപത്തെ റംസാന്‍പൂര്‍ ജോയ ഗ്രാമത്തില്‍ നിന്ന് ബക്കറ്റുകളും മറ്റു പാത്രങ്ങളുമായി ഇന്ധനം ശേഖരിക്കാന്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനം ഓടിക്കൂടിയെന്നും ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്നും പൊലിസ് മേധാവി രജാ റിഫ്അത്ത് പറഞ്ഞു. അപകട വിവരമറിഞ്ഞെത്തിയ പൊലിസ് ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
അപകടത്തില്‍ സമീപത്തുണ്ടായിരുന്ന ആറോളം കാറുകളും 12 ബൈക്കുകളും അഗ്നിക്കിരയായി. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങളിലും പ്രകമ്പനമുണ്ടായി. അപകടം നടന്ന സ്ഥലത്ത് ചിലര്‍ പുക വലിച്ചിരുന്നതായും ഇതാകാം തീപിടിക്കാന്‍ കാരണമെന്നും പാക് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവം നടന്ന ഉടന്‍ തന്നെ അഗ്നിശമന സേന സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. ഫയര്‍ യൂനിറ്റുകള്‍ക്കു പുറമെ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ അടക്കമുള്ള സംവിധാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച്. രണ്ട് മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ 100 കി.മീറ്റര്‍ അകലെയുള്ള മുള്‍ത്താനിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ ബഹാവല്‍പൂര്‍ വിക്ടോറിയ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."