ബഗ്ദാദിക്കും ലാദനും മരണാനന്തര ബഹുമതി!
അതിതീവ്ര പ്രത്യയശാസ്ത്ര ആയുധവുമായി മാനവികതക്ക് കടുത്ത പ്രഹരം ഏല്‍പ്പിച്ച ആധുനിക കാലഘട്ടത്തിലെ പ്രമുഖരിലൊരാളാണ് അബൂബക്കര്‍ അല്‍ ബഗ്ദാദി. ഇസ്‌റാഈല്‍ സൈനിക മൂശയില്‍ പരുവപ്പെടുത്തിയെടുത്ത പലരില്‍ ഒരാളാണ് ഇദ്ദേഹവും. ഇറാഖ്, സിറിയ എന്നീ രണ്ടു രാഷ്ട്രങ്ങളില്‍ മാത്രമല്ല ഇവരുടെ സംഹാരതാണ്ഡവം അരങ്ങേറിയത്. മധ്യപൗരസ്ത്യ നാടുകളിലും പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍, യൂറോപ്പ്, ചില ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ അങ്ങനെ ലോകവ്യാപകമായി വലിയ പ്രഹരം ഈ ഇസ്‌റാഈല്‍ ഉല്‍പ്പന്നത്തിന് ഏല്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ബഗ്ദാദിയെ നിര്‍മിച്ചതിന്റെ പിന്നില്‍ അമേരിക്കന്‍ ബൗദ്ധിക ഇടപെടലുകള്‍ തള്ളിക്കളയാന്‍ കഴിയില്ല. ഇസ്‌ലാമിക സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും ലോക ശക്തിയായി വളരാനുള്ള സാധ്യതയും തടയുകയായിരുന്നു അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യശക്തികളുടെ ലക്ഷ്യം.
നുഴഞ്ഞുകയറ്റ രാഷ്ട്രീയം പ്രവാചകര്‍(സ്വ)യുടെ കാലഘട്ടത്തില്‍ തന്നെ യഹൂദ സമൂഹങ്ങള്‍ നടത്തിയിട്ടുണ്ട്. മദീനയില്‍ ആഭ്യന്തര അനൈക്യം സൃഷ്ടിക്കാന്‍ അതിതീവ്രമായ നിലപാടുകളാണ് സയണിസ്റ്റുകള്‍ അന്ന് കാണിച്ചത്. വംശീയതയായിരുന്നു അവരുടെ ഏറ്റവും വലിയ ആയുധം. അന്ത്യപ്രവാചന്റെ വരവ് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ഉല്‍പത്തി പുസ്തകത്തില്‍ അവര്‍ വായിച്ചതും വിശ്വസിച്ചുവന്നതുമാണ്. പക്ഷെ പ്രവാചകരുടെ പരമ്പര ഇസ്മാഈല്‍ വംശത്തിലായതിനാല്‍ കടുത്ത വംശീയ വാദികളായ യഹൂദര്‍ അംഗീകരിച്ചില്ല. സത്യം ബോധ്യമായിട്ടും ഇസ്ഹാഖ് പരമ്പരയില്‍ അല്ലാത്തതിനാല്‍ ന്യായപ്രമാണങ്ങള്‍ ഒന്നും അവര്‍ മുഖവിലക്കെടുത്തില്ല. മാനവികതക്കേറ്റ വംശീയത എന്ന കാന്‍സര്‍ബാധ മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നു.
വൈജ്ഞാനിക, വിഭവ,ഭൂമിശാസ്ത്ര, മനുഷ്യവിഭവസമ്പത്തുകളില്‍ സമ്പന്നമായ അറബ് മുസ്‌ലിം സമൂഹത്തിന് പരസ്പരം വെടിവയ്ക്കാനുള്ള തോക്ക് വാങ്ങിച്ചുകൊടുത്ത് മാറിനിന്ന് ആസ്വദിക്കുകയായിരുന്നു സാമ്രാജ്യശക്തികള്‍. അഞ്ച് ഭൂഖണ്ഡങ്ങള്‍ ചലിക്കാന്‍ ഉതകുന്ന എണ്ണധമനികള്‍ നല്‍കി അനുഗ്രഹിക്കപ്പെട്ട ഈ ഭൂപ്രദേശത്തിന്റെ ഉടമകള്‍ സഹോദരന്റെ നെഞ്ചുനോക്കി വെടിവയ്ക്കാന്‍ കുറുക്കനെ പോലെ കാത്തുനിന്നു. പകയുടെ, ദുര്‍വാശിയുടെ, അഹന്തയുടെ പാഠപുസ്തകങ്ങള്‍ ബഗ്ദാദി വഴി, ബിന്‍ലാദന്‍ വഴി പഠിക്കാന്‍ മത്സരിച്ചപ്പോള്‍ നട്ടെല്ലു നിവര്‍ത്തിനിന്ന് പൗരുഷ ബോധം കാണിക്കാന്‍ കഴിയാത്ത വിധം അടിമാവസ്ഥ പ്രാപിച്ചു.
റോബോര്‍ട്ട് സൈന്യങ്ങളെ ഉപയോഗപ്പെടുത്തി അറബ് ഭൂപ്രദേശം പിടിച്ചടക്കാനുള്ള പടപ്പുറപ്പാടിലാണ് ഇസ്‌റാഈല്‍ സൈന്യം. ഇസ്‌റാഈല്‍ സൈന്യത്തിന് ആളപായം സംഭവിക്കാതെ എണ്ണഭൂമി സ്വന്തമാക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടന്നുവരുന്നു. ഈജിപ്തിലെ സൂയസ് കനാല്‍ ദേശസാല്‍ക്കരിച്ചുകൊണ്ട് ജമാല്‍ അബ്ദുല്‍ നാസര്‍ എന്ന ധീരന്‍ നിലപാട് സ്വീകരിച്ചതിന് ജീവന്‍ നല്‍കേണ്ടിവന്ന ചരിത്രം അറബ് ഭരണാധികാരികള്‍ക്ക് ഓര്‍മയുണ്ട്. പെട്രോളില്‍ കൈവച്ചതിന്റെ പേരില്‍ ഫൈസല്‍ രാജാവിനെ വെടിവച്ച് താഴെയിടാന്‍ കൊട്ടാരത്തില്‍ തന്നെ ഒരു കുടുംബാംഗത്തെ സജ്ജമാക്കാന്‍ സാമ്രാജ്യത്വശക്തികള്‍ക്ക് സാധ്യമായിട്ടുണ്ട്.
തിരിച്ചുവരവിന്റെ വിദൂര സാധ്യത പോലും സാമ്രാജ്യശക്തികള്‍ തടയുകയാണ്. പലഭരണാധികാരികളുടെയും അരമന കാവല്‍ക്കാര്‍ സാമ്രാജ്യദല്ലാളന്മാരാണ്. മുസ്‌ലിം സമൂഹത്തില്‍ ആഭ്യന്തര ശിഥിലീകരണമുണ്ടാക്കുന്നത് പുതിയ സംഭവമല്ല. ഉസാമ ബിന്‍ ലാദന്‍ സ്വപ്ന ദര്‍ശനത്തില്‍ രൂപീകരിച്ച സംഘടനയല്ല അല്‍ ഖാഇദ. ബൊക്കോ ഹറം രൂപീകരിച്ചതിന് പിന്നിലും അതി തീവ്ര മതസ്‌നേഹമല്ല. അബൂബക്കര്‍ അല്‍ ബഗ്ദാദിയെ അവസാനം വേട്ടയാടാന്‍ ഒരു പരിശീലനം നേടിയ നായയെ ആണത്രേ ഉപയോഗിച്ചത്. വാര്‍ത്ത നിര്‍മിക്കുന്നതും പ്രകാശിപ്പിക്കുന്നതും ഒരു കേന്ദ്രത്തില്‍ നിന്നാണ്. പകര്‍ത്തി എഴുത്തുകാരായ ലോക മാധ്യമ ശൃംഖലകള്‍ യജമാനന്‍ പറയുന്നത് പുറംലോകത്ത് എത്തിക്കുന്നു.
ഇറാഖില്‍ രാസായുധത്തിന്റെ കൂമ്പാരമുണ്ടെന്ന് ഉലക്ക മുക്കി എഴുതിയ മലയാള പത്രങ്ങള്‍ എത്ര ഉണ്ടായിരുന്നു. തിരക്കഥകളൊക്കെ പൂര്‍ത്തിയായി സദ്ദാമിനെ തൂക്കിലേറ്റിയതിനുശേഷം പിന്നെ രാസായുധമില്ലെന്ന് യജമാനന്‍ പതിയെ പറഞ്ഞത് എട്ടാം പേജില്‍ ഒറ്റക്കോളത്തില്‍ ചെറുതാക്കി കൊടുക്കാന്‍ എത്ര വാശിയാണ് നമ്മുടെ മാധ്യമലോകം കാണിച്ചത്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ദീപാവലി ദിവസം സമ്മാനങ്ങളും പലഹാരങ്ങളുമായി പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് ആശംസകളര്‍പ്പിച്ചത് വാര്‍ത്തയായില്ല. ഭാരതത്തിന്റെ ശത്രു രാഷ്ട്രമായ പാകിസ്താന്‍ ഇന്ത്യയുടെ ഒരു പ്രധാന ഉത്സവത്തിന് ആശംസ നേര്‍ന്നത് പുറംലോകം അറിയരുതെന്ന് കരുതാന്‍ എന്താണ് കാരണം. നന്മകളില്‍നിന്ന് ഓടിയൊളിക്കുകയും തിന്മകള്‍ വലിച്ചു കൊണ്ടുവരികയും ചെയ്യുന്ന വിദ്രോഹ, വികൃത മനസുകള്‍ സജീവമാണെന്ന് സാക്ഷ്യം.
അന്തമാന്‍ ജയിലില്‍വച്ച് ആറുതവണ ബ്രിട്ടീഷ് ഭരണകൂടത്തിന് മാപ്പ് എഴുതി റെക്കോര്‍ഡ് സൃഷ്ടിച്ചയാളാണ് വിനായക് ദാമോദര്‍ സവര്‍ക്കര്‍. ഭീരുത്വത്തിന് നൊബേല്‍ സമ്മാനം ഉണ്ടായിരുന്നുവെങ്കില്‍ സവര്‍ക്കര്‍ക്ക് അവകാശമുണ്ടായിരുന്നു. താന്‍ ജയില്‍മോചിതനായതില്‍ പിന്നെ ബ്രിട്ടന്‍ അനുകൂല സമൂഹ നിര്‍മിതി ചെയ്തുകൊള്ളാമെന്ന് എഴുതിക്കൊടുത്തു പുറത്തുവന്ന് രൂപീകരിച്ചതാണ് ഹിന്ദുമഹാസഭ. ഇന്ത്യയുടെ ആഭ്യന്തര ഭദ്രത തകര്‍ക്കുന്നത് ഈ സവര്‍ക്കരുടെ പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണ്. മഹാത്മജിയുടെ മാറിലേക്ക് നിറയൊഴിച്ച വിനായക് ഗോഡ്‌സെ സവര്‍ക്കറുടെ ആശയത്തിന്റെ ഉല്‍പ്പന്നമായിരുന്നു. സവര്‍ക്കറും ഗാന്ധി വധത്തില്‍ പ്രതിചേര്‍ക്കപ്പെട്ടുവെങ്കിലും ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ പേരില്‍ വിട്ടയക്കപ്പെട്ടദേഹമാണ്. ആധുനിക കുറ്റാന്വേഷണ രീതികള്‍ വളര്‍ച്ച പ്രാപിക്കാത്ത 1948ല്‍ കുറ്റവാളി അല്ലാത്തതുകൊണ്ടല്ല സവര്‍ക്കര്‍ രക്ഷപ്പെട്ടത്.
അന്തമാന്‍ ജയില്‍ സവര്‍ക്കര്‍ കിടന്നത് സ്വാതന്ത്ര്യസമരത്തില്‍ ഏതെങ്കിലും നിലക്ക് പങ്കെടുത്തതുകൊണ്ടല്ല. നാസിക് ജില്ലാ കലക്ടറായിരുന്ന എ.എം.ടി ജാക്‌സണ്‍ വധിക്കപ്പെട്ട കേസില്‍ പ്രതിയുടെ കൈയില്‍നിന്ന് ലഭിച്ച കത്തില്‍ സവര്‍ക്കറുടെ പേരും കണ്ടു എന്ന ലളിതമായ ഒരു കുറ്റത്തിനാണ്. സവര്‍ക്കര്‍ക്ക് ഭാരതരത്‌നം അവാര്‍ഡ് നല്‍കി ആദരിക്കാനുള്ള പുറപ്പാടിലാണ് ഭാരതസര്‍ക്കാര്‍. മനുഷ്യസമൂഹത്തില്‍ വിള്ളലുകളും പകയും വിദ്വേഷവും ശിഥിലീകരണവും സൃഷ്ടിച്ചവര്‍ക്ക് ആദരവ് നല്‍കുകയാണെങ്കില്‍ ബഗ്ദാദി, ലാദന്‍, ഇസ്‌റാഈല്‍ പ്രതിരോധമന്ത്രിയായിരുന്ന മോഷേയാന്‍, ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ച് പരലക്ഷങ്ങളെ കൊന്ന യു.എസ് പ്രസിഡന്റ് ട്രൂ മാന്‍, പോള്‍ പൊട്ട്, ജോസഫ് സ്റ്റാലിന്‍ എന്നിവരെ പരിഗണിക്കാന്‍ മടിക്കേണ്ടതില്ല.മാനവികതയെ പരസ്യമായി ബലാല്‍ക്കാരം ചെയ്ത ചെങ്കിസ്ഖാന്‍ ആദരണീയനായി പരിഗണിക്കുന്ന കാലം വരാന്‍ സാധ്യത കുറവല്ല.
സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും പീരങ്കി, മിസൈല്‍ തുടങ്ങിയ അത്യാധുനിക ആയുധത്തിന്റെ ആദ്യരൂപം രൂപകല്‍പ്പന ചെയ്യുകയും ബ്രിട്ടീഷ് രാജവംശത്തിന് ഭീഷണിയായി അറിയപ്പെടുകയും ചെയ്ത മൈസൂര്‍ സിംഹം ടിപ്പു സുല്‍ത്താനെക്കുറിച്ച് സ്‌കൂള്‍ പാഠപുസ്തകത്തില്‍ പഠിക്കാന്‍ പാടില്ല എന്ന നിലപാടാണ് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ സ്വീകരിച്ചുകാണുന്നത്. രാജ്യസ്‌നേഹികളും ത്യാഗികളും തമസ്‌ക്കരിക്കപ്പെടുകയും ഒറ്റുകാരും ചൂഷകരും മഹത്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന നാണംകെട്ട ചരിത്രം നിര്‍മിക്കാന്‍ ഫാസിസ്റ്റ് ഭരണകൂടം പൊതുഖജനാവിലെ ഫണ്ട് ഉപയോഗിച്ച് പണിയെടുക്കുകയാണ്. യഥാര്‍ഥത്തില്‍ ഇതു തന്നെയാണ് ഏറ്റവും വലിയ ദേശ വിരുദ്ധതയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."