ബുല്‍വാഡിലെ മുഖംമൂടിക്കാര്‍
പുല്‍വാമ നഗരത്തില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് തഹബ ഗ്രാമം. അവിടെന്ന് പ്രധാന റോഡില്‍നിന്ന് മാറി ചെറിയ റോഡിലൂടെ അല്‍പം കൂടി മുന്നോട്ടു പോയാല്‍ ചന്ദിഗാവിലെത്താം. ചിനാറുകളും പോപ്ലാര്‍ മരങ്ങളും നിറഞ്ഞൊരു കുന്നില്‍ ചെരുവിലാണ് യവഹര്‍ അഹമ്മദ് ഭട്ടിന്റെ വീട്. 15കാരനായ യവഹര്‍ സെപ്റ്റംബര്‍ 17ന് വീട്ടില്‍ ഛര്‍ദിച്ചു കുഴഞ്ഞു വീണു. വൈകാതെ മരിച്ചു. എന്താണ് യവഹറിന് പറ്റിയതെന്ന് ആര്‍ക്കുമറിയില്ലായിരുന്നു.
16ന് രാവിലെ 11 മണിയോടെ വീട്ടിലെത്തിയ ബാലന്‍ തളര്‍ന്നിരുന്ന് കരയുന്നത് എല്ലാവരും കണ്ടിട്ടുണ്ട്. മാതാപിതാക്കള്‍ ചോദിച്ചിട്ടും അവനൊന്നും പറഞ്ഞില്ല. എന്നാല്‍, തന്നെ സൈന്യം ക്യാംപിലേക്ക് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചുവെന്ന് സഹോദരി ശൈമയോട് പറഞ്ഞിരുന്നു. സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും അവര്‍ പിടിച്ചുവാങ്ങി. യവഹറിനെ പിടിച്ചുകൊണ്ടുപോകുന്നതിന് ഒരു ദിവസം മുന്‍പ് തഹബയിലെ സൈനിക ക്യാംപിന് നേരെ സായുധ സംഘാഗംങ്ങള്‍ ഗ്രനേഡാക്രമണം നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയില്‍ ആരും പുറത്തിറങ്ങിയിരുന്നില്ല.
എല്ലാമൊന്നടങ്ങിയപ്പോള്‍ രാവിലെ പുറത്തിറങ്ങിയതായിരുന്നു പുല്‍വാമ അല്‍ഹബീബ് മോഡേണ്‍ ഹൈസ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ യവഹര്‍.
11 മണിയോടെ പേടിച്ചരണ്ട് ഓടിക്കിതച്ച് യവഹര്‍ വീട്ടിലേക്ക് കയറിവന്നുവെന്ന് പിതാവ് അബ്ദുല്‍ ഹമീദ് ഭട്ട് പറയുന്നു. നേരെ മുറിയിലേക്ക് കയറി വാതിലടച്ചിരിപ്പായി. ആരു വിളിച്ചിട്ടും പുറത്തേക്ക് വന്നില്ല. അന്ന് പകല്‍ മുഴുവന്‍ മുറിയടച്ചിരുന്നു. രാത്രിയില്‍ എനിക്കൊപ്പമാണ് പതിവായി ഉറങ്ങാറുള്ളത്. എന്നാല്‍, അന്ന് അവന്‍ എന്റെ മുറിയിലേക്ക് വന്നില്ല. മാതാവിനൊപ്പം മറ്റൊരു മുറിയില്‍ കിടന്നുറങ്ങി. അവന്‍ നിര്‍ത്താതെ ഛര്‍ദിക്കുന്നതായി ഭാര്യ വന്ന് പറഞ്ഞു. 11.30 ഓടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍ വേഗം അവനെ ശ്രീനഗറിലെ മഹാരാജ ഹരിസിങ് ആശുപത്രിയിലെത്താന്‍ നിര്‍ദേശിച്ചു. രണ്ടാംനാള്‍ അവിടെ വച്ച് ജവഹര്‍ മരിച്ചു.
യവഹര്‍ വിഷം കഴിച്ചുവെന്നാണ് തങ്ങള്‍ കരുതിയതെന്ന് അബ്ദുല്‍ ഹമീദ് പറയുന്നു. ഡോക്ടറോട് വിഷം കഴിച്ചുവെന്ന് സംശയിക്കുന്നുവെന്നാണ് പറഞ്ഞത്. 19ന് മരിക്കുന്ന അന്ന് വൈകിട്ട് വരെ അവന്‍ സുഖം പ്രാപിച്ചു വരുന്നതായി തോന്നിയിരുന്നു. അന്ന് പരിശോധനാ ഫലങ്ങളുമായി ബന്ധുക്കള്‍ക്കൊപ്പം അബ്ദുല്‍ ഹമീദ് ഭട്ട് ഡോക്ടറെ കാണാന്‍ പോയി. ഫലം പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു 'നിങ്ങളുടെ മകന്‍ ഒരു മണിക്കൂറിലധികം ജീവിച്ചിരിക്കില്ല. അവനോട് സംസാരിക്കണമെങ്കില്‍ ഇപ്പോള്‍ സംസാരിക്കൂ' .ആദ്യം ഞെട്ടിത്തരിച്ച ഞാന്‍ ഡോക്ടറുടെ കാലുപിടിച്ചു കരഞ്ഞു. പരിശോധനാ ഫലം തെറ്റാണെങ്കിലോ ഒന്നുകൂടി നോക്കൂ എന്നപേക്ഷിച്ചു. ഫലമില്ലായിരുന്നു. കശ്മിരിന് വേണ്ടി ഞാന്‍ മരിക്കുന്നുവെന്നായിരുന്നു യവഹര്‍ അവസാനമായി എന്നോട് പറഞ്ഞത്. യവഹര്‍ വിഷം കഴിച്ചുവെന്ന് എങ്ങനെയാണ് നിങ്ങള്‍ക്കുറപ്പിക്കാനാവുക അവനങ്ങനെ പറഞ്ഞോയെന്ന ചോദ്യത്തിന് അബ്ദുല്‍ ഹമീദ് ഭട്ടിന് വ്യക്തമായ മറുപടിയില്ലായിരുന്നു.
അസ്വാഭാവിക മരണമായിരുന്നിട്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. എലിവിഷം കഴിച്ചാണ് മരണമെന്ന് സംശയിക്കുന്നുവെന്ന് ആശുപത്രി നല്‍കിയ മെഡിക്കല്‍ റിപോര്‍ട്ടിലുണ്ട്. അതാകട്ടെ പിതാവ് പറഞ്ഞ സംശയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ എഴുതിച്ചേര്‍ത്തതായിരുന്നു. ക്യാംപില്‍ കൊണ്ടുപോയി മര്‍ദിച്ച സൈന്യം വിട്ടയക്കുമ്പോള്‍ നാളെ വീണ്ടും ക്യാംപിലെത്തണമെന്ന് നിര്‍ദേശിച്ചിരുന്നതായി സഹോദരി പറയുന്നു. നാളെയും മര്‍ദിക്കുമെന്ന് അവന്‍ ഭയപ്പെട്ടിരിക്കണം. സംഭവത്തില്‍ പുല്‍വാമ പൊലിസ് കേസെടുത്തെങ്കിലും അന്വേഷണമുണ്ടായില്ല. സൈന്യം ബാലനെ മര്‍ദിച്ചുവെന്ന ആരോപണം തെറ്റാണെന്ന് സൈന്യം അറിയിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലിസ് അന്വേഷണം അവസാനിപ്പിച്ചു.
പുല്‍വാമയില്‍ നിന്ന് മടങ്ങുമ്പോള്‍ കശ്മിര്‍ റീഡര്‍ ലേഖകന്‍ സുഹൈല്‍ പറഞ്ഞു: എല്ലാം ഒരു കഥയാണ്. ആ മെഡിക്കല്‍ റിപോര്‍ട്ടും വിഷം കഴിക്കലുമെല്ലാം. കുടുംബം ആരെയൊക്കെയോ പേടിക്കുന്നുണ്ട്. ആരൊക്കെയോ അവരോട് അങ്ങനെ പറയാന്‍ നിര്‍ബന്ധിച്ചതാണ്. സുരക്ഷാ സൈന്യം ചെയ്യുന്ന ഒരു കുറ്റങ്ങള്‍ക്കും വ്യക്തമായ രേഖയുണ്ടാകാറില്ല. പോസ്റ്റ്‌മോര്‍ട്ടം നടന്നില്ല. മെഡിക്കല്‍ റിപോര്‍ട്ട് കെട്ടിച്ചമച്ചതാണ്. പൊലിസ് അന്വേഷണം വെറും പ്രഹസനമായിരുന്നു. കശ്മിരില്‍ എല്ലാം ഇങ്ങനെയാണ്. സര്‍ക്കാറും സംവിധാനങ്ങളും ഉണ്ടായിരുന്ന കാലത്ത് പോലും വ്യവസ്ഥകളൊന്നും പാലിക്കപ്പെട്ടിരുന്നില്ല. പിന്നെങ്ങനെ ഇപ്പോള്‍ സംഭവിക്കും. മടങ്ങുമ്പോള്‍ ശംസ് ഇര്‍ഫാന്‍ വണ്ടിയുടെ വേഗം വീണ്ടും വര്‍ധിപ്പിച്ചു. അങ്ങോട്ട് പോകുമ്പോള്‍ ആളൊഴിഞ്ഞിരുന്ന പുല്‍വാമ നഗരം ഇപ്പോള്‍ ജനത്താല്‍ തിങ്ങി നിറഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ആളുകള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വൈകിട്ട് രണ്ടുമണിക്കൂര്‍ നേരത്തേക്ക് മാത്രം കടകള്‍ തുറന്നതാണ്. സാധനങ്ങള്‍ വാങ്ങി നടന്ന് അതിവേഗത്തില്‍ പോകുന്നവര്‍. ഇരുള്‍ വീഴും മുന്‍പ് വീടുകളിലെത്താന്‍ ധൃതിപിടിച്ച് വണ്ടിയോടിക്കുന്നവര്‍.
തിരിച്ച് ശ്രീനഗറിലെത്തുമ്പോള്‍ നന്നായി ഇരുള്‍ മൂടിയിരുന്നു. ഒക്ടോബറിലും കമ്പിളി വസ്ത്രങ്ങള്‍ക്കിടയിലൂടെ കുത്തിക്കയറുന്ന തണുപ്പ്. തിരിച്ച് ഹോട്ടലിരിക്കുന്ന ബുല്‍വാഡിലെത്തുമ്പോള്‍ തെരുവുകളില്‍ ആരുമുണ്ടായിരുന്നില്ല. ദാല്‍തടാകക്കരയില്‍ ഷിക്കാറക്കാരുമില്ല. രാത്രി കച്ചവടം നടത്താറുള്ള ബാര്‍ബിക്യു വില്‍ക്കുന്നവരും അപ്രത്യക്ഷമായിരുന്നു. എന്തോ നടക്കാന്‍ പോകുന്നുണ്ട്. പുലര്‍ച്ചെ നടക്കാനിറങ്ങുമ്പോള്‍ തെരുവില്‍ ആളുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ദാല്‍ക്കരയില്‍ ഷിക്കാറക്കകള്‍ക്ക് ചലനം വച്ചു തുടങ്ങി. ദാല്‍ഗേറ്റ് മാര്‍ക്കറ്റില്‍ പാതി തുറന്ന ഒന്നോ രണ്ടോ കടകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ആളുകള്‍ ഒറ്റ തിരിഞ്ഞു വന്ന് പാലും പത്രങ്ങളും റൊട്ടിയും വാങ്ങുന്നു. സാധനങ്ങള്‍ വാങ്ങുന്നവര്‍ അതിവേഗത്തില്‍ ഗലികളിലേക്ക് മറയും. എന്നാല്‍, തെരുവില്‍ പതിവായുണ്ടാകാറുള്ള തെരുവ് ചായക്കച്ചവടക്കാരില്ല. ഷിക്കാറയില്‍ കൊണ്ടുവന്ന് പൂക്കളും പച്ചക്കറികളും വില്‍ക്കുന്നവരില്ല. ബുല്‍വാഡ് റോഡിലേക്ക് റോഡുകള്‍ തിരിയുന്നതിനടുത്തെ സുരക്ഷാ വേലികള്‍ക്കപ്പുറത്തും കടവരാന്തകളിലും സുരക്ഷാ സൈനികര്‍ അപ്പോഴുമുണ്ടായിരുന്നു.
അവരെക്കടന്ന് മുന്നോട്ടു നടക്കവെ തൊട്ടടുത്ത ഗലിയില്‍ നിന്നൊരു അലര്‍ച്ച: ഭാഗോ...ഷോ ഷുരു കര്‍രഹേ...(ഓടിക്കോ ഷോ തുടങ്ങാന്‍ പോകുകയാണ്). ഞെട്ടിത്തിരിഞ്ഞ് നോക്കവെ ഗലിയില്‍ കണ്ണുകള്‍ മാത്രം കാണും വിധം മുഖം തൂവാല കൊണ്ട് മറച്ച ഏതാനും യുവാക്കള്‍. എല്ലാവരുടെയും തോളില്‍ ബാക്ക്പാക്ക് ബാഗുണ്ട്. കനത്ത ജാക്കറ്റ് ധരിച്ചിട്ടുണ്ട്. കൈകള്‍ മാത്രമേ പുറത്ത് കാണുന്നുള്ളൂ. മാറിപ്പോകാന്‍ എന്നോട് അവര്‍ ആംഗ്യം കാട്ടി. കയ്യില്‍ കല്ലുകളുമായി യുവാക്കളിലൊരാള്‍ പൊടുന്നനെ ഒരഭ്യാസിയുടെ താളത്തോടെ സൈനികര്‍ക്ക് നേരെ നടന്നടുത്തു കല്ലുകളെറിയാന്‍ തുടങ്ങി. പിന്നാലെ രണ്ടാമനും മൂന്നാമനുമെത്തി. പിന്നില്‍ നില്‍ക്കുന്നവര്‍ അവര്‍ക്ക് കല്ലുകളെത്തിച്ചു നല്‍കിക്കൊണ്ടിരുന്നു. പെട്ടെന്നുണ്ടായ കല്ലേറില്‍ ചിതറി മാറിയോടിയ സൈനികര്‍ ഷീല്‍ഡുകളുടെ മറപിടിച്ച് യുവാക്കള്‍ക്ക് നേരെ കുതിച്ചു.
സൈനികര്‍ തോക്കുചൂണ്ടിയെങ്കിലും യുവാക്കള്‍ പിന്‍മാറാന്‍ കൂട്ടാക്കിയില്ല. സൈനികര്‍ വീണ്ടും പിന്നോട്ടോടി സുരക്ഷിത അകലത്തില്‍ നിന്നു. അല്‍പ സമയത്തിന് ശേഷം യുവാക്കള്‍ ഗലികളിലേക്ക് പിന്‍മാറി. സൈനികര്‍ മുന്നോട്ടു കുതിച്ചു വന്നു. പെട്ടെന്ന് തന്നെ യുവാക്കള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. അവരിലൊരാള്‍ സൈനികരെ വെല്ലുവളിച്ച് അവര്‍ക്ക് നേരെ നടന്നടുത്തു. അവര്‍ എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു. സൈനികര്‍ വീണ്ടും സുരക്ഷിത അകലത്തിലേക്ക് മാറി. പൊടുന്നനെ പിന്നില്‍ നിന്ന് ഒരു കവചിതവാഹനം പാഞ്ഞെത്തി. അതില്‍ നിന്ന് തോക്കുകളുമായി പൊലിസുകാര്‍ ചാടിയിറങ്ങി. യുവാക്കള്‍ ഗലിയിലേക്ക് പിന്‍മാറി. അവര്‍ക്ക് പിന്നാലെ പാഞ്ഞ പൊലിസിനൊപ്പം സൈനികരും കുതിച്ചു. ഗലിയില്‍ ആരുമുണ്ടായിരുന്നില്ല. യുവാക്കളെല്ലാം അപ്രത്യക്ഷരായിരുന്നു.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."