കരിങ്കല്‍ ക്വാറിക്കെതിരേ അമ്പലപ്പാറ വില്ലേജ് ഓഫിസിലേക്ക് ധര്‍ണ നടത്തി
ഒറ്റപ്പാലം: ചുനങ്ങാട് കരിങ്കല്‍ ക്വാറിക്കെതിരേ ചുനങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഒറ്റപ്പാലം സബ് കലക്ടറുടെ ഉത്തരവ് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സമരം ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സത്യന് പെരുമ്പറക്കോട് ഉദ്ഘാടനം ചെയ്തു.
ചുനങ്ങാട് മുരുക്കുംപറ്റയില്‍ പ്രവര്‍ത്തിച്ചുവരുന്ന കരിങ്കല്‍ ക്വാറി, പരിസര പ്രദേശത്തെ ജനങ്ങള്‍ക്കും വീടുകള്‍ക്കും ഭീഷണിയാണെന്ന പരാതി മാസങ്ങള്‍ക്കു മുന്‍പുതന്നെ ഒറ്റപ്പാലം സബ് കലക്ടര്‍ക്ക് നല്‍കിയിരുന്നു. പ്രസ്തുത ക്വാറിയിലേക്കുള്ള റോഡ് ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലം പരിവര്‍ത്തനം ചെയ്ത് ടാര്‍ ചെയ്തതായി കഴിഞ്ഞദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പരിവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാന്‍ ഒറ്റപ്പാലം സബ് കലക്ടര്‍ അമ്പലപ്പാറ രണ്ടാം വില്ലേജ് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. ഉത്തരവ് നടപ്പാക്കാതെ വില്ലേജ് അധികൃതര്‍ ക്വാറിയുടമകള്‍ക്ക് ഒത്താശ ചെയ്തതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ക്വാറിക്കെതിരെയുള്ള പരാതികള്‍ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും അവഗണിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു. യോഗത്തില്‍ ചുനങ്ങാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ സാജന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വാസുദേവന്‍ മാസ്റ്റര്‍, സി.ടി സലീം, പി.എസ് രാധാകൃഷ്ണന്, കെ കബീര്‍, സി.എച്ച് ഉസ്മാന്, പഞ്ചായത്ത് അംഗം ടി.പി കൃഷ്ണകുമാര്‍, പ്രദീപ് കുന്നക്കാവ്, കൃഷ്ണനുണ്ണി, കെ.സി അബ്ദുല്‍ റഹിമാന്‍, പി.കെ റഫീഖ് , നൗഫല്‍, ഫൈസല്‍, സി.എച്ച് അസീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."