10 കോടിയുടെ രോഗ നിര്‍ണയ കേന്ദ്രം പ്രവര്‍ത്തനം വൈകുന്നു
പാലാ : പത്തുകോടി മുടക്കില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആധുനിക രോഗനിര്‍ണയ കേന്ദ്രത്തിനോട് ആരോഗ്യവകുപ്പിന്റെ നിസ്സംഗ മനോഭാവം. ആറ് താലൂക്ക് പ്രദേശത്തുനിന്നുള്ള രോഗികള്‍ ആശ്രയിക്കുന്ന പാലാ ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ സാധാരണക്കാരായ രോഗികള്‍ക്ക് ആധുനിക ഉപകരണ സഹായത്തോടെയുള്ള രോഗനിര്‍ണ്ണയം ഏറ്റവും ചുരുങ്ങിയ നിരക്കില്‍ ലഭ്യമാക്കുന്നതിനായിട്ടാണ് 10 കോടി മുടക്കില്‍ അഞ്ച് നിലകളോടെയുള്ള ബഹുനില കെട്ടിട സമുച്ചയം നിര്‍മിച്ചത്.
മുന്‍ധനകാര്യ മന്ത്രി കെ.എം മാണി നിയോജകമണ്ഡലം ആസ്തിവികസന ഫണ്ട് മുഴുവനായി ഈ പദ്ധതിക്ക് വേണ്ടി അനുവദിക്കുകയായിരുന്നു. ഏറ്റുമാനൂര്‍-പാലാ സംസ്ഥാന ഹൈവേയില്‍ റോഡിനോട് ചേര്‍ന്ന് ഏവര്‍ക്കും എത്തിച്ചേരാവുന്ന സ്ഥലത്താണ് രോഗനിര്‍ണ്ണയ കേന്ദ്രത്തിനായുള്ള ബഹുനില സമുച്ചയം പണിതീര്‍ത്തിരിക്കുന്നത്. സി.ടി സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍, ഡിജിറ്റല്‍ റേഡിയോഗ്രഫി, മോഡേണ്‍ ലാബ്, അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ലാബ്, ഒരേ സമയം പത്തുപേര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സജ്ജീകരണം, ചുരുങ്ങിയ നിരക്കിലുള്ള മരുന്നു വിപണനകേന്ദ്രം എന്നീ സൗകര്യങ്ങള്‍ എല്ലാം ഒരു കേന്ദ്രത്തില്‍ നിന്നുതന്നെ ലഭ്യമാക്കുംവിധമാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. വൈറോളജി ലാബിനുള്ള സൗകര്യവും ഈ മന്ദിരത്തിലുണ്ട്.
പൊതുമരാമത്ത് കെട്ടിടവിഭാഗമാണ് മന്ദിരം രൂപകല്പന ചെയ്ത് നിര്‍മിക്കുന്നത്. സിവില്‍ വിഭാഗം ജോലികള്‍ മുഴുവനും പൂര്‍ത്തിയാക്കി ടൈലുകള്‍ പാകി, പെയിന്റിംഗും, സ്ട്രക്ച്ചറല്‍ ഗ്ലേസിങും നടത്തിയ കെട്ടിടം ഉടന്‍ ആരോഗ്യവകുപ്പിന് കൈമാറും. ഇവിടേക്ക് രോഗനിര്‍ണ്ണയ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി മാത്രം 5.50 കോടി രൂപയാണ് വകയിരുത്തിയിടടുള്ളത്. ഉപകരണങ്ങള്‍ വാങ്ങുവാനുള്ള ഒരു നടപടിയും ആരോഗ്യവകുപ്പ് ഇതേവരെ സ്വീകരിച്ചിട്ടില്ല. കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന് ഇതേവരെ ഓര്‍ഡര്‍ നല്‍കിയിട്ടുമില്ല. ഈ ആവശ്യം ഉന്നയിച്ച് ഒരു വര്‍ഷമായി ആശുപത്രി മാനേജിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീന സണ്ണിയും അംഗങ്ങളും ആരോഗ്യവകുപ്പ് അധികൃതരെ തുടരെ സമീപിച്ചിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഈ മന്ദിരത്തില്‍ സ്ഥാപിക്കുന്ന ഉപകരണങ്ങളുടെ സ്ഥാനിര്‍ണയവും, വൈദ്യുതി ഉപയോഗവും അറിയാനാവാത്തതിനാല്‍ വൈദ്യുതീകരണവും വൈകുകയാണ്. ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനും വൈദ്യുതീകരണത്തിനുമായി ഈ മനോഹര സൗധം ഇനിയും വെട്ടിപ്പൊളിക്കേണ്ടിവരും.
ജനറല്‍ ആശുപത്രിക്കായി ആംബുലന്‍സിനും ഇന്‍സിനിറേറ്ററിനും എം.എല്‍.എ. ഫണ്ട് അനുവദിച്ചിരുന്നുവെങ്കിലും ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. കാര്‍ഡിയോളജി വിഭാഗത്തിലേക്ക് എം.പി.ഫണ്ട് വിനിയോഗിച്ച് എക്കോമിഷ്യന്‍ വാങ്ങുന്നതും വൈകുകയാണ്. ആവശ്യമായ ഫണ്ട് ലഭ്യമാക്കിയിട്ടും ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിക്കുവാന്‍ വൈകുന്നതില്‍ പ്രതിഷേധം ഉയരുകയാണ്. പാലാ ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്ന രോഗനിര്‍ണയ കേന്ദ്രത്തിലേക്കും ഡയാലിസിസ് ബ്ലോക്കിലേക്കും ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ എത്രയുംവേഗം ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.എം മാണി എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."