മഹാരാഷ്ട്രയില്‍ എന്തും സംഭവിക്കാം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പിക്ക് ഗവര്‍ണറുടെ ക്ഷണം; ശിവസേനയുടെ ഹിന്ദുത്വ പശ്ചാത്തലത്തോട് കോണ്‍ഗ്രസിന് അയിത്തം
മുംബൈ: തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് കേവലഭൂരിപക്ഷം ലഭിച്ച മഹാരാഷ്ട്രയില്‍ അധികാരത്തര്‍ക്കം 18മത്തെ ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് എന്തും സംഭവിക്കാവുന്ന രാഷ്ട്രീയ സാഹചര്യം. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഹാജരാക്കാന്‍ ശിവസേനയ്ക്കു കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി മൂന്നാമത്തെ വലിയ കക്ഷിയായ എന്‍.സി.പിയെ ക്ഷണിച്ചു. ഇന്ന് രാത്രി ഏഴരയ്ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച തീരുമാനം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചതുപ്രകാരം ശിവസേന നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. ഈ സമയത്താണ് എന്‍.സി.പിയെ ഇക്കാര്യം ഗവര്‍ണര്‍ അറിയിച്ചത്.
ഗവര്‍ണറെ കണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനം ഉണ്ടാവുമെന്നും എന്‍.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു. 24 മണിക്കൂര്‍ സമയമാണ് ഗവര്‍ണര്‍ എന്‍.സി.പിക്ക് നല്‍കിയത്. അത് ചൊവ്വാഴ്ച രാത്രി 8.30ന് അവസാനിക്കും. നാളെ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുമെന്നും എങ്ങിനെ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് അന്തിമതീരുമാനം കൈക്കൊള്ളുമെന്നും എന്‍.സി.പി നേതാവ് അജിത് പവാര്‍ അറിയിച്ചു. ബി.ജെ.പി- ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പായ ഘട്ടത്തില്‍ നേരത്തെ പവാറിനെ എന്‍.സി.പി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരുന്നു. ഉദ്ദവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും ഇന്നലെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍.ഡി.എ ബന്ധം ഉപേക്ഷിച്ചതോടെയാണ് ശിവസേനയെ പിന്തുണയ്ക്കാന്‍ എന്‍.സി.പി തയ്യാറായത്.
ബാല്‍താക്കറെയുടെ കൊച്ചുമകന്‍ ആദിത്യ താക്കറെയുടെ നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ട ശിവസേന നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരണത്തിന്് രണ്ടുദിവസത്തെ സാവകാശം ചോദിച്ചെങ്കിലും അതുതള്ളുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ഇന്നു വൈകിട്ട് 7.30ന് മുമ്പ് തീരുമാനം അറിയിക്കണമെന്നായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. പിന്തുണ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം ആകാത്തതിനാലാണ് കൂടുതല്‍ സമയം ചോദിക്കാന്‍ ശിവസേന തീരുമാനിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ശിവസേനയും പരാജയപ്പെട്ടതോടെയാണ് എന്‍.സി.പിയെ വിളിച്ചത്.
ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ കേരളാഘടകം സ്വീകരിച്ച കടുംപിടുത്തമാണ് സംസ്ഥാനത്ത് നിര്‍ണായകമായത്. ശിവസേനയെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് ഡല്‍ഹിയില്‍ അധ്യക്ഷ സോണിയഗാന്ധിയുടെ വസതിയിലും മുംബൈയിലും ഇന്നലെയും തിരക്കിട്ട ചര്‍ച്ചകളാണ് നടന്നത്. ഒടുവില്‍ ബി.ജെ.പിയെ പുറത്താക്കാന്‍ പുറത്തുനിന്ന് ശിവസേനയെ പിന്തുണയ്ക്കാമെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തി. ശിവസേനയ്ക്ക് പിന്തുണ അറിയിച്ച് ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസ് ഫാക്‌സ് സന്ദേശം അയച്ചുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നെങ്കിലും വൈകീട്ടോടെ പാര്‍ട്ടി ഇക്കാര്യം നിഷേധിക്കുകയായിരുന്നു. തീവ്ര ഹിന്ദുത്വം, പ്രാദേശിക വാദം, ന്യൂനപക്ഷ വിരുദ്ധത തുടങ്ങിയ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് സേനയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നത്.
സോണിയ ഗാന്ധിയും ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയും തമ്മില്‍ ഇന്ന് വൈകീട്ട് ഫോണില്‍ സംസാരിച്ചു. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിലെ അവ്യക്തത നീങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ടായെങ്കിലും പിന്തുണസംബന്ധിച്ച് രേഖാമൂലം കോണ്‍ഗ്രസില്‍ നിന്ന് ശിവസേനക്ക് ഉറപ്പ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് ഗവര്‍ണറെ കണ്ട സേനാ നേതാക്കള്‍ സമയംകൂട്ടി ചോദിച്ചത്.
കോണ്‍ഗ്രസിന്റെ 44 എം.എല്‍.എമാരും ശിവസേനയെ പിന്തുണച്ച് സമ്മതപത്രം ഹൈക്കമാന്‍ഡിന് അയച്ചിട്ടുണ്ട്. ഇതില്‍ 37പേര്‍ ആവശ്യപ്പെട്ടത് സര്‍ക്കാരിന്റെ ഭാഗമാകണമെന്നാണ്. സ്പീക്കര്‍ പദവി ആവശ്യപ്പെടണമെന്നൊരു നിര്‍ദേശവും ഇവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ചൊവ്വാഴ്ച സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ എന്‍.സി.പിയും പരാജയപ്പെട്ടാല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന്‍ കീഴിലേക്കു പോവാനിയുണ്ട്.
സംസ്ഥാനത്തെ കക്ഷിനില
ആകെ അംഗങ്ങള്‍: 288
സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടത്: 145
ബി.ജെ.പി- 105
ശിവസേന 56
എന്‍.സി.പി: 54
കോണ്‍ഗ്രസ്: 44
ബി.വി.എ: 3
മജ്‌ലിസ്: 2
പി.ജെ.പി: 2
എസ്.പി: 2
സി.പി.എം: 1
സ്വത: 13
മറ്റു: 7
Maharashtra govt formation LIVE: Guv Koshyari calls NCP leaders for meet
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."