ആര്‍.സി.ഇ.പി: ചൈനീസ് ഉല്‍പന്നങ്ങളെ ഭയന്ന് ഇന്ത്യ, കരാര്‍ ഒപ്പുവയ്ക്കുന്നത് നീട്ടിവയ്ക്കണമെന്ന് മോദി
ബാങ്കോക്ക്: ഇന്ത്യ മുതല്‍ ന്യൂസിലന്‍ഡ് വരെയുള്ള 16 ഏഷ്യ പെസഫിക് രാജ്യങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാരത്തിന് അനുമതി നല്‍കുന്ന ആര്‍.സി.ഇ.പി(മേഖലാതല സമഗ്ര സാമ്പത്തിക പങ്കാളിത്ത) കരാറില്‍ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ഭയക്കുന്നത് ചൈനയെ. കരാറിലൊപ്പിടുന്നതോടെ ഇന്ത്യയിലേക്ക് വില കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ ഒഴുകുകയും അത് രാജ്യത്തെ ഉല്‍പന്നങ്ങളുടെ വിപണനത്തെ സാരമായി ബാധിക്കുകയും ചെയ്യും. ആസിയാന്‍ ഉച്ചകോടിയിലും മോദി ഇക്കാര്യത്തിലെ ആശങ്ക പങ്കുവച്ചു.
ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാറെന്നു വിശേഷിപ്പിക്കാവുന്ന ആര്‍.സി.ഇ.പി കരാര്‍ ഒപ്പുവയ്ക്കല്‍ അടുത്തവര്‍ഷത്തേക്കു മാറ്റിവയ്ക്കണമെന്ന് ആസിയാനില്‍ മോദി ആവശ്യപ്പെട്ടത് ഇതിനാലാണ്. കരാറിലൊപ്പിടുന്നത് രാജ്യത്തെ ചെറുകിട സംരംഭകരെയും കര്‍ഷകരെയും വ്യാപാരികളെയും ദോഷകരമായി ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് സോണിയാ ഗാന്ധിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കരാര്‍ ഒപ്പുവയ്ക്കുന്നത് മാറ്റിവയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യം ആസിയാന്‍ രാജ്യങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ലോക ജനസംഖ്യയിലെ പകുതിയോളം വരുന്ന ആര്‍.സി.ഇ.പി രാജ്യങ്ങളിലാണ് ആഗോള ജി.ഡി.പിയുടെ മൂന്നിലൊന്ന്. അതിനിടെ ഇന്ത്യയെ ഒഴിവാക്കി ജപ്പാന്‍, ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയെ ഉള്‍പ്പെടുത്തി ആര്‍.സി.ഇ.പി രാജ്യങ്ങളെ രൂപപ്പെടുത്താനുള്ള സാധ്യതകളും അണിയറയില്‍ നടക്കുന്നുണ്ട്. അതേസമയം ഇന്ത്യയെ ആര്‍.സി.ഇ.പിയില്‍ നിന്ന് ഒഴിവാക്കില്ലെന്ന് തായ്‌ലാന്‍ഡ് വാണിജ്യമന്ത്രി ജുറിന്‍ ലാക്‌സനവിസിറ്റ് പറഞ്ഞു.
ആസിയാന്‍ ഉച്ചകോടിക്കിടെ തായ്‌ലാന്‍ഡിലെത്തിയ ചൈനീസ് പ്രധാനമന്ത്രി ലി കെഖ്‌യാങ് ഇന്നലെ ആസിയാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."