സ്‌നേഹക്കൂട്ടില്‍ തീര്‍ത്ത രുചി 'നൈമിത്ര
'
തിരുവനന്തപുരം വര്‍ക്കലയിലെ കുഞ്ഞു നാട്ടിന്‍പുറമായ മുത്താനയിലാണ് ദീജയുടെ ജനനം. അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമൊപ്പം കുഞ്ഞിക്കാലുകള്‍ പിച്ചവച്ചു തുടങ്ങിയ ദിവസങ്ങളില്‍ വന്ന ഒരു പനി. ആ പനിച്ചൂടില്‍ നിന്നുണര്‍ന്ന കുഞ്ഞു ദീജയുടെ കാലുകള്‍ പിന്നെ ചലിച്ചില്ല. ദീജയുടെ കുഞ്ഞിക്കാലുകള്‍ക്കൊപ്പം തളര്‍ന്നത് അച്ഛനും അമ്മയും കൂടിയായിരുന്നു. പിന്നെ അവര്‍ അവള്‍ക്ക് കരുത്തായി. ആ കരുത്തില്‍ ഇരുണ്ടുപോയേക്കാവുന്ന ഒരു ജീവിതത്തില്‍ നിന്ന് അവള്‍ നടന്നു തുടങ്ങി. പ്രതീക്ഷയുടെ പുതിയ പച്ചപ്പുകളിലേക്ക്.
മാലകള്‍ കോര്‍ത്തു തുടങ്ങി
മൊഞ്ചേറുന്ന ആഭരണങ്ങള്‍ കോര്‍ത്തു കോര്‍ത്താണ് ചക്രക്കസേരക്കരുത്തുമായി കിനാക്കളിലേക്ക് ദീജ നടന്നു തുടങ്ങിയത്. സമപ്രായക്കാരെ പോലെ നാട്ടിലൊക്കെ കറങ്ങാനും ആഘോഷിക്കാനും ആശയുണ്ടായിരുന്നു ദീജക്ക്. ഒരാളുടെ സഹായമില്ലാതെ ഒന്നും നടക്കില്ല. ഇത് ഇടക്ക് വല്ലാത്ത നിരാശയുണ്ടാക്കും. ഒന്നിനും കൊള്ളാത്തൊരു ഉടലെന്ന സങ്കടമങ്ങനെ കൊളുത്തി വലിക്കുമ്പോഴാണ് ഒരു വഴിത്തിരിവായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥനെത്തുന്നത്. ആഭരണ നിര്‍മാണ രംഗത്തെസാധ്യതകള്‍ അയാള്‍ ദീജക്ക് പറഞ്ഞുകൊടുത്തു. പഠിപ്പിക്കാന്‍ ഒരാളേയും ഏര്‍പ്പാടാക്കി. മാലയും വളയും ബ്രേസ്‌ലറ്റും അങ്ങനെ ഒത്തിരി ആഭരണങ്ങള്‍ ദീജയുടെ കരവിരുതിന്റെ ചേലറിഞ്ഞു.
അതിനിടെ വീടുമാറ്റം. വഴി സൗകര്യമുള്ള വീട്ടിലേക്കുള്ള മാറ്റം പക്ഷേ കുടുംബത്തിന്റെ നട്ടെല്ലൊടിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അച്ഛന് തുണയാവണം എന്നൊരു ആശ വല്ലാത്ത നോവായിത്തുടങ്ങി ദീജക്ക്.
ആ നോവില്‍ ഒരു ആശ്വാസമായി മാമന്റെ മകന്‍ തുറന്നു കൊടുത്ത വഴിയായിരുന്നു ദീജാസ് മുത്താന എന്ന ഫേസ്ബുക്ക് പേജ്. ആഭരണങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ പണിപ്പെട്ടിരുന്ന ദീജക്ക് നല്ലൊരു കച്ചിത്തുരുമ്പായി അത്. അങ്ങിനെയൊക്കെ ആയാലും തനിക്കൊപ്പം ഉരുളുന്ന ചക്രങ്ങള്‍ ഒരു കുറവായി അവരെ പിന്തുടര്‍ന്നു.
മാരിയ, റഈസ്..
ജീവന്‍ പകര്‍ന്നു തന്ന
സ്‌നേഹത്തുരുത്തുകള്‍
ഫേസ്ബുക്ക് വഴി പലപ്പോഴും മോശം സന്ദേശങ്ങള്‍ തേടിയെത്താന്‍ തുടങ്ങി. അതൊരു വേണ്ടാത്ത ഏര്‍പ്പാടാണ് എന്നു തോന്നിത്തുടങ്ങി ദീജക്ക്. 2013ലൊക്കെയാവും, ജീവിതത്തിലെ കറുത്ത നാളുകളായിരുന്നു അത്. ആയിടക്ക് ഒരു ഗ്രൂപ്പുവഴി മുരളീധരന്‍ കുന്നുപറമ്പ് എന്നൊരാള്‍ മാരിയത്തിനെക്കുറിച്ചു പറഞ്ഞത്. നജീബ് മൂടാടി എന്ന എഴുത്തുകാരനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. നജീബ് മൂടാടിയെ ഫേസ്ബുക്കില്‍ പരിചയപ്പെട്ടു. മാരിയത്തിന്റെ 'കാലം മായ്ച്ച കാല്‍പാടുകള്‍' എന്ന പുസ്തകത്തിന് നജീബ് എഴുതിയ റിവ്യൂ വായിച്ചു. മാരിയത്തിനെ വിളിച്ചു. അന്നവരോട് സംസാരിച്ചു. അവരുടെ വാക്കുകള്‍ നല്‍കിയ കരുത്ത് അക്ഷരാര്‍ഥത്തില്‍ തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുക തന്നെയായിരുന്നു. സ്റ്റീഫന്‍ ഹോക്കിന്‍സിനെ നേരിട്ടു പരിചയപ്പെട്ട പ്രതീതിയായിരുന്നു റഈസുമായുള്ള ബന്ധം നല്‍കിയത്. ഫേസ് ഫൗണ്ടേഷന്റെ കാമ്പില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തു നിന്നു പരപ്പനങ്ങാടിയില്‍ വന്നു ദീജ. റഈസാണ് അതിന് നിമിത്തമായത്. ഫേസ് ഫൗണ്ടേഷന്റെയും ഗ്രീന്‍ പാലിയേറ്റിവിന്റെയും നല്ലൊരു പ്രവര്‍ത്തകയാണിന്ന് ദീജ.
നൈമിത്ര അഥവാ പുതിയ മിത്രം
ഫേസ്ബുക്ക് കൂട്ടായ്മയില്‍ പരിചയപ്പെട്ട നൗഷാദ്ഖാനാണ് നൈമിത്ര തുടങ്ങാന്‍ കാരണക്കാരന്‍. പുതിയ മിത്രം എന്നാണ് നൈമിത്രയുടെ അര്‍ഥവും. ഒരാളുടെ വയറു മാത്രമല്ല മനസും നിറക്കുമല്ലോ രുചി. അങ്ങനെ മസാലക്കൂട്ടുകള്‍ക്കൊപ്പം സ്‌നേഹക്കൂട്ടും ചേര്‍ത്ത് 'നൈമിത്ര ദ ഹേര്‍ട്ട് ഓഫ് ടേസ്റ്റി'ന് തടക്കമായി. കുറച്ചു നാരങ്ങാ അച്ചാറില്‍ തുടങ്ങിയ നൈമിത്ര ഇപ്പോള്‍ വെജും നോണ്‍വെജുമായി വിവിധ തരം അച്ചാറുകള്‍, ചമ്മന്തിപ്പൊടികള്‍ എല്ലാം ഉണ്ടാക്കുന്നുണ്ട്. ഫേസ്ബുക്ക് വഴിയാണ് കച്ചവടം കൂടുതല്‍ നടക്കുന്നത്. പരിചയമുള്ളവര്‍ ഓര്‍ഡര്‍ നല്‍കുന്നു. അതനുസരിച്ച് എത്തിക്കുന്നു. കൊറിയറായും എത്തിച്ചു കൊടുക്കും.
ഒരു നല്ല സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് ദീജ. സേവനരംഗത്ത് തന്നെക്കൊണ്ടാവും പോലെ സജീവമാണിവര്‍. ഓണ്‍ലൈനിനപ്പുറത്ത് ഓഫ് ലൈനിലും നൈമിത്ര മിന്നിത്തിളങ്ങണമെന്നതാണ് ദീജയുടെ കുഞ്ഞു വലിയ മോഹം. എല്ലാ വീടുകളിലും നൈമിത്രയുടെ ഒരു ഉല്‍പന്നമെങ്കിലും എത്തിക്കണം. അതിനായി ഇതിനെ പൊതുപവിപണിയില്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ദീജ. ഒരു ചെറിയ ഔട്ട്‌ലെറ്റ് നാട്ടില്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. ദീജയുടെ ഫോണ്‍ നമ്പര്‍: 7902375735.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."