രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു
ജയ്പൂർ: രാജസ്ഥാനിലെ ഫലോഡി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 15 പേർ മരിച്ചു. നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് മിനിബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
ജയ്പൂരിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ, ഫലോഡി ജില്ലയിലെ ഭാരത് മാല ഹൈവേയിലെ മട്ടോഡ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ബിക്കാനീറിലെ കൊളയാറ്റിൽ സന്ദർശനം നടത്തിയ ശേഷം ജോധ്പൂരിലെ സുർസാഗറിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.
"പതിനഞ്ച് യാത്രക്കാർ മരിച്ചു, മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ആദ്യം പ്രാഥമിക ചികിത്സയ്ക്കായി ഒസിയാനിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് ജോധ്പൂരിലേക്ക് മാറ്റി," ജോധ്പൂർ പൊലിസ് കമ്മീഷണർ ഓം പ്രകാശ് പിടിഐയോട് പറഞ്ഞു.
ബസ്സിൽ ആകെ 18 പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ നാല് കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും തൻ്റെ കുടുംബാംഗങ്ങളും സഹോദരനും മക്കളുടെ ഭാര്യമാരും അപകടത്തിൽപ്പെട്ടതായും ദുരന്തത്തിനിരയായവരിൽ ഒരാളുടെ ബന്ധു എഎൻഐയോട് വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹങ്ങൾ ഒസിയൻ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
ദുരന്തത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ ദുഃഖം രേഖപ്പെടുത്തി. "ദുഃഖത്തിൻ്റെ ഈ വേളയിൽ സർക്കാർ ഇരകളോടൊപ്പം നിൽക്കുന്നു," അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. "ഫലോഡിയിലെ മടോഡയിൽ ഉണ്ടായ റോഡപകടത്തിൽ 15 പേർ മരിച്ചുവെന്ന വാർത്ത ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഈ ദുഃഖം താങ്ങാനുള്ള ശക്തി നൽകാനും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു," അദ്ദേഹം എക്‌സിൽ കുറിച്ചു.
tragic accident in rajasthan kills 15 pilgrims as minibus collides with truck on jaipur-chittor highway. details on victims, causes, government response, and road safety concerns
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."