അവകാശ പോരാട്ടം ആര്‍ജവത്തോടെ തുടരും: ദീപിക സിങ് രജാവത്ത്
തിരുവനന്തപുരം: ആരൊക്കെ തടഞ്ഞാലും നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം കൂടുതല്‍ ആര്‍ജവത്തോടെ തുടരുമെന്ന് കത്‌വ പെണ്‍കുട്ടിക്കായി ഹാജരായ അഭിഭാഷക ദീപിക സിങ് രജാവത്ത്. നീതിക്ക് വേണ്ടി ജീവന്‍ നല്‍കാനും താന്‍ തയാറാണ്. ദേശീയ പത്രദിന വാരാചരണത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയും തിരുവനന്തപുരം പ്രസ്‌ക്ലബും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ സ്വാതന്ത്ര്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
താന്‍ ഒരു ദേശീയ ചാനലിന്റെ ഇരയാണ്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി അവര്‍ ഷോകള്‍ ആസൂത്രണം ചെയ്യുകയാണ്. തന്റെ വ്യക്തിപരമായ ചിത്രങ്ങള്‍ വരെ അവര്‍ ദുരുപയോഗം ചെയ്യുന്നു. എട്ടു വയസുള്ള പെണ്‍കുട്ടിക്ക് വേണ്ടി വാദിച്ചതിനാലാണ് ഈ വേട്ടയാടലുകള്‍. രാജ്യത്തിന്റെ ഭാവി അപകടത്തിലാണ്. മനുഷ്യാവകാശ മുന്നേറ്റങ്ങളെ കുപ്രചാരണത്തിലൂടെ ദുര്‍ബലപ്പെടുത്താന്‍ സംഘടിത നീക്കം നടക്കുകയാണ്. രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിയണം.
മാധ്യമങ്ങള്‍ ചിലരെ ഗൂഢലക്ഷ്യങ്ങളോടെ അപകടത്തില്‍ തള്ളുകയാണ്. അവരുടെ മാന്യതയും അന്തസും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി കവരുന്നു. ഇത്തരക്കാരെ ചെറുക്കുകയും പ്രതിരോധിക്കുകയും അവര്‍ക്കെതിരേ പ്രതിഷേധിക്കുകയും വേണം. ദീപിക പറഞ്ഞു.
ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍, സരിത വര്‍മ, സരിത എസ്. ബാലന്‍, സ്‌നേഹ മേരി കോശി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."