സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് മീറ്റ്; പെണ്‍കരുത്തില്‍ കോട്ടയത്തിന്റെ കുതിപ്പ്
തിരുവനന്തപുരം: പെണ്‍പട മുന്നില്‍ നിന്നു നയിച്ചപ്പോള്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനത്തില്‍ കോട്ടയത്തിന്റെ മുന്നേറ്റം. ആദ്യദിനം നാലു സ്വര്‍ണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 77 പോയിന്റോടെയാണ് കോട്ടയം ഒന്നാമതെത്തിയത്.
നാലു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ട് വെങ്കലവും നേടിയ എണാകുളം ജില്ല 62 പോയിന്റുമായി രണ്ടാമതെത്തി. രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവമായി 58 പോയിന്റോടെ പാലക്കാട് ജില്ലയാണ് മൂന്നാമത്. വനിതകളുടെ കരുത്തിലായിരുന്നു കോട്ടയത്തിന്റെ ആദ്യദിനത്തിലെ മുന്നേറ്റം. 77 ല്‍ 61 പോയിന്റും സമ്മാനിച്ചത് വനിത താരങ്ങളായിരുന്നു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 45 പോയിന്റുമായി എറണാകുളം ഒന്നാമതും 27 പോയിന്റോടെ ആതിഥേയരായ തിരുവനന്തപുരം രണ്ടാമതും 26 പോയിന്റോടെ പാലക്കാട് മൂന്നാമതുമെത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതുള്ള കോട്ടയം 61 പോയിന്റോടെ എതിരാളികളെക്കാള്‍ ഏറെ മുന്നിലാണ്. 32 പോയിന്റ് വീതം നേടി പാലക്കാട്, തൃശൂര്‍ ജില്ലകളാണ് രണ്ടാം സ്ഥാനത്ത്. 17 പോയിന്റുമായി എറണാകുളമാണ് മൂന്നാമത്. ആദ്യദിനത്തില്‍ 19 ഫൈനലുകളാണ് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്നത്.
അതിവേഗക്കാരായി രമ്യയും അശ്വിനും
അശ്വിനും രമ്യയും മീറ്റിലെ അതിവേഗ താരങ്ങളായി മാറി. തോരാതെ പെയ്ത മഴയില്‍ തണുത്തുറഞ്ഞ ട്രാക്കില്‍ തീ പടര്‍ത്തിയായിരുന്നു അതിവേഗത്തിലെ പുരുഷ താരമായി കെ.പി അശ്വിനും വനിതാ താരമായി രമ്യാ രാജനും ഫിനിഷ് ലൈന്‍ കടന്നത്. ഓടിയെത്തി. 10.85 സെക്കന്റില്‍ 100 മീറ്റര്‍ തൃശൂരിന്റെ കെ.പി അശ്വിന്‍ പിന്നിട്ടപ്പോള്‍ വനിതാ വിഭാഗത്തില്‍ കോട്ടയത്തിന്റെ രമ്യാ രാജന്‍ 12.31 സെക്കന്റിലായിരുന്നു അതിവേഗത്തില്‍ ഫിനിഷ് ചെയ്തത്.
തൃശൂരിന്റെ എം സുജിനാ (12.42), മലപ്പുറത്തിന്റെ വി. ശ്രുതി രാജു (12.54) എന്നിവര്‍ വനിതാ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. കോട്ടയത്തിന്റെ ടി.എന്‍ അല്‍ത്താഫ് (10.93), തൃശൂരിന്റെ കെ.ആര്‍ അജിത്ത് രാജ് (11.00) എന്നിവരാണ് പുരുഷവിഭാഗം 100 മീറ്ററില്‍ വെള്ളിയും വെങ്കലവും നേടിയത്. മീറ്റ് ഇന്ന് സമാപിക്കും. മീറ്റിന്റെ ആദ്യ ദിനം റിക്കാര്‍ഡുകള്‍ ഒന്നും പിറന്നില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."