തിരിച്ചടിക്കൊരുങ്ങി മാവോയിസ്റ്റുകള്‍: ആക്രമണത്തിനു പദ്ധതിയിടുന്ന ഡയറിക്കുറിപ്പുകള്‍ പുറത്ത്
പാലക്കാട്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയ്ക്ക് തിരിച്ചടിക്കൊരുങ്ങി മാവോയിസ്റ്റുകള്‍. മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ക്യാംപില്‍ നിന്നാണ് ആക്രമണത്തിനു പദ്ധതിയിടുന്ന ഡയറിക്കുറിപ്പുകള്‍ പൊലിസിനു ലഭിച്ചത്. വിവിധ ഭൂ പ്രകൃതികളില്‍ എങ്ങനെ ആക്രമണം നടത്തണമെന്നതടക്കമുള്ള വിശദാംശങ്ങളാണ് കുറിപ്പുകളിലുള്ളത്. ഹിന്ദിയിലാണ് ഡയറിക്കുറിപ്പുകള്‍ എഴുതിയിരിക്കുന്നത്.
മഞ്ചിക്കണ്ടി ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് ദീപകിന്റെ പരിശീലന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉള്‍വനത്തില്‍ നിന്ന് പൊലിസ് കണ്ടെടുത്ത ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് തുടങ്ങിയ സാധനങ്ങളില്‍ നിന്നാണ്, ദീപക് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2016ല്‍ പശ്ചിമഘട്ട ഉള്‍വനത്തില്‍ ദീപക് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണിതെന്നാണ് പൊലിസ് പറയുന്നത്. ഇവര്‍ കേന്ദ്രക്കമ്മിറ്റിക്ക് അയച്ചുകൊടുക്കാനെടുത്ത പരിശീലനദൃശ്യങ്ങളാകാം ഇതെന്നാണ് പൊലിസ് പറയുന്നത്. ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് ഷാര്‍പ്ഷൂട്ടറാണ്. സായുധസംഘാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന കമാന്‍ഡോ കൂടിയാണ് ദീപക് എന്നാണ് സംശയം.
ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗവഞ്ചകനാണെന്ന് ആരോപിച്ച് മോവോയിസ്റ്റുകളുടെ കത്ത് കല്‍പ്പറ്റയിലെ പ്രസ് ക്ലബില്‍ ലഭിച്ചത്. ഇതിലും ചെങ്കൊടി പിടിച്ച വര്‍ഗ വഞ്ചകരായ പിണറായി വിജയനെയും സി.പി.എം നേതൃത്വത്തെയും മര്‍ദിത ജനങ്ങള്‍ തിരിച്ചറിയണമെന്നാഹ്വാനം ചെയ്യുന്ന കത്ത് കല്‍പ്പറ്റയിലെ പ്രസ് ക്ലബിലാണ് ലഭിച്ചത്. ഇതിനകത്തും ഭരണകൂട ഭീകരതയോടുള്ള ജനരോഷം മര്‍ദിത ജനവിഭാഗത്തിന്റെ വിമോചനത്തിനായുള്ള പ്രക്ഷോഭമായി ആളിക്കത്തിക്കണമെന്ന് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു. ഭരണകൂട ഭീകരതക്കെതിരേ ജനാധിപത്യ പൗരാവകാശ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങണമെന്നും സിപി.ഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയാ സമിതിയുടെ പേരില്‍ എഴുതിയ കത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
തണ്ടര്‍ബോള്‍ട്ടുകാര്‍ സ്വയരക്ഷക്കായി വെടിവെച്ചതാണെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ ന്യായം പറയുമ്പോള്‍ പാടിക്കുന്ന്, മുനയന്‍ കുന്ന്, തില്ലങ്കേരി, തലശ്ശേരി, മൊറാഴ പുന്നപ്ര-വയലാര്‍ തുടങ്ങി കേരളത്തില്‍ നടന്ന ജനകീയ പോരാട്ടങ്ങള്‍ക്കുനേരെയുണ്ടായ വെടിവെപ്പുകളില്‍ നൂറുകണക്കിനാളുകളെ ബ്രിട്ടീഷ് പട്ടാളവും ഇന്ത്യന്‍ പട്ടാളവും കൂട്ടക്കൊല ചെയ്തത് സ്വയരക്ഷക്കായി ചെയ്തതാണെന്നു പറയേണ്ടിവരില്ലേ എന്നും കത്തില്‍ ചോദിക്കുന്നു.
അങ്ങനെ എങ്കില്‍ കൂത്തുപ്പറമ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊന്നതും സ്വയരക്ഷക്കാണെന്നും പറയേണ്ടി വരില്ലേ എന്നും ഉറക്കെ ചോദിക്കുന്നുണ്ട്.
ഏകപക്ഷീയമായ ഭരണകൂട കൂട്ടക്കൊലകളെ ന്യായീകരിക്കുന്ന പിണറായി ഒരിക്കല്‍ കൂടി പഴയതും പുതിയതുമായ ചരിത്രത്തെതന്നെ തമസ്‌കരിച്ച്
രക്തസാക്ഷികളെ അപമാനിക്കുകയാണെന്നും കൂത്തുപ്പറമ്പില്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പനെവരേ അപമാനിച്ചിരിക്കുകയാണെന്നുമായിരുന്നു കത്തിലെ ആരോപണം. മറുവശത്ത് ഈ രക്തസാക്ഷിത്വങ്ങളെ വിറ്റ് കാശാക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം ഹീനമായ കൂട്ടക്കൊലകളിലൂടെ മര്‍ദിതരുടെ വിപ്ലവ പോരാട്ടങ്ങളെ തടയാനാവില്ലെന്ന മുന്നറിയിപ്പും കത്തിലുണ്ട്. ഇതിനു പിന്നാലെയാണ് പൊലിസ് പുതിയ ഡയറി പുറത്തുവിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."