ശുചിത്വ പരിശോധന; കുറ്റിപ്പുറത്ത് പത്ത് കടകള്‍ക്കെതിരേ നടപടി
എടപ്പാള്‍: ശുചിത്വ പരിശോധനയെ തുടര്‍ന്ന് ഒരു ബേക്കറി അടക്കം പത്തോളം കടകള്‍ അടപ്പിച്ചു. കോളറ ബാക്ടീരിയകളെ കണ്ടെത്തിയ കുറ്റിപ്പുറത്തെ ശുചിത്വമില്ലായ്മ പരിഹരിക്കാന്‍ ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ഇന്നലെ ടൗണില്‍ നടത്തിയ പരിശോധനയിലാണ് ആവശ്യമായ രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരേ നടപടികളുണ്ടായത്.
കുറ്റിപ്പുറം പട്ടണത്തിലും പരിസരത്തുമുള്ള കിണറുകളില്‍ കോളറ ബാക്ടീരിയ 'വിബ്രിയോ കോളറെ' കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സെക്കീനയുടെയും ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ചട്ടങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിച്ചിരുന്നു.
ഈ കടകള്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. ഇന്നലെ നടന്ന പരിശോധനയില്‍ ഈ കടകളും അടച്ച് പൂട്ടി. ഈ കടകളില്‍ മിക്കവക്കും പഞ്ചായത്ത് ലൈസന്‍സോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവയാണ്.
മാലിന്യം വന്‍തോതില്‍ തള്ളിയതിനെ തുടര്‍ന്നാണ് ബേക്കറിക്കെതിരേ നടപടിയെടുത്തത്. പരിശോധന ഇന്നും തുടരും. പകര്‍ച്ചവ്യാധി ഭീഷണി തടയുന്നതിനായി കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കുറ്റിപ്പുറം പഞ്ചായത്തിനും ആരോഗ്യവകുപ്പിനുമെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മാലിന്യം സംസ്‌ക്കരിക്കുന്നതിലെ അനാസ്ഥയാണ് പകര്‍ച്ചവ്യാധി ഭീഷണിക്ക് കാരണമായതെന്നാരോപിച്ചാണ് നാട്ടുകാര്‍ രംഗത്ത് വന്നത്. ഇതേ തുടര്‍ന്നാണ് ഇന്നലെ മുതല്‍ പരിശോധ കര്‍ശനമാക്കിയത്.
കുറ്റിപ്പുറം ടൗണില്‍ ഓടകളിലേക്ക് മാലിന്യമൊഴുക്കിവിടുന്ന കച്ചവടക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാനും ഓടകളിലേക്ക് ശുചിമുറി മാലിന്യം ഉള്‍പ്പെടെയുള്ളവ ഒഴുക്കാനായി സ്ഥാപിച്ച പൈപ്പുകള്‍ അടപ്പിക്കാനുമുള്ള നടപടികളും ആരംഭിച്ചു.
ഇതിനു പുറമേ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാരതപ്പുഴയോരത്തെ വാടക ക്വാര്‍ട്ടേഴ്‌സുകള്‍ ഒഴിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു.
വരും ദിവസങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ കൂടുതല്‍ നടപടികളുണ്ടാകും. ഇതോടൊപ്പം കുറ്റിപ്പുറം പട്ടണത്തിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്നലെ തുടക്കമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."