ഗുരുദേവ പ്രതിമയും മണ്ഡപവും കാണിക്ക വഞ്ചിയും പൊളിച്ചുമാറ്റി
കിളിമാനൂര്‍: കോടതി ഉത്തരവിനെ തുടര്‍ന്ന് റോഡ് പുറമ്പോക്കിലെ ഗുരുദേവ പ്രതിമയും മണ്ഡപവും കടയും ക്ഷേത്ര കാണിക്ക വഞ്ചിയും പൊലിസ് സഹായത്താല്‍ അധികൃതര്‍ പൊളിച്ചുമാറ്റിച്ച് പുറമ്പോക്ക്ഭൂമി ഒഴിപ്പിച്ചെടുത്തു. കിളിമാനൂര്‍ വെള്ളല്ലൂര്‍ പാളയം ജങ്ഷനിലെ റോഡ് പുറമ്പോക്കിലെ ഗുരുദേവ പ്രതിമയും മണ്ഡപവും കടയും ക്ഷേത്ര കാണിക്ക വഞ്ചിയുമാണ് ഇന്നലെ രാവിലെ റവന്യൂ, പി.ഡബ്ല്യു.ഡി അധികൃതര്‍ കിളിമാനൂര്‍ സി.ഐ.പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ വന്‍ പൊലിസ് സഹായത്തോടെ സ്ഥാപിച്ചവരെ കൊണ്ട് തന്നെ പൊളിപ്പിച്ച് മാറ്റിയ ശേഷം പുറമ്പോക്ക് ഭൂമി ഒഴിപ്പിച്ചെടുത്തത്.
പാളയം ജങ്ഷനില്‍ റോഡ് പുറമ്പോക്ക് ഭൂമി ഉണ്ടായിരുന്നു. ഈ ഭൂമിയില്‍ വര്‍ഷങ്ങളായി പാളയം തുണ്ടില്‍ പുത്തന്‍ വീട്ടില്‍ മണിദാസ് എന്നയാള്‍ കടമുറി നിര്‍മിച്ച് വ്യാപാരം നടത്തിവരികയായിരുന്നു. കടമുറിക്ക് പഞ്ചായത്ത് നമ്പരും അതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി കണക്ഷനും ലഭിച്ചിരുന്നു. ഇതിനു സമീപം ഗുരുദേവ പ്രതിമയും മണ്ഡപവും അവിടത്തെ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ നിര്‍മിച്ചിരുന്നു. ഇതിനു പുറമെ അണയില്‍ അമ്മന്‍ കോവില്‍ വക കാണിക്ക വഞ്ചിയും ക്ഷേത്ര ഭാരവാഹികള്‍ സ്ഥാപിച്ചിരുന്നു. പുറമ്പോക്കിലെ എല്ലാ നിര്‍മാണങ്ങളും അനധികൃതമാണെന്നും പൊളിച്ച് മാറ്റിക്കണമെന്നും കാണിച്ച് തൊട്ടു പുറകിലുള്ള വസ്തു ഉടമ സ്വാമി നാഥന്‍ ആചാരി ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലത്തെ നടപടികള്‍. നേരത്തെ പൊളിച്ച് മാറ്റുന്നതിന് ശ്രമം നടന്നെങ്കിലും നാട്ടുകാര്‍ സംഘടിതമായി തടസം നിന്നിരുന്നു. തുടര്‍ന്നാണ് വലിയ പൊലിസ് സന്നാഹവുമായി അധികൃതര്‍ എത്തുകയും കോടതി ഉത്തരവ് പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."