ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ നിയന്ത്രണമുറപ്പിച്ച് വിക്രമസിംഗെ
കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റിന്റെ നിയന്ത്രണം സ്വന്തമാക്കി പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള സഖ്യം. പുതുതായി അധികാരമേറ്റ മഹിന്ദ രാജപക്സെക്കും പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്കും വീണ്ടും തിരിച്ചടിയായാണു പാര്‍ലമെന്റിലെ പ്രധാന കമ്മിറ്റിയുടെ നിയന്ത്രണം വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള മുന്നണി സ്വന്തമാക്കിയത്. ഇതേതുടര്‍ന്ന് സിരിസേനയെ പിന്തുണയ്ക്കുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ വാക്കൗട്ട് നടത്തി.
സ്പീക്കര്‍ കാരു ജയസൂര്യയാണ് പാര്‍ലമെന്റിന്റെ ഭരണം നിര്‍വഹിക്കുന്ന 12 അംഗ പാര്‍ലമെന്ററി കമ്മിറ്റിയെ നിയമിച്ചത്. വിക്രമസിംഗെയുടെ പാര്‍ട്ടിയായ യുനൈറ്റഡ് നാഷനല്‍ ഫ്രന്റില്‍(യു.എന്‍.എഫ്) നിന്നും സിരിസേനയുടെ യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സില്‍(യു.പി.എഫ്.എ) നിന്നും അഞ്ചുപേര്‍ വീതവും വിക്രമസിംഗെയുടെ മുന്നണിയിലെ സഖ്യകക്ഷികളായ തമിള്‍ നാഷനല്‍ അലയന്‍സ്(ടി.എന്‍.എ), ജനതാ വിമുക്തി പേരമുണ(ജെ.വി.പി) എന്നിവയില്‍നിന്ന് ഓരോപേര് വീതവും അംഗങ്ങളായാണ് കമ്മിറ്റി തിരഞ്ഞെടുത്തത്. സഖ്യകക്ഷികളുടെ കൂടി പിന്തുണയോടെയാണ് കമ്മിറ്റിയുടെ നിയന്ത്രണം വിക്രമസിംഗെയുടെ കൈയില്‍ വന്നത്. ശ്രീലങ്കയില്‍ കഴിഞ്ഞ ഒക്ടോബര്‍ 26ന് ആരംഭിച്ച രാഷ്ട്രീയ അസ്ഥിരത ഇനിയും അവസാനിക്കാതെ തുടരുകയാണ്. പാര്‍ലമെന്റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ രാജപക്സെ പരാജയപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."