പുളിപറമ്പിലെ മണ്ണെടുപ്പ്: പ്രതിഷേധം ശക്തമാകുന്നു
മാള: പൊയ്യ പഞ്ചായത്തിലെ പുളിപറമ്പില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് വന്‍ തോതില്‍ മണ്ണെടുക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ പ്രളയ ദുരന്തം വളരെയധികം ബാധിച്ച പ്രദേശമാണ് പൊയ്യ. ഈ പ്രദേശം ഉള്‍പ്പെടുന്ന പുളിപറമ്പിലെ ഹെക്ടര്‍ കണക്കിന് വിസ്തീര്‍ണമുള്ള പറമ്പിലെ മണ്ണെടുപ്പ് നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന ആശങ്കയിലാണ് ഇവിടത്തെ ജനങ്ങള്‍.
നിയമപരമായി മണ്ണെടുക്കാന്‍ അനുമതി ലഭിച്ചെന്ന ന്യായത്തില്‍ വന്‍ തോതില്‍ മണ്ണെടുക്കാന്‍ അനുവദിക്കില്ലെന്നാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട്. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് താല്‍ക്കാലികമായി മണ്ണെടുപ്പ് നിര്‍ത്തി വച്ചിരിക്കുകയാണ്. എന്നാല്‍ വീണ്ടും മണ്ണെടുക്കാനുള്ള ശ്രമം ഉണ്ടെന്നറിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിക്കുകയും അതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് സംഘടനാ പ്രതിനിധികളെയും ഉള്പ്പെപ്പെടുത്തി ജനകീയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
കലക്ടര്‍ക്ക് പരാതി നല്‍കാനും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചതായി ഭാരവഹികള്‍ അറിയിച്ചു. സര്‍വകക്ഷി യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ അനൂപ് ചക്കാലക്കല്‍ അധ്യക്ഷനായി. എ.എം ഹക്കിം , വി ലക്ഷ്മണന്, സാബു കൈതാരന്‍, രാജന് പുപ്പത്തി , സലാം ചൊവ്വര , മിനി അശോകന് , ടി.വി രാജു , ബൈജു പാറേക്കാടന്‍, സണ്ണി തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."