വാട്‌സ് ആപ്പ് കാള്‍ നിയന്ത്രണം യു.എ.ഇ പിന്‍വലിക്കുന്നു
ദുബൈ: വാട്‌സ് ആപ്പ് മുഖേന വോയിസ്, വീഡിയോ കോളുകള്‍ വിളിക്കുന്നതിന് യു.എ.ഇയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് വൈകാതെ പിന്‍വലിച്ചേക്കും. വാട്ട്‌സ്ആപ്പിനൊപ്പം കൂടുതല്‍ യോജിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് നടപടി. വിവിധ തലങ്ങളില്‍ വാട്ട്‌സ് ആപ്പുമായി രാജ്യം അടുത്തിടെ ധാരണയിലെത്തിയിരുന്നു.
നാഷണല്‍ സെക്യൂരിറ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തിയാണ് ഇക്കാര്യം അറിയിച്ചത്.
യു.എ.ഇയുമായി കൂടിച്ചേര്‍ന്ന് വിവിധ പദ്ധതികളാണ് വാട്ട്‌സ്ആപ് കമ്പനി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി വാട്‌സ് ആപ്പ് വോയിസ്, ബ്രോഡ്കാസ്റ്റിങ് കോളുകള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് നീക്കുമെന്ന് മുഹമ്മദ് അല്‍ കുവൈത്തി പറഞ്ഞു. താമസിയാതെ വിലക്ക് പിന്‍വലിക്കുമെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടെലികമ്മ്യൂണികേഷന്‍ ദാതാക്കളായ ഡു, ഇത്തിസലാത്ത് എന്നിവ മുഖേനയാണ് വോയിസ് കോള്‍ ലൈസന്‍സ് ലഭിക്കുക.
മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ നാട്ടിലേയ്ക്ക് വിളിക്കാന്‍ കൂടുതലായും ഇത്തരം സൗകര്യങ്ങളാണ് ഉപയോഗിച്ചിരുന്നത്. വാട്ട്‌സ്ആപ് കോള്‍ വിലക്ക് പിന്‍വലിക്കുന്നതോടെ ലക്ഷണക്കണക്കിന് പ്രവാസികള്‍ക്ക് അത് വലിയ പ്രയോജനം ചെയ്യും.
സ്‌കൈപ്പ് , ഫേസ് ടൈം, തുടങ്ങിയ വോയിസ് & വീഡിയോകോള്‍ പ്ലാറ്റ് ഫോമുകള്‍ക്ക് യു.എ.ഇയില്‍ വിലക്കുണ്ട്. ഇവയുടെ വിലക്ക് നിലവില്‍ എടുത്തുകളഞ്ഞിട്ടില്ല. ഇവയ്ക്ക് പകരം യു.എ.ഇ യിലെ സ്വദേശ വോയിസ്‌കോള്‍ ആപ്പുകളായ ബോടിം, സിമെ, എച്ച്.ഐ.യു എന്നിവയാണ് പ്രചാരത്തിലുള്ളത്.
ഫ്രീ കോളുകള്‍ വിലക്കി ഈ കമ്പനികളുടെ വോയിസ് കോള്‍ സൗകര്യം ഉപയോഗിക്കുന്നത് ഉപയോക്താക്കള്‍ക്ക് ചെലവേറിയ കാര്യമായിരുന്നു.
2017 ല്‍ സൗദി അറേബ്യ വാട്‌സ്ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് എടുത്തു കളഞ്ഞിട്ടുണ്ട്.ഖത്തറില്‍ അംഗീകൃത ടെലികോം ഓപ്പറേറ്റേര്‍സ് വോയിസ് കോള്‍ ആപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."