ഹൃദയമിടിപ്പോടെയും കണ്ണുനിറയാതെയും ഈ കുറിപ്പ് വായിച്ചുതീര്‍ക്കില്ല; വാളയാര്‍ പെണ്‍കുട്ടികള്‍ ഇരയായത് അതിനിഷ്ഠൂര ലൈംഗിക ആക്രമണത്തിന്; മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പങ്കുവച്ച് ഡോക്ടര്‍
കോഴിക്കോട്: വാളയാറില്‍ കൊല്ലപ്പെട്ട പതിമൂന്നും ഒമ്പതും വയസുള്ള ദലിത് സഹോദരിമാര്‍ ഇരയായത് അതിനിഷ്ടൂരമായ ലൈംഗിക ആക്രണത്തിനെന്ന് മെഡിക്കല്‍ പരിശോധനാ ഫലം. കേസില്‍ ആരോപണവിധേയരായ പ്രതികളെ വെറുതെ വിട്ട് കോടതി പുറപ്പെടുവിച്ച വിധിയില്‍ മരിച്ച പെണ്‍കുട്ടികളിലൊരാളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണ്ണായകമായ വിശദാംശങ്ങളുമുണ്ട്. പല തവണ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സൂചന നല്‍കുന്ന വിവരണങ്ങളാണ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങളിലുള്ളത്. ആത്മഹത്യ ചെയ്തുവെന്ന വാദത്തെ സംശയത്തിലാക്കുന്ന തരത്തിലുള്ള വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. കേസിന്റെ തുടര്‍നടപടികളില്‍ നിര്‍ണായകമായ ഈ വിവരണങ്ങളെയെല്ലാം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. ജിനേഷ് പി.എസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.
കണ്ണീരോടെയും ഞെട്ടലോടെയുമാണ് ഇത് വായിച്ചതെന്ന് പലരും ഡോക്ടറുടെ കുറിപ്പിന് താഴെ അഭിപ്രായപ്പെടുത്തിയിട്ടുണ്ട്. ഏറെ മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോയ ശേഷമാണ് താന്‍ ഇതെഴുതിത്തീര്‍ത്തതെന്ന് ഡോ. ജിനേഷും സാക്ഷ്യപ്പെടുത്തി.
(മനസാക്ഷിയുടെ നേരിയ കണികയെങ്കിലും ഉള്ളിലുള്ളവരെപോലും അസ്വസ്തപ്പെടുത്തുന്ന ഈ കുറിപ്പും റിപ്പോര്‍ട്ടും ഇവിടെ പ്രസിദ്ധകരിക്കുന്നത് ആ കുട്ടികള്‍ക്ക് നീതി ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ്)
ഡോ. ജിനേഷിന്റെ കുറിപ്പ്:
"മലദ്വാരം വിശാലമായി കാണപ്പെട്ടു, രണ്ടു വിരലുകൾ അയഞ്ഞ് പ്രവേശിക്കുന്നത്ര വിശാലം. മലദ്വാരത്തിന് തിരശ്ചീനമായി 3.3 സെൻറീമീറ്റർ വ്യാസം. മലദ്വാരവും കനാലും വിശാലമായി കാണപ്പെട്ടു. മുറിവുണങ്ങി നേർരേഖയിൽ ഉള്ള പാടുകൾ മലദ്വാരത്തിന്റെ വക്കിൽ ഉടനീളം കാണപ്പെട്ടു, പ്രസരിക്കുന്ന രീതിയിൽ. പുതിയ മുറിവുകളൊന്നും മലദ്വാരത്തിലും കനാലിലും ഇല്ലായിരുന്നു."
കോടതിവിധിയിൽ ഉള്ള പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലെ വിവരങ്ങളാണ്. കൂടാതെ മലദ്വാരത്തിന്റെ ഫോട്ടോയും റിപ്പോർട്ടിനൊപ്പം നൽകിയിരുന്നു.
ഇതുകൂടാതെ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലെ ഒപ്പീനിയൻ നൽകുന്ന ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്:
"മുൻപ് പലതവണ മലദ്വാരത്തിലൂടെ പെനട്രേഷൻ നടത്തിയതിനെ സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ട്"
ഇതിനെക്കുറിച്ച് ആ വിധിയിൽ വന്നിരിക്കുന്നത്:
"മലദ്വാരത്തിലൂടെ പെനെട്രേഷൻ നടത്തി എന്ന് ഡോക്ടർ നൽകിയ ഒപ്പീനിയൻ കൺക്ലൂസീവ് പ്രൂഫ് അല്ല."
പീഡിപ്പിക്കുന്നതിൻറെ വീഡിയോ എടുത്ത് നൽകാൻ ആർക്കും സാധിക്കുമെന്നു തോന്നുന്നില്ല. പീഡനം നടക്കുന്നത് മൂന്നു ദിവസങ്ങൾക്ക് മുൻപ് ആണെങ്കിൽ ശാസ്ത്രീയ പരിശോധനയ്ക്കായി സെമൻ അല്ലെങ്കിൽ പുരുഷ ബീജം കിട്ടാനുള്ള സാധ്യതയും ഇല്ല.
പ്രതിസ്ഥാനത്തുള്ളവരുമായി ബന്ധിപ്പിക്കാനുള്ള തെളിവുകൾ പ്രോസിക്യൂഷനും പോലീസിനും ഹാജരാകാൻ പറ്റിയില്ല എന്നു പറഞ്ഞാൽ മനസ്സിലാക്കാം, അത് പോലീസിന്റെയും പ്രോസിക്യൂഷന്റെയും പരാജയമാണ്. പക്ഷേ ചിത്രങ്ങൾ സഹിതം വിശദമായ പോസ്റ്റ്മോർട്ടം പരിശോധന റിപ്പോർട്ട് നൽകിയിട്ടും പീഡനം നടന്നതായി തെളിയിക്കാൻ സാധിക്കുന്നില്ല എന്നാണ് പറയുന്നതെങ്കിൽ ഒന്നും പറയാനില്ല.
പോസ്റ്റ്മോർട്ടം പരിശോധന റിപ്പോർട്ട് ഒരു കൊറോബറേറ്റീവ് എവിഡൻസ് മാത്രമാണ് എന്ന് മനസിലാക്കാതെ പറയുന്നതല്ല. പക്ഷേ, ഇങ്ങനെയൊരു സാഹചര്യത്തിൽ ചിത്രങ്ങൾ അടങ്ങിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂടുതൽ എന്തെങ്കിലും നടക്കും എന്ന് തോന്നുന്നില്ല.
ഞാൻ പറയുന്നതിൽ സംശയം തോന്നുന്നുണ്ടെങ്കിൽ ഈ പോസ്റ്റ് വായിക്കുന്നവർക്ക് മനസ്സിലാക്കാനുള്ള ഒരു എളുപ്പവഴിയുണ്ട്. ഈ വിവരണം സ്വന്തം മലദ്വാരവും ആയി ഒന്ന് താരതമ്യം ചെയ്താൽ മതി. 3 സെൻറിൽ മീറ്ററിൽ കൂടുതൽ അളവ് എന്നു പറയുമ്പോൾ എന്താണ് എന്ന് ആലോചിച്ചു നോക്കൂ ? അതും ഒരു ചെറിയ കുട്ടിയുടെ ശരീരത്തിൽ ? ഇല്ലെങ്കിൽ ഏതെങ്കിലും പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന പീഡനം നടന്ന മലദ്വാരത്തിന്റെ ചിത്രങ്ങൾ എടുത്ത് ഒന്ന് താരതമ്യം ചെയ്തു നോക്കൂ... ഇതിൽ കൂടുതൽ ലളിതമായി പറഞ്ഞു തരാൻ ആവില്ല.
"മരണകാരണം തൂങ്ങി മരണം എന്ന പശ്ചാത്തല വിവരണത്തോട് യോജിക്കുന്നു. എന്നാൽ കുട്ടിയുടെ പ്രായവും ഉപ്പൂറ്റി മുതൽ വലതുകൈയുടെ നടുവിരൽ അറ്റം വരെയുള്ള പരമാവധി നീളവും (151 cm) പരിഗണിച്ചാൽ കെട്ടി തൂക്കിക്കൊന്നത് ആവാനുള്ള സാധ്യത ഉള്ളതിനാൽ സംഭവം നടന്ന മുറിയിലെ അളവുകൾ പരിശോധിച്ച് അന്വേഷണം നടത്തി സ്ഥിരീകരിക്കണം."
പോസ്റ്റ്മോർട്ടം പരിശോധന ചെയ്ത ഡോക്ടർ മരണകാരണമായി പറഞ്ഞിരുന്നതാണ്.
കുട്ടിയുടെ ഉയരം 129 സെൻറീമീറ്റർ. ഉപ്പൂറ്റി മുതൽ വിരലറ്റം വരെയുള്ള നീളം 151 സെൻറീമീറ്റർ. തൂങ്ങിയ ഉത്തരത്തിന്റെ ഉയരം 246 സെൻറീമീറ്റർ.
ആ മുറിയിൽ ഒടിഞ്ഞ ഒരു കസേരയും ഒരു കട്ടിലും ഉണ്ടായിരുന്നു എന്ന കാരണത്താൽ ആത്മഹത്യയാവാം എന്ന് അന്വേഷ സംഘം അനുമാനിച്ചു എന്നാണ് വിധിയിൽ നിന്നും മനസ്സിലാവുന്നത്. കൂടുതൽ വിശദമായ അന്വേഷണങ്ങൾ ഒന്നും നടന്നിട്ടില്ല. ഒരു ചെറിയ കുട്ടിയുടെ കാര്യമാണിത്. കട്ടിലിന്റെയും കസേരയുടെയും ഉയരത്തെ കുറിച്ചൊരു ചോദ്യം പോലും പ്രോസിക്യൂട്ടർ ചോദിച്ചിട്ടില്ല.
സാധാരണഗതിയിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ഡോക്ടർ പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് ശേഷം ക്രൈം സീൻ വിസിറ്റ് ചെയ്യുന്ന ഒരു പരിപാടിയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ രേഖാമൂലം അപേക്ഷ കൊടുക്കുമ്പോഴാണ് ഇങ്ങനെ പോവുക. മരണം നടന്ന സ്ഥലം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. പ്രത്യേകിച്ചും ഇതുപോലുള്ള സാഹചര്യങ്ങളിൽ, ഒരു റിപ്പോർട്ടിൽ ഇത്ര കൃത്യമായി ഒരു കാര്യം എടുത്തു പറഞ്ഞ സാഹചര്യത്തിൽ...
രണ്ട് വിധിപ്പകർപ്പുകൾ വായിച്ചിട്ടും പോസ്റ്റ്മോർട്ടം പരിശോധനക്ക് ശേഷം ഡോക്ടർ ക്രൈം സീൻ വിസിറ്റ് ചെയ്തതായി മനസ്സിലായിട്ടില്ല.
പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷം ക്രൈം സീൻ വിസിറ്റ് നടത്തിയിട്ട് അത് രേഖപ്പെടുത്താത്തതാണോ എന്നറിയില്ല. പോസ്റ്റ്മോർട്ടം പരിശോധനക്ക് മുൻപ് ഡോക്ടർ സീൻ വിസിറ്റ് ചെയ്യുന്നതിനെക്കുറിച്ചല്ല ഞാൻ എഴുതിയിരിക്കുന്നത്. കാരണം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷമാണ് മരണകാരണം കണ്ടുപിടിക്കുന്നതും മുറിയിലെ അളവുകൾ പരിശോധിക്കണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപെടുത്തുന്നതും.
സത്യത്തിൽ എന്തൊക്കെയാണ് സംഭവിച്ചത് ?
ഇതിനിടയിൽ കാര്യമായി പഠിക്കാതെയാണ് വിഷയങ്ങൾ അവതരിപ്പിച്ചത് എന്ന് പ്രോസിക്യൂട്ടർ പറഞ്ഞതായി വാർത്ത.
ആഭ്യന്തരവകുപ്പും നിയമവകുപ്പും ഒരേ പോലെ ഉത്തരവാദികളാണ്, ആഭ്യന്തരമന്ത്രിക്കും നിയമ മന്ത്രിക്കും ഉത്തരവാദിത്വം ഉണ്ട്.
ഒരു പുനരന്വേഷണം അല്ലാതെ മറ്റൊരു വഴിയും ഉണ്ടെന്ന് തോന്നുന്നില്ല. അത് നീതിപൂർവ്വം നടക്കും എന്ന് ഉറപ്പു വരുത്തേണ്ടത് സർക്കാരാണ്. ആഭ്യന്തരമന്ത്രിയും നിയമമന്ത്രിയും ആണ്. സാധ്യമായതെല്ലാം ചെയ്തിരിക്കും എന്ന് നിയമസഭയിൽ ഉറപ്പുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണ്. ആ ഉത്തരവാദിത്വം നിറവേറ്റിയേ പറ്റൂ.
valayar pocso assualt, dr's viral fb post on horrific assualt
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."