വിദ്യാര്‍ഥികള്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്നങ്ങള്‍ മനസിലാക്കണം: ദയാബായി
കൊല്ലങ്കോട്: വിദ്യാര്‍ഥികള്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്നങ്ങള്‍ മനസിലാക്കണമെന്നും ഇനിയൊരു എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക വിഷങ്ങളുടെ ഇരകള്‍ നമ്മുടെ ഭൂമിയില്‍ ഇല്ലാതാക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വരണമെന്നും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതം നരക തുല്യമാണെന്നും അത് നേരിട്ട് കണ്ടു മനസിലാക്കി അവര്‍ക്കാവശ്യമുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടപ്പിലാക്കുവാനുള്ള പദ്ധതികളില്‍ ഓരോ വ്യക്തികളും പങ്കാളികളാവണം. എന്‍ഡോസള്‍ഫാന്‍ ഇരകളായ കുടുംബാംഗങ്ങള്‍ നമ്മുടെ കൂടപ്പിറപ്പുകളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നല്കിയ ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് കൊല്ലങ്കോട് ആശ്രയം കോളജിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു ദയാബായി.
ആശ്രയം കോളജ് പ്രിന്സിപാള് രാജന് മാസ്റ്റര്‍ അധ്യക്ഷനായ ചടങ്ങില്‍ ആശ്രയം കുടുംബാംഗളായ സതീഷ് സ്വാഗതവും വിവേഷ് നന്ദിയും പറഞ്ഞു. മുതലമടയിലെ എന്‍ഡോസള്‍ഫാന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദീകരണം പ്രമുഖ പരിസ്ഥിതി വന്യജീവി സംരക്ഷണ പ്രവര്‍ത്തകനായ എസ് ഗുരുവായൂരപ്പന് അവതരിപ്പിച്ചു. തുടര്‍ന്ന് ദയാബായിയെയും മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകനായ വിളയോടി വേണുഗോപാലനെയെയും പൊന്നാട അണിയിച്ച് ആദരിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകരായ ദിലീപ്, ശ്രീധരന്, കമലഹാസന്, കാദര്‍ മൊയ്ദീന്, ഷൈജു വെമ്പലൂര്‍, സാദിഖ് ചടങ്ങില്‍ സംബന്ധിച്ചു. ആശ്രയം അംഗങ്ങളായ സന്തോഷ്, സുനീഷ്, നിധിന്, അക്ഷര, ഹേമ, ലക്ഷ്മി, സിബി, ലിജി, എ.ജി ശശികുമാര്‍, അജിത പരിപാടിക്ക് നേതൃത്വം നല്കി. മുതലമടയിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച് എന്‍ഡോസള്‍ഫാന്‍ ഇരകളെ നേരിട്ട് കണ്ട് അവരുടെ പ്രശ്നങ്ങളും അതിന്റെ തീവ്രതയും മനസിലാക്കി എന്നും ഇന്നാട്ടിലെ ഓരോ വ്യക്തിയും മാരക വിഷങ്ങള്‍ക്കെതിരേ നടക്കുന്ന സമരങ്ങളില്‍ പോരാളികളാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."