ദേശീയപാത: അപാകത പരിഹരിക്കണം
ദേശീയപാതാ വികസനം തീര്‍ച്ചയായും കേരളീയരുടെ സ്വപ്നപദ്ധതിയാണ്. അത് എത്രയും വേഗം പൂര്‍ത്തിയാകണമെന്നു നമ്മളെല്ലാം ആഗ്രഹിക്കുന്നുമുണ്ട്. എന്നാല്‍, സമഗ്രവും കൃത്യവുമായ സാധ്യതാപഠനവും പദ്ധതിച്ചെലവും നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച ശരിയായ വിലയിരുത്തല്‍ തയാറാക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകുന്നതു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കും. ചേര്‍ത്തല കഴക്കൂട്ടം പാത തന്നെ ആസൂത്രണമില്ലായ്മയ്ക്ക് ഉദാഹരണമാണ്. ആ പാതയുടെ സാധ്യതാപഠനത്തെക്കുറിച്ചു ഹൈക്കോടതി ഉന്നയിച്ച കാര്യങ്ങള്‍ക്കു തൃപ്തികരമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനായില്ല. അതുമൂലം പ്രശ്‌നം വീണ്ടും ഹൈക്കോടതിയുടെ മുന്നിലെത്തിയിരിക്കുകയാണ്. മറ്റിടങ്ങളിലും ദേശീയപാതാ അതോറിറ്റിയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും നിലപാടുകളിലെ യാഥാര്‍ഥ്യമില്ലായ്മ ജനപ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്. പലയിടങ്ങളിലും പ്രശ്‌നം കോടതി കയറി. ദേശീയപാതാ നിര്‍മാണത്തിന് വീടും, കടകളും ഭൂമിയും വിട്ടുകൊടുത്തവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കിയേ തീരൂ.
അന്തിമമായ വിശദ പദ്ധതിരേഖ ഇതുവരെ തയാറാക്കിയിട്ടില്ല. ഇതുമൂലം സാമൂഹ്യാഘാതപഠനവും പാരിസ്ഥിതികപഠനവും നടന്നിട്ടില്ല. 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരവും മറ്റു നടപടികളും സ്വീകരിക്കുമെന്നാണു പറയുന്നതെങ്കിലും 1956 ലെ നാഷനല്‍ ഹൈവേ നിയമമനുസരിച്ചാണു നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.
1) ദേശീയപാത സ്ഥലമെടുപ്പിന് 21,000 കോടി രൂപ ചെലവ് വരുമെന്നും അതില്‍ 5,250 കോടി കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുമെന്നുമാണു ധാരണാപത്രത്തിലുള്ളതെങ്കിലും ഡ്രാഫ്റ്റ് ഫീസിബിലിറ്റി റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ സ്ഥലമെടുപ്പു ചെലവായി കാണിച്ചത് 3,000 കോടിയില്‍ താഴെയാണ്. വസ്തുനിഷ്ഠമായ പഠനത്തിന്റെ അഭാവമാണ് എത്തുംപിടിയുമില്ലാത്ത കണക്കിലെത്തിച്ചത്.
5,250 കോടി കേരളത്തിനു താങ്ങാനാവില്ല. ചെലവു തുക വര്‍ധിച്ചാല്‍ ദേശീയപാതാവികസനം നിശ്ചലമാകും. അതിനാല്‍ ഓരോ ജില്ലയിലും യഥാര്‍ഥ നഷ്ടപരിഹാരം എത്രയെന്നു കണക്കാക്കണം. ഏറ്റെടുക്കേണ്ട ഭൂമിയുടെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാരിന്റെ കൈയിലുണ്ട്. വില്ലേജ് തിരിച്ച് അടിസ്ഥാന മൂല്യനിര്‍ണയം നടത്തി കൃത്യമായ വില കണ്ടെത്താം.
2) 2013 ലെ നിയമപ്രകാരം പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എന്നാല്‍, നിയമം അനുശാസിക്കുന്ന നടപടി ഒരു ജില്ലയിലും ഇതുവരെ എടുത്തിട്ടില്ല. ഒന്നും ചെയ്യാതെ കാസര്‍കോട് , കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ നിരവധി കുടുംബങ്ങളോടു കുടിയൊഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതു നിയമവിരുദ്ധമാണ്.
3) ദേശീയപാതാവികസനച്ചെലവ് പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ വഹിക്കേണ്ടതാണ്. കേരളത്തിലൊഴികെ അങ്ങനെയാണ്. പതിവില്ലാത്ത വിധം ഭൂമിയേറ്റെടുപ്പിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കാമെന്നറിയിച്ചത് അനാവശ്യ കീഴ്‌വഴക്കം സൃഷ്ടിക്കലും വന്‍സാമ്പത്തിക ബാധ്യത തലയിലേറ്റലുമാണ്. ടോള്‍ വരുമാനത്തില്‍ നിന്നുള്ള ന്യായമായ വിഹിതം ചോദിച്ചു വാങ്ങി നഷ്ടം നികത്താന്‍ പോലും തയാറാകാത്തതു വീഴ്ചയാണ്.
ഇതെല്ലാം അടിയന്തരമായി സര്‍ക്കാര്‍ പരിഗണിക്കുകയും ന്യായമായ പരിഹാരമുണ്ടാക്കുകയും വേണം. ഇരകളെ പ്രതിനിധീകരിക്കുന്ന സംഘടനകളുമായി ചര്‍ച്ച നടത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്.
(വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച
കത്തിലെ പ്രസക്തഭാഗം)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."