നോവലെഴുത്തിന്റെ പുതുവഴി
#ഇ.കെ റശീദ് വാഫി
സമകാലിക അറബ് സാഹിത്യകാരന്മാരില്‍ പ്രശസ്തനായ ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ അശ്‌റഫ് അബുല്‍ യസീദിന്റെ പുതിയ നോവല്‍ 'അത്തുര്‍ജുമാന്‍' ഉറക്കമിളിച്ചിരുന്നാണു വായിച്ചുതീര്‍ത്തത്. നോവലിനെപ്പറ്റിയുള്ള വിലയിരുത്തലുകള്‍ അറബ് സാഹിത്യലോകത്ത് പലയിടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നു. ആധുനിക അറബ് സാഹിത്യത്തില്‍ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തുന്ന രചനകളില്‍ മുഖ്യസ്ഥാനം ഈ നോവലിനുണ്ടാവുമെന്നതില്‍ സംശയമില്ല. മധുരമായ ഗദ്യം കൊണ്ടും അവതരണശൈലി കൊണ്ടും നോവല്‍ വ്യത്യസ്തത പുലര്‍ത്തുന്നു.
നിരവധി പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും അശ്‌റഫ് ദാലി എന്ന പേരില്‍ അറിയപ്പെടുന്ന അശ്‌റഫ് അബുല്‍ യസീദിന്റെ 'അത്തുര്‍ജുമാന്‍' വായിക്കാന്‍ തുടങ്ങുമ്പോള്‍ അവയില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭവതലം പ്രതീക്ഷിച്ചിരുന്നു. 354 പുറങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന നോവല്‍ വായിച്ചുതീര്‍ന്നപ്പോള്‍ ആ പ്രതീക്ഷ ഒട്ടും അസ്ഥാനത്തായില്ല. പുത്തന്‍ ആവിഷ്‌കാരത്തിന്റെ മനോഹാരിത കൊണ്ട് ഓരോ കഥാപാത്രവും മായാതെ മനസില്‍ തങ്ങിനില്‍ക്കുന്നു.
ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്ത് ഭര്‍ത്താവിനെ നഷ്ടപ്പെട്ട എഴുത്തുകാരി ഫൗസിന്റെ തീവ്രമായ ജീവിതാനുഭവങ്ങളെയാണ് നോവല്‍ വരച്ചുകാണിക്കുന്നത്. ഫൗസിന് തുണ നഷ്ടപ്പെട്ട് ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം നടന്ന സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം. നോവലിലെ മുഖ്യകഥാപാത്രം, ഈജിപ്തിലെ വിവര്‍ത്തകന്‍ മുഹ്‌സിനുമായി ഫൗസ് പ്രണയത്തിലാവുന്നു. ഫൗസാണ് അദ്ദേഹത്തിന് കുവൈത്തില്‍ ജോലി ഏര്‍പ്പാടാക്കുന്നത്. പിന്നീട് അവര്‍ ഒരുമിച്ചുജീവിക്കാന്‍ തീരുമാനിക്കുന്നു. പക്ഷെ, ദൈവവിധി മറ്റൊന്നായിരിന്നു. പെട്ടെന്നൊരുനാള്‍ മുഹ്‌സിന് തലക്ക് എന്തോ ആഘാതമേല്‍ക്കുകയും സ്വബോധം നഷ്ടപ്പെട്ട് കിടപ്പിലാകുകയും ചെയ്യുന്നു.
ഇരുപത്തിയെട്ട് അധ്യായങ്ങളിലായി നീണ്ടുകിടക്കുന്ന നോവല്‍ അത്രയും കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. അതില്‍ രണ്ടു കഥാപാത്രങ്ങള്‍ ഇന്ത്യക്കാരുമാണ്. ജോലി, സൗഹൃദം, കുടുംബം തുടങ്ങിയ ജീവിതത്തിലെ വ്യത്യസ്തതലങ്ങളാണ് അവരെ ഒരുമിപ്പിക്കുന്നത്. ഒടുവില്‍ എല്ലാവരും ഒരുമിക്കുന്ന ഒറ്റ കഥയായി മാറുന്നു. കഥാപാത്രങ്ങള്‍ വ്യത്യസ്ത ദേശക്കാരായതുകൊണ്ടു തന്നെ അവര്‍ക്കിടയിലെ ഭാഷാവൈവിധ്യങ്ങളെ നോവലില്‍ കൊണ്ടുവരാനും അശ്‌റഫ് ദാലി ശ്രമിച്ചിട്ടുണ്ട്.
അതിജീവനം, പ്രവാസം, തീക്ഷ്ണമായ യാത്രാനുഭവം തുടങ്ങിയ കാര്യങ്ങളെല്ലാം നോവലില്‍ വിഷയീഭവിക്കുന്നുണ്ട്. മുഖ്യ കഥാപാത്രങ്ങളുടെ പരദേശത്തെ ജീവിതത്തിന്റെ ആവിഷ്‌കാരമാണ് നോവലെന്നു പറയാം. പ്രവാസികള്‍ക്കു സവിശേഷമായ ജീവിതാനുഭവങ്ങളുണ്ട്. ജന്മനാടിന്റെ കൊച്ചുവൃത്തത്തെ ഭേദിച്ചു പുറത്തു കടന്നുപോയവരാണവര്‍. വലിയ ജീവിത യാഥാര്‍ഥ്യങ്ങളുമായി അവര്‍ ഏറ്റുമുട്ടുന്നു. പ്രവാസമാണു പലപ്പോഴും അനുഭവതീക്ഷ്ണതയുള്ള എഴുത്തുകാരെ സൃഷ്ടിക്കുന്നത്. തലമുറകളായി തുടരുന്ന മനുഷ്യന്റെ പ്രവാസജീവിതത്തിന്റെ അനുഭവസാക്ഷ്യങ്ങള്‍ തന്മയത്വത്തോടെയും കാല്‍പനികതയുടെ ചാരുത നിലനിര്‍ത്തിയും എഴുത്തുകാരന്‍ അവതരിപ്പിക്കുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ടുപോവുന്ന അനുഭവം ഉണ്ടായപ്പോഴാണല്ലോ ലോകസാഹിത്യത്തില്‍ തന്നെ ക്ലാസിക് രചനകള്‍ ഉണ്ടായത്.
കാഥാകൃത്തിന്റെ ജീവിതത്തില്‍നിന്നു പറിച്ചുനട്ട ഒരു ഏടായി നോവലിനെ വായിക്കാവുന്നതാണ്. വര്‍ഷങ്ങളോളം പ്രവാസജീവിതം നയിച്ചയാളാണ് അശ്‌റഫ് ദാലി. ജീവിതത്തിന്റെ വലിയൊരു ഭാഗം കുവൈത്തിലായിരുന്നു. കുവൈത്ത് പശ്ചാത്തലമാക്കിയാണ് നോവലിന്റെ കൂടുതല്‍ ഭാഗവും എഴുതപ്പെട്ടതെന്നത് അതുകൊണ്ടു തന്നെ സ്വാഭാവികം. ലോകസഞ്ചാരിയായ നോവലിസ്റ്റിന്റെ ആത്മകഥ കൂടിയാണ് നോവലെന്നും പറയാം. ഇരുപത്തിയെട്ട് കഥാപാത്രങ്ങളെ എടുത്തുവച്ചു തന്റെ ജീവിതചിത്രം വരച്ചുകാണിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
2017ലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. ഈജിപ്തിലെ മുഅസ്സസത്തു പത്താനയാണു പ്രസാധകര്‍.
അശ്‌റഫ് അബുല്‍ യസീദ്
ഒരാള്‍ നോവലിസ്റ്റോ കവിയോ സഞ്ചാരസാഹിത്യകാരനോ ആകാം. എല്ലാം ഒരുമിച്ചു സംഭവിക്കുകയെന്നത് അപൂര്‍വമാണ്. എല്ലാം സംഗമിച്ച അത്യപൂര്‍വം ബഹുമുഖപ്രതിഭകളില്‍ ഒരാളാണ് അശ്‌റഫ് അബുല്‍ യസീദ്. നോവല്‍, കവിത, സഞ്ചാരസാഹിത്യം, വിവര്‍ത്തനം, ബാലസാഹിത്യം, പഠനം തുടങ്ങി ഒട്ടേറെ മേഖലകളിലായി മുപ്പതില്‍പരം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിനുണ്ട്. പല ഗ്രന്ഥങ്ങളും ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങി ലോകഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഹദീഖത്തുന്‍ ഖല്‍ഫിയ്യത്തുന്‍ എന്ന നോവല്‍ 'കാമീലിയാ' എന്ന തലക്കെട്ടില്‍ മലയാളത്തിലേക്ക് മൊഴിമാറ്റപ്പെടുകയുണ്ടായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അബ്ദുല്‍ മജീദും മമ്പാട് എം.ഇ.എസ് കോളജ് അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മന്‍സൂര്‍ അമീനും ചേര്‍ന്നാണു വിവര്‍ത്തനം നിര്‍വഹിച്ചത്.
സാഹിത്യലോകത്തെ വിലയേറിയ സംഭാവനകള്‍ക്ക് ദക്ഷിണ കൊറിയ നല്‍കുന്ന മാന്‍ഹീ അവാര്‍ഡ് 2014ല്‍ അശ്‌റഫ് ദാലിയെ തേടിയെത്തിയിട്ടുണ്ട്. 2015ല്‍ യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് സ്വന്തമാക്കി. ഈജിപ്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ ഈജിപ്ഷ്യന്‍ റൈറ്റേഴ്‌സ് യൂനിയനിലെ അംഗം കൂടിയാണ് അദ്ദേഹം. നിലവില്‍ ഏഷ്യന്‍ പത്രപ്രവര്‍ത്തക സമിതിയുടെ പ്രസിഡന്റും എന്‍ മാഗസിന്‍ മുഖ്യ പത്രാധിപരുമാണ്.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."