സ്‌കൂള്‍ കായികമേളകള്‍ നോക്കുകുത്തി!
കൊല്ലം: സംസ്ഥാനത്ത് റവന്യൂ ജില്ലാ കായികമേളകള്‍ നടന്നുകൊണ്ടിരിക്കെ, കായിക അധ്യാപകരുടെ ചട്ടപ്പടി സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി എടുക്കാതെ വിദ്യാഭ്യാസ വകുപ്പ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ജൂണ്‍ 10 മുതലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കലാലയങ്ങളിലെ കായിക അധ്യാപകര്‍ ചട്ടപ്പടി സമരം തുടങ്ങിയത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കായികമേളകളില്‍ കായിക അധ്യാപകരുടെ പങ്കാളിത്തമില്ലാതെ വരുന്നതോടെ ജില്ലാ കായികമേളകള്‍ നോക്കുകുത്തിയാകുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
അറുപത് വര്‍ഷം പഴക്കമുള്ള കെ.ഇ.ആറിലെ അധ്യാപക വ്യവസ്ഥകള്‍ പരിഹരിക്കുക, യു.പി വിഭാഗത്തില്‍നിന്ന് 200 കുട്ടികള്‍ക്ക് ഒരു അധ്യാപകനെ നിയമിക്കുക തുടങ്ങിയവയാണ് ചട്ടപ്പടി സമരത്തിന് ആധാരമായി കായിക അധ്യാക സംഘടന മുന്നോട്ടു വയ്ക്കുന്നത്. ഹൈസ്‌കൂളുകളിലെ തസ്തിക നിര്‍ണയത്തിന് പത്താംക്ലാസിലെ പിരീഡ് ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് സംഘടനാ നേതാക്കള്‍ പറയുന്നു. ഹയര്‍ സെക്കന്‍ഡറിയിലാകട്ടെ കായിക അധ്യാപകരെ നിയമിച്ചിട്ടുമില്ല. കായിക അധ്യാപകരെ വേറിട്ടുനിര്‍ത്തുന്ന പതിവ് രീതി മാറ്റി അവരെ ജനറല്‍ അധ്യാപകരായി പരിഗണിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 6,038 പൊതുവിദ്യാലയങ്ങളില്‍ 2,034 കായിക അധ്യാപകര്‍ മാത്രമാണ് നിലവിലുള്ളത്. എട്ട്, ഒന്‍പത് ക്ലാസുകളില്‍ അഞ്ച് ഡിവിഷനുകളില്ലെങ്കില്‍ നിലവിലെ കായിക അധ്യാപകന്‍ വിരമിച്ചാല്‍ പകരം നിയമനം ഉണ്ടാകില്ലെന്നു മാത്രമല്ല, ഈ തസ്തിക കൂടി ഇല്ലാതാകുകയും ചെയ്യും. എല്ലാ വിദ്യാര്‍ഥികള്‍ക്കും കായിക പരിശീലനം നല്‍കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്നത്. എന്നാല്‍ സംസ്ഥാനത്ത് മൂന്നിലൊന്നു വിദ്യാര്‍ഥികള്‍ക്കുപോലും കലാലയങ്ങളില്‍ കായിക പരിശീലനം ലഭിക്കുന്നില്ല. കേരളത്തിന്റെ കായിക കുതിപ്പിന് നേതൃത്വം നല്‍കുന്ന കായികമേളകളെ പിന്നോട്ടു നയിക്കാനേ ഇത്തരം നടപടികള്‍ വഴിതെളിക്കൂ എന്ന് കായിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കായിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയ കര്‍ണാടകയിലും തമിഴ്‌നാട്ടിലും എല്ലാ സ്‌കൂളുകളിലും കായിക അധ്യാപകര്‍ വേണമെന്ന ഉത്തരവും നിലവിലുണ്ട്. മഹാരാഷ്ട്രയില്‍ എല്ലാ സ്‌കൂളുകളിലും കായിക അധ്യാപകരെ നിയമിച്ചതിനൊപ്പം ഏറ്റവും മുതിര്‍ന്ന അധ്യാപകരെ ഓരോ ജില്ലയിലും സ്‌പോര്‍ട്‌സ് ഓഫിസര്‍മാരായും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരുകയാണ്. കേരളത്തിലാകട്ടെ സ്‌പെഷലിസ്റ്റ് അധ്യാപകര്‍ എന്ന വിഭാഗത്തിലാണ് കായിക അധ്യാപകരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രൊമോഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് എല്‍.പി സ്‌കൂള്‍ അധ്യാപകരുടെ ശമ്പള സ്‌കെയിലാണ് ഇവരുടേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."