ഇത് അസൈനാര്‍ എഴുതാത്ത കഥ
കൈയിലൊരു കടലാസുകെട്ടുമായാണ് ആ മനുഷ്യന്‍ ഓഫിസ് മുറിക്കു മുന്നിലെത്തിയത്. പക്ഷാഘാതത്തില്‍നിന്നു പൂര്‍ണമായും മുക്തിനേടിയിട്ടില്ലാത്തപോലെ വേച്ചുവേച്ചായിരുന്നു നടപ്പ്. വാതിലില്‍ത്തട്ടി അദ്ദേഹം വിനയത്തോടെ ചോദിച്ചു, 'അകത്തു കടക്കട്ടെ.'
വെറുമൊരു സാധാരണക്കാരന്‍. ദരിദ്രനാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ തോന്നും. പക്ഷേ, ആ മുഖത്തു ദൈന്യത്തിനു പകരം സംതൃപ്തിയാണു നിറഞ്ഞുനിന്നത്.
'ഞാനൊരു കഥയെഴുതിയിട്ടുണ്ട്. നല്ലതാണെങ്കില്‍ പ്രസിദ്ധീകരിക്കുമോ.' കൈയിലെ കടലാസു കെട്ടു നീട്ടി അദ്ദേഹം ചോദിച്ചു.
ആ രൂപവും അതിനു ചേരാത്ത ചോദ്യവും കൗതുകമുണര്‍ത്തി. ദരിദ്രനായൊരാള്‍ കഥയെഴുതി എന്നതിലായിരുന്നില്ല കൗതുകം. കഥയെഴുതിയ ആ മനുഷ്യന്റെ ജീവിതത്തില്‍ കഥയെ വെല്ലുന്നൊരു കഥയുണ്ടാകാന്‍ സാധ്യതയുണ്ടെന്നൊരു തോന്നല്‍.
കടലാസുകെട്ടു വാങ്ങി ഇരിക്കാന്‍ പറഞ്ഞ് അദ്ദേഹത്തിന്റെ പേരും കുടുംബവിവരങ്ങളും ചോദിച്ചു, ശാരീരികമായ അവശതയെക്കുറിച്ചു പ്രത്യേകം ചോദിച്ചു.
'ഞാനൊരു വല്ലാത്ത സ്ഥിതീന്ന് ഏതാണ്ട് രക്ഷപ്പെട്ടയാളാണ്. വര്‍ത്താനം പറയാനും പഴയപോലല്ലെങ്കിലും അത്യാവശ്യം നടക്കാനും കഴിയൂംന്നു തോന്ന്യപ്പഴാണ് ചില കഥകള്‍ മനസിലേക്കു വന്നത്. എഴുതാന്‍ കഴീല്ലെന്നു വിചാരിച്ച കൈകൊണ്ട് എഴുതാനായപ്പോള്‍ സന്തോഷം തോന്നി. അതൊന്നു അച്ചടിച്ചു കാണാന്‍ ത്തിരി മോഹം. ന്നാലും സാറ് വായിച്ച് നന്നെങ്കില്‍ മാത്രം കൊടുത്താല്‍ മതി.' മുഖവുര കൂടാതെ അദ്ദേഹം പറഞ്ഞു.
അപ്പോള്‍ മനസിലെ കൗതുകം ഇരട്ടിച്ചു, അദ്ദേഹമെഴുതിയ കഥയുടെ കാമ്പറിയാനായിരുന്നില്ല, കഥയെഴുതിയ ആ മനുഷ്യന്റെ ജീവിതകഥയറിയാന്‍. അതുകൊണ്ടു തന്നെ പിന്നീടുള്ള ചോദ്യങ്ങള്‍ മധ്യവയസു പിന്നിട്ട ആ മനുഷ്യന്റെ ജീവിതത്തിലേക്കു തന്നെയായി.
അസൈനാരെന്നാണു പേര്, പൂങ്ങാന്‍ അസൈനാര്‍. മലപ്പുറം ജില്ലയിലെ എ.ആര്‍ നഗറിനടുത്ത ചെങ്ങാനിയെന്ന ഗ്രാമമാണ് നാട്. മലബാറിലെ ഏതൊരു സാധാരണക്കാരനെയും പോലെ ചെറുപ്പത്തില്‍ അദ്ദേഹത്തിന്റെ മനസിലെയും സ്വപ്‌നം ഗള്‍ഫായിരുന്നു. ഏതു വിധേനയും പണമുണ്ടാക്കാനുള്ള ദുരാഗ്രഹമായിരുന്നില്ല. വീട്ടിലെ ദാരിദ്ര്യം മാറ്റണം. തനിക്കും കുടുംബത്തിനും അല്ലലില്ലാതെ ജീവിക്കാന്‍ കഴിയണം.
അസൈനാരുടെ സ്വപ്‌നം സഫലമാക്കിക്കൊണ്ട് 1980 ല്‍ ഗള്‍ഫില്‍ ജോലി കിട്ടി. സഊദിയിലെ ജിനാനിലെ ഒരു റെഡിമെയ്ഡ് ഷോപ്പില്‍. കടുത്ത ശാരീരികാധ്വാനമില്ല, മോശമല്ലാത്ത ശമ്പളം കിട്ടും. ആ ജോലിയില്‍ അസൈനാര്‍ തൃപ്തനായിരുന്നു. കട തുറക്കുന്നതും അടയ്ക്കുന്നതുമെല്ലാം അസൈനാര്‍. മുതലാളി ദിവസത്തില്‍ വല്ലപ്പോഴുമെത്തും.
ഒരു ദിവസം രാവിലെ പതിവുപോല കട തുറന്നു. ഏറെ കഴിയുംമുന്‍പ് മൂന്നു നാല് ഉപഭോക്താക്കള്‍ വന്നു. അവരുടെ ചോദ്യത്തിന് അസൈനാര്‍ മറുപടി നല്‍കുകയായിരുന്നു.
അപ്പോള്‍, ആദ്യം അത്ഭുതത്തോടെ, തൊട്ടുപിന്നാലെ ആശങ്കയോടെ അസൈനാര്‍ ഒരു കാര്യം തിരിച്ചറിഞ്ഞു, താന്‍ സംസാരിക്കുന്നുണ്ടെങ്കിലും വായില്‍ നിന്നു ശബ്ദം പുറത്തുവരുന്നില്ല. സംസാരിക്കാന്‍ കഴിയുന്നില്ലെന്നു കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരെ എഴുതിക്കാണിച്ചു ബോധ്യപ്പെടുത്തേണ്ടി വന്നു.
വിവരമറിഞ്ഞു കടയുടമയും മറ്റുമെത്തി. മലയാളിയായ ഒരു ഡോക്ടര്‍ അടുത്ത ക്ലിനിക്കിലുണ്ടായിരുന്നു. അസൈനാരെ കൊണ്ടുപോയത് ആ ഡോക്ടറുടെ അടുത്തായിരുന്നു. 'ഇങ്ങനെയൊരു രോഗം ഞാന്‍ കണ്ടിട്ടും കേട്ടിട്ടുമില്ല. രോഗകാരണമറിയാതെ എങ്ങനെ ചികിത്സിക്കും.'
ഡോക്ടര്‍ കൈമലര്‍ത്തിയ ഉടനെ അവര്‍ അസൈനാരെയും കൊണ്ട് മറ്റൊരു ക്ലിനിക്കിലേക്കു കുതിച്ചു. ഇതിനിടയില്‍ അസൈനാര്‍ക്കു പക്ഷാഘാതവുമുണ്ടായി. ഒരു വശം തളര്‍ന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണെന്നു ഡോക്ടര്‍ വിധിച്ചു. മരുന്നു കുറിച്ചു കൊടുത്തു. ആ മരുന്ന് അവിടെയില്ല. അടുത്തെങ്ങും കിട്ടില്ല, 150 കിലോ മീറ്റര്‍ അകലെ മാത്രമേ കിട്ടൂ. അസൈനാരുടെ പരിചയക്കാര്‍ അവിടേക്കു കുതിച്ചു മരുന്നുമായെത്തി.
ആ മരുന്നു കഴിച്ച് അഞ്ചു മിനിറ്റിനുള്ളില്‍ രോഗിക്ക് എന്തെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പ്രതീക്ഷയ്ക്കു വകയുള്ളൂ എന്നാണു ഡോക്ടര്‍ പറഞ്ഞത്. മരുന്നു കഴിച്ചശേഷമുള്ള ഓരോ നിമിഷവും അസൈനാര്‍ക്കും സുഹൃത്തുക്കള്‍ക്കും കടുത്ത മാനസിക പിരിമുറുക്കത്തിന്റേതായിരുന്നു.
നിശ്ചിതസമയം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വിളിച്ചു, 'അസൈനാരേ.., സംസാരിക്കാന്‍ പറ്റുന്നുണ്ടോ.'
ശബ്ദം പുറത്തുവരാതിരിക്കുമോയെന്ന ഭയാശങ്കയോടെയാണ് അസൈനാര്‍ മറുപടി പറഞ്ഞത്, 'ഓ.., ണ്ടല്ലോ.'
അസൈനാര്‍ക്കു പോലും വിശ്വസിക്കാനാവാത്ത അത്ഭുതമായിരുന്നു. സ്പഷ്ടമല്ലെങ്കിലും അസൈനാരുടെ വായില്‍നിന്നു ശബ്ദം പുറത്തുവന്നു!
'ഇനി ഇയാളെ എത്രയും പെട്ടെന്നു നാട്ടിലേക്കു കൊണ്ടുപോകണം. കുറച്ചുകാലം തുടര്‍ച്ചയായ ചികിത്സവേണ്ടിവരും. സഹായത്തിന് ആളുവേണം. അതൊക്കെ ഇവിടെ പ്രയാസമാകും.'
കൈയില്‍ ചില്ലിക്കാശില്ല. നാട്ടിലെത്തണം, ചികിത്സ നടത്തണം. എന്തു ചെയ്യുമെന്ന് അസൈനാര്‍ ആലോചിച്ചു. അതിനിടയില്‍, സാധാരണക്കാരായ മറ്റു പ്രവാസി പരിചയക്കാര്‍ തങ്ങളുടെ കൈയിലെ പണമെല്ലാം സ്വരൂപിച്ച് അസൈനാര്‍ക്കു നാട്ടിലെത്താനുള്ള വിമാനടിക്കറ്റ് ശരിപ്പെടുത്തുന്ന തിരക്കിലായിരുന്നു.
നാട്ടിലെത്തി പല ഡോക്ടര്‍മാരെയും കാണിച്ചു. ചികിത്സയുണ്ട്, പണച്ചെലവു വരും, എങ്കിലും പൂര്‍ണമായി ഭേദപ്പെടുത്താന്‍ കഴിയുമോയെന്നറിയില്ല എന്നൊക്കെയായിരുന്നു പ്രതികരണം. അതിനിടയില്‍ കോഴിക്കോട്ടെ ഒരു വിദഗ്ധ ഡോക്ടറെ കാണാനുള്ള ശ്രമം പല കാരണങ്ങളാല്‍ മുടങ്ങി. പിന്നീടാണ് കൊച്ചിയിലെ ഒരു സ്‌പെഷാലിറ്റി ആശുപത്രിയില്‍ എത്തിയത്.
രോഗം ഭേദമാക്കാമെന്നു ഡോക്ടര്‍ ഉറപ്പുകൊടുത്തു. പക്ഷേ, മരുന്നിനു ഏറെ ചെലവുവരും. ഓരോ തവണയും വന്‍തുക ചെലവുവരുന്ന മരുന്നാണ് ഡോക്ടര്‍ എഴുതിയത്. കൈയില്‍ ചില്ലിക്കാശില്ല. മൂന്നു പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണ് അസൈനാര്‍ക്കുള്ളത്. ഉപ്പ കിടപ്പിലായതോടെ ആണ്‍കുട്ടി കെട്ടിട നിര്‍മാണപ്പണിക്കു പോകാന്‍ തുടങ്ങി. അവന്റെ വരുമാനമാണ് ഏക ആശ്രയം.
ചികിത്സ മുടങ്ങുമെന്നു വന്ന ഘട്ടങ്ങളിലൊക്കെ സഹായവുമായി ചില പ്രവാസി പരിചയക്കാരെത്തും. 'ആരുടെയും മുന്നില്‍ കൈനീട്ടാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. അതറിഞ്ഞായിരിക്കും പടച്ചോന്‍ കണ്ടറിഞ്ഞു സഹായിക്കാന്‍ ആരെയെങ്കിലും മുന്നിലെത്തിക്കുന്നത്.' നിറഞ്ഞ ചിരിയോടെയാണ് അസൈനാര്‍ ഇതു പറയുന്നത്.
രോഗത്തില്‍നിന്നുള്ള മുക്തിയുടെ ഏതോ ഘട്ടത്തിലാണ് അസൈനാര്‍ക്കു കഥയെഴുതാന്‍ തോന്നിയത്. അങ്ങനെയെഴുതിയ കഥകളുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്.
അസൈനാരുടെ ജീവിതകഥ കേട്ടു യാത്രയയച്ച ശേഷം അദ്ദേഹം തന്ന കടലാസുകെട്ടു നിവര്‍ത്തി അതിലേക്കു കണ്ണോടിച്ചു. ജീവിതാനുഭവങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന വിവരണമാണു പ്രതീക്ഷിച്ചത്.
പക്ഷേ, അത് ഉമറിന്റെ പൗത്രന്‍ സാലിമിന്റെ കഥയായിരുന്നു, ഹജ്ജ് കര്‍മത്തിനെത്തിയ ഖലീഫ സുലൈമാനുബ്‌നു അബ്ദുല്‍ മാലിക്കിന്റെ കണ്ണുതുറപ്പിച്ച സാലിമിന്റെ കഥ. ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന ആ യുവാവിനെ സമീപിച്ചു താന്‍ എന്തു സഹായമാണു നിറവേറ്റിത്തരേണ്ടതെന്ന് ഉദാരമനസ്‌കനായ ഖലീഫ ചോദിച്ചു.
'പ്രപഞ്ചനാഥന്റെ ഭവനത്തിലിരുന്നുകൊണ്ട് അവനോടല്ലാതെ മറ്റൊരാളോട് ആവശ്യം ചോദിക്കുന്നതു ശരിയാണോ?' എന്നായിരുന്നു സാലിമിന്റെ മറുപടി.
സാലിമിന്റെ ആ വാക്കുകളില്‍ വായനയെത്തിയപ്പോള്‍, ആദ്യ കാഴ്ചയില്‍ അസൈനാരുടെ മുഖത്തു കണ്ട സംതൃപ്തിയുടെ തിളക്കത്തിന്റെ പൊരുള്‍ എനിക്കു ബോധ്യപ്പെട്ടു.
എല്ലാം പ്രപഞ്ചനാഥനില്‍ അര്‍പ്പിച്ചവരെ തോല്‍പ്പിക്കാന്‍ ജീവിതക്ലേശങ്ങള്‍ക്കു കഴിയില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."