പന്നിയാര്‍ പദ്ധതി പുനരാരംഭിച്ചു; ഉല്‍പാദന നഷ്ടം 30 കോടി
തൊടുപുഴ: പ്രളയത്തില്‍ തകര്‍ന്ന പന്നിയാര്‍ പവര്‍ ഹൗസില്‍ നൂറു ദിവസത്തിനു ശേഷം ഉല്‍പാദനം പുനരാരംഭിച്ചപ്പോള്‍ നഷ്ടം മാത്രം 30.7 കോടി. 16.2 മെഗാവാട്ടിന്റെ രണ്ടു ജനറേറ്ററുകളില്‍ ഒന്നില്‍ മാത്രമാണ് ഉല്‍പാദനം ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ രണ്ടാം നമ്പര്‍ ജനറേറ്ററിലാണ് ഉല്‍പാദനം തുടങ്ങിയത്. അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാല്‍ ഒന്നാം നമ്പര്‍ ജനറേറ്ററിലെ ഉല്‍പാദനം ഇനിയും നീളും. 32.4 മെഗാവാട്ടാണ് പൂര്‍ണ ഉല്‍പാദന ശേഷിയെങ്കിലും 32 മെഗാവാട്ട് വരെയാണ് ഇവിടെ ലഭിക്കുന്നത്. 0.768 ദശലക്ഷം യൂനിറ്റാണ് പദ്ധതിയിലെ പരമാവധി പ്രതിദിന ഉല്‍പാദനം. യൂനിറ്റിന് ശരാശരി വിലയായ നാല് രൂപ വച്ച് കണക്കാക്കിയാല്‍ 30.72 കോടിയുടെ ഉല്‍പാദന നഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതിനുപുറമെ പവര്‍ ഹൗസിനുണ്ടായ നഷ്ടവും ജലനഷ്ടവും കണക്കാക്കിയാല്‍ കോടികള്‍ വരും.
പീക്ക് സമയത്തും ഓഫ് പീക്ക് സമയത്തും കെ.എസ്.ഇ.ബി ഒരുപോലെ ആശ്രയിക്കുന്ന വൈദ്യുത നിലയമാണ് പന്നിയാര്‍. ഓഗസ്റ്റ് 15നുണ്ടായ പ്രളയത്തില്‍ പന്നിയാര്‍ പുഴ കരകവിഞ്ഞ് പന്നിയാര്‍ പവര്‍ഹൗസ് പകുതി മുങ്ങിയിരുന്നു. സമീപത്തുള്ള വെള്ളത്തൂവല്‍ ചെറുകിട പവര്‍ ഹൗസ് പൂര്‍ണമായും തകരുകയും ചെയ്തു. പന്നിയാറില്‍നിന്ന് പുറന്തള്ളുന്ന വെള്ളം കൊണ്ട് ഉല്‍പാദനം നടക്കുന്ന വെള്ളത്തൂവല്‍ പവര്‍ ഹൗസ് പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും. 1.8 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ടു ജനറേറ്ററുകളാണ് ഇവിടെയുള്ളത്. രണ്ടു വര്‍ഷം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ പദ്ധതിയാണിത്.
2007 സെപ്റ്റംബര്‍ 17ന് പൊന്മുടി ഡാമില്‍നിന്ന് പന്നിയാര്‍ പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന പൈന്‍സ്റ്റോക്ക് പൈപ്പ് പൊട്ടിത്തെറിച്ച് എട്ടു കെ.എസ്.ഇ.ബി ജീവനക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടതടക്കം കോടികളുടെ നഷ്ടം സംഭവിച്ചിരുന്നു.
ദുരന്തം നടന്ന് 21 മാസത്തിനു ശേഷം 2009 ജൂണ്‍ 11നാണ് പദ്ധതി പുനരാരംഭിച്ചത്. ഏകദേശം 150 കോടിയുടെ ഉല്‍പാദന നഷ്ടം ഇക്കാലയളവില്‍ ഉണ്ടായെന്നാണ് കണക്ക്. ഇനി പ്രളയമുണ്ടായാല്‍ വെള്ളം കയറി പ്രധാന ഭാഗങ്ങള്‍ തകരാതിരിക്കാന്‍ കണ്‍ട്രോള്‍-പാനല്‍ റൂമുകള്‍ പന്നിയാര്‍ പവര്‍ ഹൗസിന്റെ മുകള്‍ നിലയിലേക്കു മാറ്റുന്നതിനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. വെള്ളത്തൂവല്‍ പവര്‍ ഹൗസ് പൂര്‍ണമായി പുനര്‍നിര്‍മിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."