ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാരന്‍ ഓഫിസില്‍ ജീവനൊടുക്കി
നിലമ്പൂര്‍: മാസങ്ങളായി ശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാരന്‍ ഓഫിസിനുള്ളില്‍ ജീവനൊടുക്കി. നിലമ്പൂര്‍ ബി.എസ്.എന്‍.എല്‍ എക്‌സ്‌ചേഞ്ചിലെ പാര്‍ടൈം സ്വീപ്പര്‍ വണ്ടൂര്‍ തൃക്കൈക്കുത്ത് കാഞ്ഞിരംപാടം കുന്നത്ത് രാമകൃഷ്ണനെ (52) ആണ് ഇന്നലെ രാവിലെ ഒന്‍പതരയോടെ ഓഫിസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 30 വര്‍ഷത്തോളമായി ബി.എസ്.എന്‍.എല്‍ നിലമ്പൂര്‍ ഓഫിസില്‍ ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ പത്തുമാസമായി രാമകൃഷ്ണന് ശമ്പളം ലഭിച്ചിട്ടില്ല. ഇതിനിടെ ആറുമണിക്കൂറുള്ള ജോലി ഒന്നര മണിക്കൂര്‍ ആയി കുറയ്ക്കുകയും ജോലി ദിവസം ഒരു മാസത്തില്‍ നിന്നും 15 ദിവസമായി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലും ശമ്പളം കിട്ടാക്കനിയായതുമാണ് ജീവനൊടുക്കാന്‍ ഇടയാക്കിയതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. രാവിലെ എട്ടരയോടെ ഓഫിസില്‍ എത്തി തന്റെ ജോലി പൂര്‍ത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ ആരും ഇല്ലാതിരുന്ന സമയത്ത് സ്വിച്ച് റൂമില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് പ്രതിഷേധവുമായി വിവിധ സംഘടനകളും രംഗത്തുവന്നു. നിലമ്പൂര്‍ സി.ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഉന്നത ബി എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയത്. നിര്‍മലയാണ് ഭാര്യ. മക്കള്‍: വൈഷ്ണവ്, വിസ്മയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."