സാകേത് കോടതിയില്‍ സംഘര്‍ഷം: കോടതി ഗേറ്റ് താഴിട്ട് പൂട്ടി അഭിഭാഷകര്‍ പ്രതിഷേധത്തില്‍
ന്യൂഡല്‍ഹി: അഭിഭാഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സാകേത് കോടതിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. കോടതിയിലെത്തുന്നവരെ തടഞ്ഞ് അഭിഭാഷകര്‍ ഗേറ്റ് അടച്ചു പൂട്ടിയതോടെയാണ് ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. പിന്നീട് ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ രംഗത്തെത്തി. എന്നാല്‍ ഈ വിഷയത്തില്‍ നിന്നും പൊലിസ് വിട്ടുനില്‍ക്കുകയാണ്. വിവിധ കോടതികളുടെ പ്രവര്‍ത്തനങ്ങളെ അഭിഭാഷക പ്രതിഷേധം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
തിസ് ഹസാരി കോടതിവളപ്പില്‍ വെടിവെപ്പിന് ഉത്തരവിട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. എന്നാല്‍, അഭിഭാഷകര്‍ തങ്ങളെ മര്‍ദിച്ച കാര്യമാണ് പൊലിസുകാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. സാകേത് കോടതിക്കു മുമ്പില്‍ ഇപ്പോള്‍ തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളെ പൊലിസ് പറഞ്ഞുവിട്ടതാണെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. സമരം ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ദില്ലി പൊലിസ് കമ്മീഷനര്‍ക്ക് അഭിഭാഷകര്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
നവംബര്‍ അഞ്ചിനാണ് കോടതിവളപ്പില്‍ പൊലിസുകാരും അഭിഭാഷകരും ഏറ്റുമുട്ടിയത്. ഒരു അഭിഭാഷകന്റെ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് വലിയ സംഘര്‍ഷത്തിലെത്തിയത്.
പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നും മതിയായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ആയിരത്തിലധികം പോലീസുകാര്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചിരുന്നു. 11 മണിക്കൂറോളം ഈ പ്രതിഷേധം നീണ്ടുനിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."