വാട്ടര്‍ അതോറിറ്റിയുടെ വരുമാനം മുട്ടിച്ച് ഗുണഭോക്താക്കള്‍; കുടിവെള്ള വിതരണം മുടങ്ങും
കൊണ്ടോട്ടി: കുടിവെള്ള വിതരണം നടത്തിയതുവഴി കേരള വാട്ടര്‍ അതോറിറ്റിക്ക് ഉപഭോക്താക്കളില്‍നിന്ന് ലഭിക്കാനുളളത് 1,111.54 കോടിയുടെ കുടിശ്ശിക. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിന്നായി ഗാര്‍ഹിക ഇനത്തില്‍ 242.71 കോടിയും, ഗാര്‍ഹികേതര ഇനത്തില്‍ 858.89 കോടി രൂപയും, വ്യാവസായിക ഇനത്തില്‍ 9.94 കോടി രൂപയുമാണ് പിഴയും പിഴപ്പലിശയുമായി ഉപഭോക്താക്കളില്‍നിന്ന് പിരിഞ്ഞ് കിട്ടാനുള്ളത്.
26,40,190 ശുദ്ധജല കണക്ഷനുകളാണ് സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റിക്കുള്ളത്. നഗരമേഖലകളില്‍ 67 ശതമാനം വീടുകളിലും വാട്ടര്‍ അതോറിറ്റിയാണ് കുടിവെള്ള കണക്ഷന്‍ നല്‍കുന്നത്.
വരുമാനത്തില്‍ കോടികളുടെ കുടിശ്ശിക വന്നതോടെ വാട്ടര്‍ അതോറിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതോടെയാണ് കുടിശ്ശിക പിരിച്ചെടുക്കാനും വരുംകാലങ്ങളില്‍ കുടിശ്ശിക വരുത്താത്ത രീതിയിലുള്ള നടപടികളും ആരംഭിച്ചത്. കോടികളുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി കുടിവെള്ളക്കരം അടക്കാത്തവരുടെ കണക്ഷന്‍ വിച്ഛേദിച്ചുള്ള റവന്യൂ റിക്കവറി നടപടികളാണ് വാട്ടര്‍ അതോറിറ്റി ആരംഭിച്ചിരിക്കുന്നത്. ഇതോടൊപ്പം കുടിശ്ശിക അടക്കാനായി ഗുണഭോക്താക്കള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും തുടങ്ങിയിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റിയുടെ സ്ഥാപന ശാക്തീകരണത്തിനായി ബംഗളൂരു ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ശുപാര്‍ശ ചെയ്ത പുതിയ പ്രവൃത്തികളും ആരംഭിച്ചു. വാട്ടര്‍ അതോറിറ്റി ഇതിനായി 16 പ്രൊജക്ട് ഡിവിഷനുകളാണ് ആരംഭിച്ചത്. അതോറിറ്റിയുടെ മുഴുവന്‍ വലിയ പദ്ധതികളും ഈ പ്രൊജക്ടിന് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക.
മുഴുവന്‍ ജില്ലകളിലേയും വാട്ടര്‍ അതോറിറ്റിയുടെ ആസ്തികള്‍ തിട്ടപ്പെടുത്തി മാപ്പിങ് നടത്തി കംപ്യൂട്ടറൈസിങ് നടത്തി വരികയാണ്. അതോറിറ്റിയുടെ ഓഫിസുകള്‍ മുഴുവന്‍ കംപ്യൂട്ടര്‍ വഴി ബന്ധിപ്പിച്ച് നെറ്റ് വര്‍ക്ക് നടപ്പിലാക്കി. ഇതോടെ വെള്ളക്കരം കുടിശ്ശിക കൂടുതല്‍ വരുന്ന ഓഫിസുകള്‍ കൃത്യമായി കണ്ടെത്താനാകും. കേന്ദ്രീകൃത ബില്ലിങും ഇ പേമെന്റ് സംവിധാനവും ഇ-ടെന്‍ഡറിങും നടപ്പിലാക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്കും പൊതുജനത്തിനും സഹായങ്ങള്‍ നല്‍കുന്നതിനായി എല്ലാ സബ് ഡിവിഷനുകളിലും ഇനി മുതല്‍ ഹെല്‍പ്‌ഡെസ്‌ക്കുകള്‍ തുടങ്ങും. പ്രവൃത്തികള്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പൗരവകാശ രേഖ പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."