ഡിവൈ.എസ്.പിയുടെ വാഹനത്തെ 'ഹോണടിച്ച് പേടിപ്പിച്ച' ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു; പ്രതിഷേധിച്ച് നടത്തിയ ബസ് പണിമുടക്കില്‍ വലഞ്ഞ് ജനം
കോഴിക്കോട്: ഡിവൈ.എസ്.പിയുടെ വാഹനത്തിനോടും സ്വകാര്യ ബസ് ജീവനക്കാരുടെ 'ഭയപ്പെടുത്തല്‍ നയം'. താമരശ്ശേരി ഡിവൈ.എസ്.പി സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് പറകില്‍ വന്ന ബസ്സുകാരാണ് തുടരെ ഹോണടിച്ചും ഡോറില്‍ മുട്ടിയും പതിവ് ഓവര്‍ടേക്കിംഗ് രീതികളുമായി വന്നത്. കോഴിക്കോട്-കൊയിലാണ്ടി ദേശീയ പാതയില്‍ തിരുവങ്ങൂരില്‍ വച്ചാണ് സംഭവം.
ഒടുവില്‍ സഹികെട്ട് ചെങ്ങോട്ടുകാവ് ടൗണില്‍ വച്ച് ഡിവൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരം പൊലിസ് വാഹനം റോഡിന് മധ്യത്തില്‍ നിര്‍ത്തി ബസ് തടഞ്ഞ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട്- കണ്ണൂര്‍ റൂട്ടിലോടുന്ന ഗാലക്‌സി ബസ്സിലെ ഡ്രൈവര്‍ പുന്നോളി സജീര്‍ മന്‍സിലില്‍ സഹീര്‍(34), കണ്ടക്ടര്‍ കോഴിക്കോട് വള്ളിപറമ്പ് പുവന്‍പറമ്പത്ത് അബൂബക്കര്‍(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
എതിര്‍ഭാഗത്തു നിന്നും വാഹനങ്ങള്‍ നിരനിരയായി വന്നതിനാല്‍ ബസിന് വഴികൊടുക്കാന്‍ ആയില്ലെന്നാണ് പൊലിസുകാര്‍ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥനെ അവഹേളിക്കും വിധം സംസാരിക്കുകയും തട്ടിക്കയറുകയും ചെയ്തതിനാണ് കേസെടുത്തതെന്നും അവര്‍ പറഞ്ഞു. കോഴിക്കോട്-കണ്ണൂര്‍ റോഡില്‍ ഒന്നര മിനിട്ട് ഇടവിട്ടാണ് ബസുകള്‍ ഓടുന്നതെന്നും ഈ ദൂരം രണ്ടേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഓടിയെത്തണമെന്നും ബസ് ജീവനക്കാര്‍ പറയുന്നു.
പലസ്ഥലത്തും ഗതാഗത തടസ്സമുണ്ടാകും. അതുകൊണ്ടാണ് വേഗത്തില്‍ പോകേണ്ടി വരുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം ജീവനക്കാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഈ റൂട്ടിലെ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത് യാത്രക്കാരെ വലച്ചു. മുന്നറിയിപ്പില്ലാതെയും തൊഴിലാളി യൂനിയനുകളുടെ അനുമതിയില്ലാതെയുമാണ് ജീവനക്കാര്‍ പണിമുടക്കിയത്. രാവിലെ ഓടിയ ദീര്‍ഘദൂര ബസുകള്‍ തടയുകയും ചെയ്തതോടെ ദുരിതം ഇരട്ടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."