ഫ്രാന്‍സില്‍ ബാറില്‍ തീപിടിത്തം; 13 മരണം
പാരിസ്: ഫ്രാന്‍സിലെ റോയേന് നഗരത്തിലെ ബാറിലുണ്ടായ തീപിടിത്തത്തില്‍ 13 പേര് മരിച്ചു. ആറുപേര്‍ക്ക് പൊള്ളലേറ്റു. ജന്മദിനാഘോഷത്തിനിടെയാണ് ദുരന്തം. ക്യൂബ ലിബ്റെ ബാറിലാണ് അപകടം. ജന്മദിന കേക്ക് മുറിക്കുന്നതിനിടെ കത്തിച്ച മെഴുകുതിരിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് നിഗമനം. ശബ്ദസംവിധാനങ്ങള്ക്കുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ചുവരുകള്‍ കത്തിയതിനെ തുടര്‍ന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് മിക്കവരും മരിച്ചതെന്ന് പൊലിസ് പറയുന്നു.
മരിച്ചവരില്‍ ഏറെയും യുവാക്കളാണ്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. 50 ലേറെ അഗ്നിശമന സേനാ യൂനിറ്റുകള്‍ എത്തിയാണ് തീയണച്ചത്. അന്വേഷണം തുടങ്ങിയതായി ആഭ്യന്തര മന്ത്രി ബെര്‍നാഡ് കാസിനോവ പറഞ്ഞു. തീപടര്‍ന്നതോടെ തിക്കും തിരക്കുമുണ്ടായത് അപകടത്തിന്റെ ആഘാതം കൂട്ടി. 18 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുരന്തത്തില്‍ ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചു. 2005 നു ശേഷം ഇതാദ്യമായാണ് ഇത്രവലിയ തീപിടിത്ത ദുരന്തം ഫ്രാന്സിലുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."