സഊദിയില്‍ സ്‌പോണ്‍സറുടെ ഭാര്യയെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയായ ഹൗസ് ഡ്രൈവര്‍ക്ക് വധശിക്ഷ
ദമാം: സ്‌പോണ്‍സറുടെ ഭാര്യയെ യാത്രക്കിടെ ആളില്ലാ സ്ഥലത്തെത്തിച്ചു ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരനായ ഹൗസ് ഡ്രൈവര്‍ക്ക് സഊദി ക്രിമിനല്‍ കോടതി വധ ശിക്ഷ വിധിച്ചു. തമിഴ്‌നാട് തിരുവഞ്ചൂര്‍ സ്വദേശി മുഹമ്മദലി മുഹമ്മദ് ഷെരീഫ്(45)നെയാണ് കിഴക്കന്‍ സഊദിയിലെ ദമാമിലെ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.
മൂന്നു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. തന്റെ സ്‌പോണ്‍സറുടെ ഭാര്യയായ മുപ്പത്തി മൂന്നു കാരി ഹന്നാ ബിന്‍ത് അന്‍വറിനെ ദമാമിലെസ്‌പോണ്‍സറുടെ വീട്ടില്‍ നിന്നും കോബാറിലെ ജോലി സ്ഥലത്തേക്ക് കൊണ്ടു പോവുന്ന തിനിടയില്‍ അതിവേഗത്തില്‍ വാഹനം ഓടിച്ച് പരിചയമില്ലാത്തതും ആള്‍പ്പാര്‍പ്പില്ലാത്തതുമായ സ്ഥലത്തെത്തിയപ്പോള്‍ കാറിനുള്ളില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുരുതുരാ മുഖത്ത് അടിക്കുകയും വസ്ത്രങ്ങള്‍ കീറിക്കളഞ്ഞ് ഗുഹൃഭാഗത്ത് കൈവിരലുകള്‍ കൊണ്ട് മാരകമായി പരിക്കേല്‍പിക്കുകയും ചെയ്തുവെന്നാണ് കേസ്. നിലവിളി കേള്‍ക്കാതിരിക്കാന്‍ റേഡിയോ ശബ്ദം കൂട്ടുകയും ചെയ്തിരുന്നു. അതിക്രൂരമായ മര്‍ദ്ദനനത്തെ തുടര്‍ന്ന് കാറിനുള്ളില്‍ രക്തം കണ്ടെത്തിയിരുന്നു. അമിതമായ രൂപത്തില്‍ രക്ത സ്രാവം സംഭവിച്ചതിനാല്‍ മണിക്കൂറുകള്‍ നീണ്ട ശാസ്ത്രക്രിയയിലും മാസങ്ങള്‍ നീണ്ട വിശ്രമത്തിനൊടുവിലുമാണ് ഹന്നക്ക് സാവധാനം ജീവിതത്തിലേക്ക്തിരിച്ചുവരാനായത്.
ദഹ്‌റാന്‍ പോലീസായിരുന്നു കേസ് ചാര്‍ജ് ചെയ്തിരുന്നത്. ആദ്യ ഘട്ടത്തില്‍ പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചെങ്കിലും യുവതിയുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ സംഭവിച്ച ആഴത്തിലുള്ള മുറിവുകളുടെ കാരണക്കാരന്‍ മുഹമ്മദലി തന്നെയായിരുന്നുവെന്ന് തെളിവുകളു ടെ പിന്‍ബലത്തില്‍ കോടതി കണ്ടെത്തുകയായിരുന്നു.
ദമാം ക്രിമിനല്‍ കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീലില്‍ പോവുന്നതിന് കോടതി പ്രതിക്ക് ഒരു മാസം സാവകാശം നല്‍കിയിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് ദമാമിലെ ക്രിമിനല്‍ കോടതിയുടെ തന്നെ വിധി ദുര്‍ബലപ്പെടുത്തിയാണ് മേല്‍കോടതിയുടെ നിര്‍ദേശത്തോടെ തന്നെ ദമാം ക്രിമിനല്‍ കോടതിയുടെ മറ്റൊരു ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിച്ച് പുനര്‍വിചാരണ നടത്തി വിധി പ്രസ്താവിച്ചത്. വിധി കേട്ട പ്രതി കോടതിയില്‍ പൊട്ടിക്കരഞ്ഞു. സുപ്രിം കോടതിയടക്കമുള്ള മേല്‍കോടതികളും ആഭ്യന്തര മന്ത്രാലയവും രാജാവിന്റെ ഓഫീസും അനുമതി നല്‍കുന്നതോടെ വിധി നടപ്പാക്കും. മുഹമ്മദാലിക്ക് ഭാര്യയും മൂന്ന് പെണ്‍മക്കളുമുണ്ട്. നാല് വര്‍ഷത്തോളമായി സഊദിയില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു. മൂന്ന് വര്‍ഷമായി ദമാം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് പ്രതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."