'തീവ്രവാദി'കളുടെ പൗരത്വം റദ്ദാക്കാനൊരുങ്ങി ഓസ്‌ട്രേലിയ
സിഡ്‌നി: തീവ്രവാദിയാണെന്നു തെളിഞ്ഞാല്‍ പൗരത്വം റദ്ദാക്കാനൊരുങ്ങി ഓസ്‌ട്രേലിയ. തീവ്രവാദികളുടെ പൗരത്വം റദ്ദാക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടാകണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.
തീവ്രവാദക്കുറ്റം തെളിഞ്ഞ ഇത്തരം ആളുകള്‍ ഓസ്‌ട്രേലിയയില്‍ ജനിച്ചവരാണെങ്കിലും പൗരത്വം റദ്ദാക്കും. സ്വന്തം സമൂഹത്തിലെ ആക്രമണങ്ങള്‍ തടയാന്‍ മുസ്‌ലിം നേതാക്കള്‍ക്കു പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നു പറഞ്ഞ അദ്ദേഹം, തീവ്രവാദത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് രാജ്യത്തുള്ള എല്ലാ കാര്യങ്ങളും നിഷേധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. പൗരത്വം റദ്ദാക്കുന്നതിനുള്ള ബില്‍ തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.
രാജ്യത്തെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്‌കോട്ട് മോറിസണ്‍ വിളിച്ചുചേര്‍ത്ത യോഗം മുസ്‌ലിം നേതാക്കള്‍ ബഹിഷ്‌കരിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ മുസ്‌ലിം സംഘടനകള്‍ തുറന്ന കത്തിലൂടെ രൂക്ഷമായി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം നിരാശാജനകമാണെന്ന് അവര്‍ വ്യക്തമാക്കി.
സമൂഹത്തിലെ ഏതെങ്കിലും വ്യക്തികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ പേരില്‍ മൊത്തത്തില്‍ കുറ്റവാളികളാണെന്നു വിലയിരുത്തുകയാണ്.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു. നിലവിലുള്ള നിയമം അനുസരിച്ച് ഇരട്ട പൗരത്വമുള്ളവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആറോ അതില്‍ കൂടുതലോ വര്‍ഷം ജയില്‍ തടവിനു വിധിക്കപ്പെട്ടാല്‍ അവരുടെ പൗരത്വം റദ്ദാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."