ശശി മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയിലേക്ക്; ജാഥ തീരാന്‍ കാത്ത് സി.പി.എം
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ പരാതിയില്‍ നടപടി തീരുമാനം സി.പി.എം വീണ്ടും നീട്ടി. ശശി നയിക്കുന്ന നിയോജകമണ്ഡലം കാല്‍നട പ്രചാരണ ജാഥ പുരോഗമിക്കുന്നതിനാല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്ന് ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും തീരുമാനിച്ചു.
കാല്‍നട പ്രചാരണജാഥക്കിടെ നടപടി വരുന്നതിലെ അനൗചിത്യം കണക്കിലെടുത്താണ് പി.കെ ശശിക്കെതിരായ നടപടി തീരുമാനം നീട്ടാന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. തൊട്ടുപിന്നാലെ നടന്ന സംസ്ഥാനസമിതിയില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം അറിയിച്ചു.
ഷൊര്‍ണൂര്‍ മണ്ഡലത്തിലെ കാല്‍നട പ്രചാരണജാഥ നാളെയാണ് സമാപിക്കുക. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാനസമിതിയും യോഗം ചേര്‍ന്ന് നടപടി തീരുമാനിക്കും. അതേസമയം, പി.കെ ശ്രീമതിയും എ.കെ ബാലനും തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പി.കെ ശശിയെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്നു മണ്ണാര്‍ക്കാട് ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ സെക്രട്ടേറിയറ്റില്‍ ധാരണയായതായാണ് സൂചന. ഓഗസ്റ്റ് പതിനാലിനാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പി.കെ ശശിക്കെതിരേ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്.
മൂന്നര മാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാതായതോടെ പരാതിക്കാരി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. ചൊവ്വാഴ്ച നിയമസഭാ സമ്മേളം ആരംഭിക്കുന്നതുംകൂടി പരിഗണിച്ചാണ് തീരുമാനമെടുക്കാന്‍ ഇന്നലെ നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ത്തത്. തിങ്കളാഴ്ച തന്നെ തീരുമാനമെടുക്കുമെന്നതിനാല്‍ ഈവിഷയം സഭയില്‍ പ്രതിപക്ഷത്തിന് ആയുധമാക്കാനാവില്ലെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. അതേസമയം, ലൈംഗികപീഡന ശ്രമമെന്ന ആരോപണം, സഹപ്രവര്‍ത്തകയോട് അപമര്യാദയോടെയുള്ള പെരുമാറ്റമെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ലഘൂകരിച്ചിട്ടുണ്ടെന്നാണ് സൂചന. തനിക്കെതിരേ ഗൂഢാലോചനയുണ്ടായെന്ന പി.കെ ശശിയുടെ ആരോപണത്തിലും നടപടി ഉണ്ടായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."