അഞ്ച് യുവതികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി മീലാദ് ആഘോഷം
തിരൂര്‍: തലക്കടത്തൂരില്‍ അഞ്ച് യുവതികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി അവിസ്മരണീയ നബിദിനാഘോഷം. തലക്കടത്തൂരിലെ സാജുല്‍ സലാഹ് മദ്‌റസയിലാണ് നബിദിനാഘോഷ പരിപാടി സമൂഹവിവാഹത്തിന് കൂടി വേദിയായത്. ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിധ്യമായ അണ്ണച്ചംപള്ളി വീട്ടില്‍ മൊയ്തുട്ടി ഹാജിയുടെ മഹാമനസ്തകയിലൂടെ നിര്‍ധന കുടുംബാംഗങ്ങളായ നാല് മുസ്‌ലിം യുവതികള്‍ക്കും ഹിന്ദുവിഭാഗക്കാരിയായ മറ്റൊരു യുവതിക്കുമാണ് മംഗല്യഭാഗ്യമൊരുങ്ങിയത്.
നബിദിനാഘോഷ പരിപാടിക്കിടയില്‍ രണ്ട് യുവതികളുടെ വിവാഹമാണ് നടന്നത്. മറ്റ് മൂന്ന് യുവതികളുടെ വിവാഹം തിയതി നിശ്ചയിച്ച് നടത്താനാണ് തീരുമാനം. അഞ്ച് വധുക്കള്‍ക്കും പത്ത് പവന്‍ വീതം സ്വര്‍ണാഭരണങ്ങളും വരന്‍മാര്‍ക്ക് 25,000 രൂപ വീതവും നല്‍കിയായിരുന്നു വിവാഹം. നബിദിനാഘോഷത്തിനിടെ വിവാഹ ചടങ്ങുകള്‍ നടത്തി വധൂവരന്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കൊപ്പം ഭക്ഷണവും വിളമ്പി. സാമൂഹിക പ്രവര്‍ത്തകരുടെയും മത പണ്ഡിതരുടെയും സാന്നിധ്യത്തിലുള്ള വേറിട്ട ഈ നബിദിനാഘോഷം മഹനീയ മാതൃക തീര്‍ക്കുകയായിരുന്നു.
മദ്‌റസ കമ്മിറ്റി ഭാരവാഹികളായ പി. ബാവഹാജി, ഹുസൈന്‍ തലക്കടത്തൂര്‍, പി. അബൂബക്കര്‍ ഹാജി, പുല്ലാട്ട് കുഞ്ഞിമോന്‍ ഹാജി, സി. അബ്ദു, പി. ഇബ്രാഹിംകുട്ടിഹാജി, സി. ഫസലുറഹ്മാന്‍, എ.പി മുത്തുഹാജി, എം.പി കുഞ്ഞാപ്പുഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തലക്കടത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രേസ് പാലിയേറ്റീവ് കെയറിന്റെ രക്ഷാധികാരിയായ മൊയ്തുട്ടി ഹാജി തലക്കടത്തൂര്‍ സാജുല്‍ സലാഹ് മദ്‌റസ കമ്മിറ്റി പ്രസിഡന്റ്് കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."