മൂഡബിദ്രിയില്‍ ജ്വലിക്കാന്‍ യുവത്വം
മൂഡബിദ്രി (മംഗലാപുരം): ജൈനനഗരിയില്‍ ഇനി കായിക കരുത്തിന്റെ പേരാട്ടം. മെഡല്‍ വേട്ടക്കാരെ കാത്തിരിക്കുന്നത് കൈനിറയെ പോക്കറ്റ് മണി.
പുതിയ ഉയരവും ദൂരവും വേഗതയും ലക്ഷ്യമിട്ടു യുവത്വം ഇനി അഞ്ചു നാള്‍ നിറഞ്ഞാടും. 79 ാമത് അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് മംഗലാപുരം നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മൂഡബിദ്രിയില്‍ 28 വരെ നടക്കും. മംഗളൂരു സര്‍വകലാശാലയും ആല്‍വാസ് എജ്യൂക്കേഷന്‍ ഫൗണ്ടേഷനും സംയുക്തമായാണ് ചാംപ്യന്‍ഷിപ്പിന് ആതിഥ്യമേകുന്നത്.
ഇന്ത്യയിലെ 275 സര്‍വകലാശാലകളില്‍ നിന്നായി 4500 കായിക താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും. റെക്കോര്‍ഡ് ജേതാക്കള്‍ക്ക് 25,000 രൂപ വീതവും സ്വര്‍ണം, വെള്ളി, വെങ്കലം നേടുന്നവര്‍ക്ക് 15,000, 10,000, 5,000 വീതവും കാഷ് അവാര്‍ഡ് സമ്മാനിക്കും. ആല്‍വാസ് വിദ്യാഭ്യാസ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം. മോഹനാണ് കാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എം.ജി, കാലിക്കറ്റ്, കേരള, കണ്ണൂര്‍ സര്‍വകലാശാലകളില്‍ നിന്നായി മൂഡബിദ്രിയുടെ ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങാന്‍ കാത്തിരിക്കുന്ന 200 ലേറെ കായിക താരങ്ങളിലാണ് കേരളത്തിന്റെ മെഡല്‍ പ്രതീക്ഷ. വനിതാ കിരീടം കൈവിടാതെ സൂക്ഷിക്കാന്‍ ഉറപ്പിച്ചു തന്നെയാണ് എം.ജിയുടെ വരവ്. പരിശീലകന്‍ പി.പി പോളിന്റെ നേതൃത്വത്തില്‍ 44 പെണ്‍കുട്ടികളും 30 ആണ്‍കുട്ടികളും അടങ്ങിയ 74 അംഗ സംഘം മൂഡബിദ്രിയില്‍ എത്തിക്കഴിഞ്ഞു.
മെഡല്‍ വേട്ടക്കാരായ അലീന ജോസ്, ജെറിന്‍ ജോസ്, എന്‍.എസ് സിമി, രമ്യാരാജന്‍, ആതിര സോമരാജ്, വി.ഒ നിമ്മി, ഷെറിന്‍, സ്‌നേഹ എന്നിവരാണ് എം.ജിയുടെ കരുത്ത്. കിരീടം കേരളത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടു കാലിക്കറ്റ് സര്‍വകലാശാലയും തയാറായിക്കഴിഞ്ഞു. വാള്‍ട്ടര്‍ പി.
ഒളിംപ്യന്‍ ജിസ്‌ന മാത്യു, എയ്ഞ്ചല്‍ ദേവസ്യ, രാജ്യാന്തര താരങ്ങളായ മുഹമ്മദ് അനീസ്, സി. ബബിത, അബിത മേരി മാനുവല്‍, കെ.എസ് അനന്തു തുടങ്ങിയ താരങ്ങളാണ് കാലിക്കറ്റിന്റെ കരുത്ത്. ഇന്ന് രാവിലെ 6.30ന് പുരുഷ വിഭാഗം 5000 മീറ്റര്‍ മത്സരത്തോടെയാണ് ചാംപ്യന്‍ഷിപ്പിന് തുടക്കമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."