യുദ്ധക്കുറ്റം: കോംഗോ മുന്‍ വിമത നേതാവിന് 30 വര്‍ഷം ജയില്‍ ശിക്ഷ
ഹേഗ്: യുദ്ധക്കുറ്റത്തിന് കോംഗോ മുന്‍ വിമത നേതാവ് ബോസ്‌കോ റ്റഗാന്‍ഡയ്ക്ക് 30 വര്‍ഷത്തെ ജയില്‍ ശിക്ഷ. അന്താരാഷ്ട്ര കോടതിയാണ് ശിക്ഷ വിധിച്ചത്. ദ ടെര്‍മിനേറ്റര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം കൊലപാതകം, പീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ശിക്ഷയാണിത്. കഴിഞ്ഞ ജൂലൈയില്‍ ആണ് ഇദ്ദേഹം കുറ്റവാളിയാണെന്ന് കോടതി പ്രഖ്യാപിച്ചത്.
കോംഗോയിലെ ലോഹ സമ്പുഷ്ട കേന്ദ്രമായ ഇറ്റുരിയില്‍ 2002- 2003 കാലയളിവിലാണ് ഇദ്ദേഹം സാധരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നടത്തിയത്. വാഴത്തോട്ടത്തില്‍ ബോസ്‌കോയുടെ നേതൃത്വത്തില്‍ നടത്തിയ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പാടത്ത് ചിതറക്കിടക്കുകയായിരുന്നെന്നും ചിലരുടെ ശരീരങ്ങള്‍ അംഗ വൈകല്യംവരുത്തിയിരുന്നെന്നും വിധിക്കിടെ അന്താരാഷ്ട്ര കോടതി ജഡ്ജി ഫ്രംര്‍ കോടതി പറഞ്ഞു. ലൈംഗിക അടിമത്തം ഉള്‍പ്പെടെയുള്ള 13 കുറ്റങ്ങള്‍ക്കാണ് ശിക്ഷക്കപ്പെട്ടത്. ലൈംഗിക അടിമത്ത കേസില്‍ അന്താരാഷ്ട്ര കോടതി ആദ്യമായാണ് ശിക്ഷ വിധിക്കുന്നത്. റുവാണ്ടയില്‍ ജനിച്ച ബോസ്‌കോ അന്താരാഷ്ട്ര കോടതിയുടെ വിധിക്കെതിരേ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വിധി കേള്‍ക്കാനായി ഇരകള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ ഹേഗിലെ കോടതിയില്‍ ഹാജരായിരുന്നു.
2013ല്‍ റുവാണ്ടയിലെ യു.എസ് എംബസിയായ കിഗ്ലിയില്‍ എത്തി സ്വമേധയാ കീഴടങ്ങിയ ബോസ്‌കോ വിമതരായ യൂനിയന്‍ ഓഫ് കോംഗോയുടെ നേതാവായിരുന്നു. കോംഗോയുടെ സ്വാതന്ത്ര്യത്തിനായുള്ള എഫ്.പി.എല്‍.സി എന്ന സൈനിക വിഭാഗം വിമതര്‍ രൂപീകരിച്ചിരുന്നു.
ബോസ്‌കോയുടെ നേതൃത്വത്തിലുള്ള വിമതര്‍ നിരവധി പേരുടെ ജീവിതമാണ് തകര്‍ത്തതെന്നും മകനെയും ഭര്‍ത്താവിനെയും അവര്‍ കൊന്നെന്നും വിമത അക്രമണത്തില്‍ രക്ഷപ്പെട്ട കിഴക്കന്‍ കോംഗോയിലെ കിവന്‍ജ സ്വദേശിയായ റെബേക്ക ഉനിബോ അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.
അന്താരാഷ്ട്ര കോടതിവിധിക്ക് പിന്നാലെയായിരുന്നു അവരുടെ പ്രതികരണം. 1999 മുതല്‍ ഇറ്റ്‌റുവിലുണ്ടായ ആക്രമണത്തില്‍ 60,000 പേരാണ് കൊല്ലപ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ പ്രദേശമായ കോബുവിലെ വാഴത്തോട്ടത്തില്‍വച്ച് 49 പേരെയാണ് ബോസ്‌കോ കൊലപ്പെടുത്തിയതെന്നും പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തിനിരയായിരുന്നെന്നും അന്താരാഷ്ട്ര കോടതി അഭിഭാഷകന്‍ പറഞ്ഞു.
15 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗിക അടിമകളായി വിമതര്‍ റിക്രൂട്ട് ചെയ്തിരുന്നു. വിമത പ്രവര്‍ത്തനത്തിന് പിന്നാലെ സൈന്യത്തില്‍ ചേര്‍ന്ന് ബോസ്‌കോ 2007 മുതല്‍ 2012 വരെ കോംഗോയുടെ സൈനിക ജനറലായി. എന്നാല്‍ വീണ്ടും വിമത പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയ ഇദ്ദേഹം എം 23 എന്ന വിമത ഗ്രൂപ്പ് രൂപീകരിച്ച് സര്‍ക്കാരിനെതിരേ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."