സത്യഗ്രഹമോ സത്യാഗ്രഹമോ? നഗരസഭയില്‍ ചൂടേറിയ ചര്‍ച്ച
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമരമെന്നാണൊ? അതൊ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരമെന്നാണൊ ? എന്ന കാര്യത്തില്‍ ഗുരുവായൂര്‍ നഗരസഭയില്‍ ചൂടേറിയ ചര്‍ച്ച.
നഗരസഭയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന പരിപാടികളെ കുറിച്ച് വിശദീകരിക്കാന്‍ ചെയര്‍പേഴ്‌സണ്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം തുടങ്ങും മുന്‍പായിരുന്നു ഇത് ചര്‍ച്ചയായത്. ഇക്കഴിഞ്ഞ എട്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത നഗരസഭ മൈതാനിയിലെ സ്റ്റേജിന് ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക മന്ദിരമെന്നാണ് സ്റ്റേജില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡിലുള്ളത്.
സത്യഗ്രഹം എന്നല്ല സത്യാഗ്രഹം എന്നാണ് ശരിയായ വാക്കെന്നും അതിനാല്‍ ബോര്‍ഡില്‍ സത്യാഗ്രഹം എന്നാക്കണമെന്നും ആവശ്യപ്പെട്ട് ഒരു സംഘടന നഗരസഭക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ ശാന്തകുമാരി പറഞ്ഞതോടെയാണ് 'സത്യാഗ്രഹ സത്യഗ്രഹ' ചര്‍ച്ച തുടങ്ങിയത്. സത്യാഗ്രഹമെന്ന വാക്കല്ലെ ശരിയെന്നും താന്‍ പഠിച്ചതും പഠിപ്പിച്ചതും സത്യാഗ്രഹമെന്ന വാക്കായിരുന്നുവെന്നാണ് ഓര്‍ക്കുന്നതെന്ന് ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിട്ട. യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കൂടിയായ എം. രതി ടീച്ചര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ സത്യാഗ്രഹമെന്നല്ല സത്യഗ്രഹമെന്നാണ് ശരിയായ വാക്കെന്ന് റിട്ട. കോളജ് പ്രൊഫസര്‍ കൂടിയായ ചെയര്‍പേഴ്‌സണ്‍ പി.കെ ശാന്തകുമാരി പറഞ്ഞു. രതി ടീച്ചര്‍ പറഞ്ഞതാണ് ശരിയെന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞതാണ് ശരിയെന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ ശരിവച്ചു.
എന്നാല്‍ സ്റ്റേജ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയും എം.എല്‍.എയും സത്യഗ്രഹമെന്ന് പറഞ്ഞാണ് പ്രസംഗിച്ചതെന്നും അതിനാല്‍ സത്യഗ്രഹമെന്ന വാക്ക് തന്നെയാവും ശരിയാവാന്‍ സാധ്യതയെന്ന് ചിലര്‍ എവിടെയും തൊടാതെ പറഞ്ഞു. ഇതിനിടയില്‍ പലരും സംസ്‌കൃതത്തിലെയും മലയാളത്തിലെയും ഉച്ചാരണങ്ങളെ കുറിച്ച് ഉദാഹരിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച ക്ഷേത്ര പ്രവേശന സത്യാഗ്രഹ സ്മാരക എ.കെ.ജി കവാടത്തിന്റെ പേരെഴുതിയ ബോര്‍ഡില്‍ സത്യാഗ്രഹമെന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സത്യഗ്രഹമെന്ന വാക്കാണ് ശരിയെങ്കില്‍ എ.കെ.ജി കവാടത്തിലുള്ളത് തെറ്റായ പ്രയോഗമല്ലെ എന്ന ചോദ്യത്തിന് അന്നുള്ളവര്‍ക്ക് പിഴവ് പറ്റിയതാവാമെന്നായിരുന്നു ചെയര്‍പേഴ്‌സന്റെ മറുപടി.
'സത്യഗ്രഹ സത്യാഗ്രഹ' ചര്‍ച്ച നീണ്ട് മടുപ്പ് അനുഭവപ്പെട്ടപ്പോള്‍ എല്ലാവര്‍ക്കും വാര്‍ത്താ സമ്മേളനം തുടങ്ങാമെന്നായി. അതോടെ 'സത്യഗ്രഹ സത്യാഗ്രഹ' സൗഹൃദ ചര്‍ച്ചയും അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."