സി.പി.എം പ്രവര്‍ത്തകര്‍ക്ക് യു.എ.പി.എ: പോലിസിലെ ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ലെന്നു തെളിഞ്ഞതായി ആഷിഖ് അബു
കൊച്ചി: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റ്‌ചെയ്ത നടപടിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിച്ച് ഇടത് അനുഭാവിയായ ചലച്ചിത്ര പ്രവര്‍ത്തകന്‍ ആഷിഖ് അബു രംഗത്ത്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള സി.പി.എമ്മിന് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് അഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു. പോലിസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ലെന്നു തെളിഞ്ഞതായും ആഷിഖ് അബു അഭിപ്രായപ്പെട്ടു.
ആഷിഖ് അബുവിന്റെ പോസ്റ്റ്:
വാളയാര്‍ കേസിലും, മാവോയിസ്‌റ് വേട്ടയിലും ഒരു പത്രപ്രവര്‍ത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥന്‍ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.
പൊലിസിന്റെ നടപടിക്കെതിരെ സി.പി.എം ഏരിയാ, ലോക്കല്‍ കമ്മിറ്റികള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ ഇടതുപക്ഷത്തെ പിന്തുണച്ച് പോസ്റ്റ് ഇടാറുള്ള അഷിഖ് അബുവും വിമര്‍ശനവുമായി രംഗത്തുവന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഒഫ് ലീഗല്‍ സ്റ്റഡീസിലെ നിയമ വിദ്യാര്‍ഥിയായ അലന്‍ ഷുഹൈബ് (20) സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. കോഴിക്കോട്ട് ജേണലിസം വിദ്യാര്‍ഥിയായ താഹ ഫസല്‍ (24) സിപിഎം പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.
Ashiq Abu on uapa arrest over maoist link
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."