ജില്ലാ ആശുപത്രിയില്‍ നോക്കുകുത്തിയായി വാട്ടര്‍ കൂളറുകള്‍
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ദാഹമകറ്റാന്‍ വെള്ളം പുറത്തു നിന്നു വാങ്ങേണ്ട സ്ഥിതിയാണ്. ആശുപത്രിയില്‍ രോഗികള്‍ക്ക് ആശ്വാസമായി സ്ഥാപിച്ച കൂളറുകളില്‍ മിക്കതും ഉപയോഗശൂന്യമായിരിക്കുകയാണ്.
പലതിലും വെള്ളം കെട്ടിക്കിടന്ന് തുരുമ്പെടുത്ത് തുടങ്ങിയിട്ടും ആരോഗ്യവകുപ്പോ ആശുപത്രി അധികൃതരോ നടപടി സ്വീകരിക്കുന്നില്ല. ദിവസേന ആയിരക്കണക്കിന് രോഗികളെത്തുന്ന ജില്ലാ ആശുപത്രിയില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ നിരവധി കൂളറുകള്‍ സ്ഥാപിച്ചിരുന്നു. ജില്ലാ ആശുപത്രി നേരിട്ടും സ്പോണ്‍സര്‍മാരെ കണ്ടെത്തിയുമാണ് ഇവ സ്ഥാപിച്ചത്. എന്നാല്‍ ഇവയില്‍ പലതും ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്.
തുരുമ്പെടുത്ത് നശിച്ച കൂളറുകള്‍ മാറ്റാന്‍ പോലും ആരും കൂട്ടാക്കുന്നില്ല. ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് വീട്ടില്‍ നിന്നാണ് കുടിവെള്ളം കൊണ്ടു വരുന്നത്. പുറത്തു നിന്നും കുപ്പിവെള്ളം വാങ്ങിക്കൊണ്ടു വരുന്നവരും ആശുപത്രിയിലെ സ്ഥിരം കാഴ്ചയാണ്. ഡോക്ടറെ കാണാനായി അതിരാവിലെ ടോക്കന്‍ എടുക്കാന്‍ വന്ന് ക്യൂ നില്ക്കുന്ന രോഗികള്‍ വെള്ളവും കൈയില്‍ കരുതേണ്ട സ്ഥിതിയാണ്. ഒ.പി.ടിക്കറ്റ് എടുക്കുന്നതിന് സമീപം സ്ഥാപിച്ച് കൂളര്‍ മാസങ്ങളായി കേടുവന്ന് കിടക്കുകയാണ്.
മൂട്ടകടിച്ചും തണുപ്പിലും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് കുടിവെള്ളം കൂടി കിട്ടാതാവുന്നത് കനത്ത പ്രതിസന്ധിയിലാക്കുന്നു. പലവിധ പ്രചരണങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ലക്ഷങ്ങള്‍ പൊടിക്കുമ്പോഴാണ് കുടിവെള്ളത്തിനായി നയാപൈസ ചിലവാക്കാത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."