ആസിയാ ബീബിയുടെ മോചനം: പ്രക്ഷോഭം നയിച്ച പാക് പണ്ഡിതന് അറസ്റ്റില്‍
ഇസ്ലാമാബാദ്: പ്രവാചകനിന്ദയ്ക്കെതിരേ നിയമം ശക്തമാക്കണമെന്നാവശ്യപ്പെട്ടു പാകിസ്താന് നഗരങ്ങളില്‍ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ പ്രമുഖ പണ്ഡിതന് അറസ്റ്റില്‍. പ്രവാചകനിന്ദാ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതി ആസിയാ ബീബിയെ കുറ്റമുക്തയാക്കിയ പാക് സുപ്രിംകോടതി വിധിക്കെതിരേ അനുയായികളെ തെരുവിലിറക്കി അക്രമമഴിച്ചുവിട്ട കേസിലാണ് തെഹ്രീകെ ലബ്ബൈക് പാര്‍ട്ടി (ടി.എല്‍.പി) നേതാവ് ഖാദിം ഹുസൈന് റിസ്വിയെ പൊലിസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ലാഹോറിലെ മതപാഠശാലയില്നിന്നു റിസ്വിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ ടി.എല്‍.പി പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഏറ്റുമുട്ടി. ഇതില്‍ നാലു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
അറസ്റ്റുണ്ടായേക്കുമെന്നു നേരത്തേതന്നെ റിസ്വിക്കു സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന്, അറസ്റ്റ് നടപടികളിലേക്കു നീങ്ങിയാല്‍ തെരുവില്‍ പ്രതിഷേധം ശക്തമാക്കാന്‍ അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്കുകയുമുണ്ടായി. കോടതി വിധിക്കെതിരേ ഈ മാസം ആദ്യത്തില്‍ ടി.എല്‍.പിയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങളാണ് വിവിധ നഗരങ്ങളില്‍ അരങ്ങേറിയിരുന്നത്. ദേശീയപാതകള്‍ തടഞ്ഞും അക്രമമഴിച്ചുവിട്ടും നടന്ന പ്രക്ഷോഭങ്ങള്‍ റിസ്വിയുടെ നേരിട്ടുള്ള ആഹ്വാനപ്രകാരമായിരുന്നു. ആസിയ ബീബിയെ കുറ്റമുക്തയാക്കിയ സുപ്രിംകോടതി ജഡ്ജിമാര്‍ക്കു വധഭീഷണിയും മുഴക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."