സേവന നികുതി അടച്ചില്ല: നീലേശ്വരം നഗരസഭയ്ക്കു രണ്ടു ലക്ഷം രൂപ പിഴ
നീലേശ്വരം: സേവന നികുതി യഥാസമയം അടക്കാത്തതിനെ തുടര്‍ന്ന് നീലേശ്വരം നഗരസഭയ്ക്കു രണ്ടു ലക്ഷം രൂപ പിഴ. പഞ്ചായത്തുകാലം മുതലുള്ള സേവന നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് നഗരസഭയുടെ തനതുഫണ്ടില്‍ നിന്നാണ് പിഴ അടയ്‌ക്കേണ്ടത്. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തില്‍ സംഭവിച്ച വീഴ്ച മൂലം നഗരസഭയ്ക്കു വന്ന നഷ്ടം ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച ധനകാര്യ സ്ഥിരം സമിതി ശുപാര്‍ശ കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡയായി വന്നപ്പോള്‍ സി.പി.എം കൗണ്‍സലര്‍ പി.കെ രതീഷാണ് പയ്യന്നൂര്‍ നഗരസഭ നേരിട്ട സമാന പ്രശ്‌നത്തിലേക്കു കൗണ്‍സിലിന്റെ ശ്രദ്ധ ക്ഷണിച്ചത്.
തനതു ഫണ്ടില്‍ നിന്നു തുക നല്‍കി പ്രശ്‌നം പരിഹരിച്ചെങ്കിലും ഓഡിറ്റില്‍ എതിര്‍പ്പു വന്നപ്പോള്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നു തുക ഈടാക്കുകയായിരുന്നു. ഇക്കാര്യം കൃത്യമായി പഠിച്ച് ആവശ്യമെങ്കില്‍ കര്‍ശന നടപടിയിലേക്കു നീങ്ങണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്നു സംസാരിച്ച ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ കൂടിയായ ഉപാധ്യക്ഷ വി. ഗൗരിയും ഇതു ശരിവച്ചു. ചെയര്‍മാന്‍ കെ.പി ജയരാജന്റെ നിര്‍ദേശ പ്രകാരം വിശദീകരണം നല്‍കിയ സെക്രട്ടറി കെ. അഭിലാഷ് 10 റിട്ടേണുകളിലായി 20, 000 രൂപ വീതം പിഴയെന്ന കണക്കില്‍ രണ്ടു ലക്ഷം രൂപ അടക്കേണ്ടി വരുമെന്ന് അറിയിച്ചു.
ഫയല്‍ പഠിച്ചപ്പോള്‍ പഞ്ചായത്തുകാലം മുതല്‍ റിട്ടേണ്‍ നല്‍കിയില്ലെന്നും ഈ തുക തുടര്‍ന്നു വന്ന നഗരസഭാ തനതുഫണ്ടില്‍ നിന്ന് അടച്ചിരുന്നുവെന്നും അദ്ദേഹം കൗണ്‍സിലിനെ അറിയിച്ചു. ഇതേ തരത്തില്‍ നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരുടെ 2011 ജനുവരി മുതല്‍ 2016 മെയ് വരെയുള്ള ഇ.പി.എഫ് വിഹിതം അടക്കാത്തതിനാല്‍ 62, 338 രൂപ നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് ഈടാക്കിയെന്ന എസ്.ബി.ഐ ടൗണ്‍ ബ്രാഞ്ചിന്റെ അറിയിപ്പും യോഗം പരിഗണിച്ചു.
ഇക്കാര്യം ധനകാര്യ സ്ഥിരം സമിതി പഠിച്ച ശേഷം തീരുമാനമെടുക്കും. സേവന നികുതി റിട്ടേണ്‍ യഥാസമയം ഫയല്‍ ചെയ്യുന്നതിനു ജേക്കബ് ആന്‍ഡ് ജോര്‍ജ് ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ചെയര്‍മാന്‍ നല്‍കിയ മുന്‍കൂര്‍ അനുമതിയും യോഗം അംഗീകരിച്ചു. എറുവാട്ട് മോഹനന്‍, പി.വി രാമചന്ദ്രന്‍, പി. കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."