57 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍
തിരുവനന്തപുരം: പോക്‌സോ കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ സംസ്ഥാനത്ത് 57 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ വരുന്നു. ഇതിനാവശ്യമായ തുക വകയിരുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വിചാരണ ചെയ്യുന്നതിനായി 14 ജില്ലകളിലും അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് തലത്തിലുള്ള ഒരു കോടതിയെ പ്രത്യേകമായി നിശ്ചയിച്ച് കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഉള്‍പ്പെടുന്ന കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള കോടതികളായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇതിനുപുറമേ എറണാകുളം ജില്ലയില്‍ പോക്‌സോ കേസുകള്‍ക്ക് മാത്രമായി പ്രത്യേക കോടതി ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും എം. ഉമ്മറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികള്‍ ഇരകളാകുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ കേസെടുത്ത് എത്രയും വേഗം നടപടി കൈക്കൊള്ളണമെന്ന കര്‍ശന നിലപാടാണ് പോക്‌സോ കേസുകളുടെ കാര്യത്തില്‍ സര്‍ക്കാരിനുള്ളത്.
2013 മുതല്‍ കോടതിയിലുള്ള പീഡനത്തിനിരയാകുന്ന കുട്ടികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധുത്വമുള്ള വ്യക്തികളാണ് മിക്കവാറും ഈ കേസുകളില്‍ പ്രതി സ്ഥാനത്ത് വരുന്നത് എന്നതിനാല്‍ ശിക്ഷാ സാധ്യതയെ പ്രതികൂലമായി ബാധിക്കുന്നു എന്ന വസ്തുതയുണ്ട്.
എന്നിരുന്നാലും 2016ല്‍ 19 ശതമാനമായിരുന്ന ശിക്ഷാ നിരക്ക് 2019ല്‍ 24 ശതമാനമായി ഉയന്നിട്ടുണ്ട്.
പോക്‌സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്.
കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് പാഠ്യപദ്ധതിയില്‍ ഇടമുണ്ടാകണമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."