ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെ ഭാരതീയ ദര്‍ശനത്തെപ്പറ്റിയുള്ള ഉജ്ജ്വല പ്രസംഗം തന്റെ മുന്‍വിധികളെ മാറ്റിയെന്ന് ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പരാമര്‍ശിച്ചത് കേരളവര്‍മ്മ കോളജിലെ സംസ്‌കൃത വിഭാഗം അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള ഫൈസിയുടെ പ്രസംഗം
തൃശ്ശൂര്‍: സമസ്ത നേതാവും മതപണ്ഡിതനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെ ഉജ്ജ്വല പ്രസംഗം തന്റെ മുന്‍വിധികളെയെല്ലാം തിരുത്തിയതായി എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളവര്‍മ്മ കോളജിലെ സംസ്‌കൃത വിഭാഗം അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തുള്ള ഫൈസിയുടെ പ്രസംഗം സംബന്ധിച്ചാണ് പോസ്റ്റിലെ കുറിപ്പ്.
ഭാരതീയ ദര്‍ശനമാണ് പ്രഭാഷണത്തിന്റെ വിഷയമായി നല്‍കിയിരുന്നത്. സംസ്‌കൃതം ഡിപ്പാര്‍ട്ട്‌മെന്റ് ഈ വിഷയത്തില്‍ ഒരു ചര്‍ച്ച സംഘടിപ്പിക്കുമ്പോള്‍ അതിന്റെ ഉദ്ഘാടകനായി മുഹമ്മദ് ഫൈസി വന്നു ഏന്ന് കേട്ടപ്പോള്‍ ആദ്യം തോന്നിയത് കൗതുകം തന്നെയാണെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തെ സ്വാഭാവികമായി കാണാന്‍ കഴിയാത്ത മാനസികാവസ്ഥ നിഷ്‌കളങ്കമല്ലാത്ത ഒരു പൊതുബോധത്തില്‍ നിന്ന് വന്നതാണെന്ന് തമാശ രൂപേണ സമ്മതിക്കുന്നുമുണ്ട് അവര്‍.
ഇത്തരത്തിലുള്ള തന്റെ എല്ലാ മുന്‍വിധികളെയും അപ്രസക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗമെന്ന് ദീപ പറയുന്നു. വ്യത്യസ്തതകളിലും ബഹുസ്വരതകളിലുമാണ് ഭാരതീയ ദര്‍ശനമെന്ന് ഉദാഹരണ സഹിതം വ്യക്തമക്കി അതിന്റെ മാനവിക തലങ്ങളെയും ജനാധിപത്യബോധത്തെയും പരിചയപ്പെടുത്തിയ മുക്കാല്‍ മണക്കൂര്‍ നേരത്തെ ഉജ്ജ്വലമായ പ്രഭാഷണം അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞുവെന്നും പറഞ്ഞാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഉദ്ഘാടകനെ തെരഞ്ഞെടുക്കുന്നതില്‍ ഒരു ബഹുസ്വരത കാത്തുസൂക്ഷിച്ച സംസ്‌കൃതം ഡിപ്പാര്‍ട്ട്‌മെന്റിനെയും പോസ്റ്റില്‍ അഭിനന്ദിക്കാന്‍ മറന്നിട്ടില്ല.
ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
''കേരളവര്‍മ്മകോളേജില്‍ സംസ്‌കൃതവിഭാഗത്തിന്റെ അസോസിയേഷന്‍ ഉദ്ഘാടനം നടത്തി 'ഭാരതീയദര്‍ശന'ത്തെപ്പറ്റി പ്രഭാഷണം നടത്താന്‍ വരുന്നത് തൃശ്ശൂര്‍ മസ്ജിദ് ഇമാം അഡ്വ.എ എ മുഹമ്മദ് ഫൈസിയാണെന്നറിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് കൗതുകം തന്നെയാണ്. ആ കൗതുകം തന്നെയാണ് ആ ഹാളിലേക്ക് എന്നെയെത്തിച്ചതും.( തീര്‍ത്തും സ്വാഭാവികമായി അതിനെ കാണാന്‍ മടിക്കുന്ന ആ കൗതുകം അത്ര നിഷ്‌കളങ്കമല്ലാത്ത ഒരു പൊതുബോധത്തില്‍ നിന്നും മുന്‍വിധിയില്‍ നിന്നും രൂപപ്പെട്ടതാണെന്ന് സമ്മതിക്കുന്നു?? )
പക്ഷേ എല്ലാ മുന്‍വിധികളേയും അപ്രസക്തമാക്കിക്കൊണ്ട് വ്യത്യസ്തതകളിലും ബഹുസ്വരതകളിലുമാണ് ഭാരതീയദര്‍ശനമെന്ന് ഉദാഹരണസഹിതം വ്യക്തമാക്കിക്കൊണ്ട് അതിന്റെ മാനവികതലങ്ങളേയും ജനാധിപത്യബോധത്തെയും പരിചയപ്പെടുത്തുന്ന മുക്കാല്‍ മണിക്കൂര്‍ നേരത്തെ ഉജ്ജ്വലമായ പ്രഭാഷണം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു.
സന്തോഷം.. സ്‌നേഹം...
സംസ്‌കൃത വിഭാഗത്തിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ ഈ തെരഞ്ഞെടുപ്പില്‍പ്പോലും ഒരു ബഹുസ്വരതയുണ്ട്.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."