503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെക്കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി
ഉക്കിനടുക്ക (കാസര്‍കോട്): കാസര്‍കോട് മെഡിക്കല്‍ കോളജ് കെട്ടിട സമുച്ചയത്തിന് മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിട്ടു. ബദിയഡുക്ക ഉക്കിനടുക്കയില്‍ നടന്ന ചടങ്ങിലാണ് കെട്ടിട സമുച്ചയത്തിന് ശിലയിട്ടത്. ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ 95 കോടിയുടെ ഭരണാനുമതി നല്‍കിയതായും രണ്ടുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍ദ്രം മിഷന്റെ ഭാഗമായി എല്ലാ ആശുപത്രികളും രോഗീസൗഹൃദമാക്കുകയാണ്. ജില്ലാ ആശുപത്രികളിലെല്ലാം കാത്ത്ലാബ് സൗകര്യം ഒരുക്കും. 28 താലൂക്കാശുപത്രികളെ രോഗീസൗഹൃദമാക്കി. 155 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിക്കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ 503 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെക്കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. ആരോഗ്യമേഖലയില്‍ 830 പുതിയ തസ്തികകള്‍ അനുവദിച്ചത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. രാജ്യത്തെ ഏത് മെഡിക്കല്‍ കോളജിനോടും കിടപിടിക്കുന്നതായിരിക്കും കാസര്‍കോട് മെഡിക്കല്‍ കോളജെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി. പി. കരുണാകരന് എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍, കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.പി ദിനേശ് കുമാര്‍, കെ.എന്‍ കൃഷ്ണ ഭട്ട്, വൈ. ശാരദ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."