വിഡിയോ ഗെയിമിന് നിയന്ത്രണവുമായി ചൈന
ബെയ്ജിങ്: 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിഡിയോ ഗെയിം കളിക്കുന്നതിന് നിയന്ത്രണവുമായി ചൈന. രാത്രി പത്തിന് ശേഷവും രാവിലെ എട്ടിന് മുന്‍പും ഗെയിം കളിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സാധാരണ ദിവസങ്ങളില്‍ 90 മിനുട്ടും വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും 3 മണിക്കൂറുമാണു കുട്ടികള്‍ക്കു വിഡിയോ ഗെയിം കളിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം.
വിഡിയോ ഗെയിമിന് അഡിക്റ്റാവുന്നത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചൈനീസ് സര്‍ക്കാരിന്റെ നടപടി. വിഡിയോ ഗെയിമുകളുടെ ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ചൈന. ഗെയിം കളിക്കുന്നതിനുള്ള മാര്‍ഗരേഖ ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.
ഗെയിമുകള്‍ക്കായി പണം ചെലവഴിക്കുന്നതിലും നിയന്ത്രണമുണ്ട്. എട്ടിനും 16നും ഇടയില്‍ പ്രായമുള്ളവര്‍ മാസത്തില്‍ 200 യുവാനും (ചൈനീസ് കറന്‍സി) 16 മുതല്‍ 18 വരെ പ്രായമുള്ളവര്‍ 400 യുവാനും മാത്രമേ വിഡിയോ ഗെയിമിനായി ചെലവിടാന്‍ പാടുള്ളുവെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കുന്നതിനുള്ള പ്രധാന നിര്‍ദേശമെന്ന നിലയില്‍ 2018 മുതല്‍ പുതിയ ഗെയിം ഇറക്കുന്നതിന് ചൈനയില്‍ നിലവില്‍ നിയന്ത്രണം ഉണ്ട്. ഇറക്കുമതി ചെയ്യുന്ന വിഡിയോ ഗെയിമുകള്‍ക്കും 2018 ഫെബ്രുവരി മുതല്‍ അംഗീകാരം നല്‍കിയിരുന്നില്ല.
രാജ്യത്തെ കമ്പനികള്‍ക്ക് 2018 മെയ് മുതല്‍ പുതിയ ലൈസന്‍സുകള്‍ നല്‍കേണ്ടതില്ലെന്ന് ചൈനീസ് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു.
2018ല്‍ മാത്രം 38 ബില്യന്‍ ഡോളറിന്റെ വിഡിയോ ഗെയിം ബിസിനസാണ് ചൈനയില്‍ നടന്നത്. വെറുതെ ഗെയിം കളിച്ചിരുന്നും ചാറ്റ് ചെയ്തും വളര്‍ന്നുവരുന്ന പുതിയ തലമുറ ഭാവിയില്‍ ഭീഷണിയാകുമെന്ന കണക്കുകൂട്ടലാണ് വിഡിയോ ഗെയിമുകളുടെ സമയം ക്രമീകരിക്കാന്‍ ചൈനീസ് സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.
സൈന്‍ഇന്‍ ചെയ്യലിലൂടെ കുട്ടികളുടെ ഗെയിം വീക്ഷിക്കുന്നതിനുള്ള നിലവിലെ സംവിധാനത്തിനു പുറമേ വ്യാജ പേരുകളില്‍ സൈന്‍ ഇന്‍ ചെയ്യുന്നത് കര്‍ശനമായി നിയന്ത്രിക്കാനും അധികൃതര്‍ക്ക് നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."