ശിവസേനയുമായി ഒത്തുതീര്‍പ്പില്‍ എത്തിയെന്ന് ബി.ജെ.പി
മുംബൈ: തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച് രണ്ടാഴ്ചയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ തര്‍ക്കം തുടരുന്ന മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കും ബി.ജെ.പിക്കും ഇടയില്‍ മഞ്ഞുരുകിയതായി സൂചന. ശിവസേനയുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും ഇന്ന് ഗവര്‍ണറെ കാണുമെന്നും ബി.ജെ.പി അറിയിച്ചു. നല്ല വാര്‍ത്ത ഏതുസമയത്തും കേള്‍ക്കുമെന്നും ശിവസേനയുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടായെന്നും സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവും മന്ത്രിയുമായ സുധിര്‍ മുങ്കണ്ടിവര്‍ പറഞ്ഞു. ശിവസേനയും ബി.ജെ.പിയും ഒന്നാണെന്നും ഞങ്ങളെ രണ്ടുവഴിക്കു തിരിച്ചുവിടാനാവില്ലെന്നും അദ്ദേഹം യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ശിവസേന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുധിര്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടു. മന്ത്രിസഭ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്തു. അതേസമയം, 50ഃ50 ഫോര്‍മുലയില്‍ യാതൊരു മാറ്റവുമില്ലെന്ന് ശിവസേന ഇന്നലെയും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെ ഇന്നലെ തിരക്കിട്ട ചര്‍ച്ചകളാണ് മഹാരാഷ്ട്രയില്‍ നടന്നത്.
ശിവസേന, ബി.ജെ.പി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയെ കണ്ടത് വിവിധ അഭ്യൂഹങ്ങള്‍ പ്രചരിക്കാനും കാരണമായി. എന്നാല്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും സ്വാഭാവികമായ കൂടിക്കാഴ്ച മാത്രമാണെന്നും അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു. ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മഹാരാഷ്ട്രാ രാഷ്ട്രീയവുമായി ബന്ധമില്ലെന്നും കര്‍ഷക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഗഡ്കരിയെ കണ്ടതെന്നും പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ ശിവസേ നേതാവ് സഞ്ജയ് റാവുത്ത് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് സഞ്ജയ് റാവുത്ത് പവാറിനെ കാണുന്നത്. എന്നാല്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് പവാര്‍ ഒഴിഞ്ഞുമാറി.
കോണ്‍ഗ്രസും എന്‍.സി.പിയും പ്രതിപക്ഷത്തിരിക്കാനാണ് ജനവിധിയെന്നും അങ്ങിനെതന്നെ ഇരിക്കുമെന്നും പവാര്‍ പറഞ്ഞു. നാലു വര്‍ഷം മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായ തനിക്ക് വീണ്ടും പദവിയിലെത്താന്‍ താല്‍പര്യമില്ലെന്നും എന്‍.സി.പിക്കാണ് ഭൂരിപക്ഷം ലഭിച്ചതെങ്കില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 25 വര്‍ഷങ്ങളായി ശിവസേനയും ബി.ജെ.പിയും ഒരുമിച്ചാണ്. ഇന്നല്ലെങ്കില്‍ നാളെ അവര്‍ വീണ്ടും ഒന്നിക്കും. നിലവില്‍ എന്‍.സി.പിക്ക് മറ്റൊരു പദ്ധതിയും സംസ്ഥാനത്ത് ഇല്ല. സഞ്ജയ് റാവുത്തുമായുള്ള കൂടിക്കാഴ്ചയില്‍ ചില പ്രശ്‌നങ്ങള്‍ മാത്രമാണ് ചര്‍ച്ചയായത്. എന്‍.സി.പി പ്രതിപക്ഷ ബെഞ്ചില്‍ തന്നെയുണ്ടാവും. മഹാരാഷ്ട്രയില്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍.ഡി.എ വിടുകയും കേന്ദ്രമന്ത്രിസഭയിലെ ശിവസേന അംഗം രാജിവയ്ക്കുകയും ചെയ്താല്‍ അവര്‍ക്ക് പിന്തുണകൊടുക്കാമെന്ന് എന്‍.സി.പി തീരുമാനിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."